നീന്തല്‍ക്കുളത്തില്‍ ചരിത്രമെഴുതി അഡലൈഡിലെ കൊച്ചുമിടുക്കി

0
263

അഡലൈഡ് : നീന്തല്‍ക്കുളത്തില്‍ ഓസ്‌ട്രേലിയയുടെ അഭിമാനമുയര്‍ത്തി ഒരു കൊച്ചുമിടുക്കി. ഉയരമോ മറ്റ് ശാരീരിക ന്യൂനതകളോ ലോകനേട്ടങ്ങള്‍ക്ക് തടസമല്ലെന്നു തെളിയിക്കുകയാണ് ഈ കൊച്ചുമിടുക്കി. പോര്‍ട്ട് ലിങ്കണില്‍നിന്നുള്ള ജേഡ് കാല്‍വെര്‍ളി എന്ന കൗമാരക്കാരിയാണ് ലോകനീന്തല്‍ മത്സരങ്ങളില്‍ മത്സരിച്ച ആറിനങ്ങളിലും സുവര്‍ണ നേട്ടത്തിനുടമയായത്. പൊക്കം കുറഞ്ഞവര്‍ക്കായി കാനഡയില്‍ ഈ മാസം നടത്തിയ ഏഴാമത് ആഗോള ഡ്വാര്‍ഫ് ഗെയിംസിലാണ് ഈ കൊച്ചുസുന്ദരി റെക്കോര്‍ഡ് നേട്ടത്തിനുടമയായത്. നാലു വ്യക്തിഗത മത്സരങ്ങളിലും രണ്ട് ഗ്രൂപ്പ് മത്സരങ്ങളിലുംനിന്നുമായി ആറ് സ്വര്‍ണമാണ് ഈ 18 കാരി നീന്തിയെടുത്തത്. സോക്കര്‍ ടീമില്‍ അംഗമായിരുന്നതിനാല്‍, ടീമിനു ലഭിച്ച വെള്ളിമെഡല്‍ ഒരു ബോണസായി. സോക്കര്‍ മത്സരത്തില്‍ ഇംഗ്ലണ്ടുമായി നടന്ന ഫൈനല്‍ മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ ടീം റണ്ണര്‍ അപ്പായി. 1-0 ന് ഇംഗ്ലണ്ടിനോടു തോറ്റ ഓസ്‌ട്രേലിയന്‍ ടീമിന് വെള്ളികൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു.

പോര്‍ട്ട് ലിങ്കണ്‍ പൂളിലെ ഈ സ്വര്‍ണ കുമാരി ചികിത്സയുടെ ഭാഗമായി നാലാം വയസിലാണ് നീന്തല്‍ക്കുളത്തിലെത്തിയത്. നീന്തല്‍ ഇഷ്ടപ്പെട്ട ജേഡ് മത്സരത്തോടുള്ള അഭിനിവേശത്തോടൊപ്പം പരിശീലനത്തിനുമായി വെസ്റ്റ് കോസ്റ്റ് സ്വിമ്മിംഗ് ക്ലബില്‍ അംഗമായി. തന്റെ രണ്ടാമത്തെ അമ്മയെന്നു വിശേഷിപ്പിക്കുന്ന കോച്ച് കരോള്‍ വെല്‍ദുയ്‌സെനിന്റെ ശിക്ഷണത്തിലായിരുന്നു ജേഡിന്റെ പരിശീലനം. കോച്ചായിരുന്ന കരോള്‍ ഇമ്മാനുവല്‍ കോളജിന്റെ കീഴിലേക്കു മാറിയെങ്കിലും പതിവായി അഡ്‌ലെയ്ഡിലെത്തി അവരുടെ നിര്‍ദേശങ്ങളും പരിശീലനവും ജേഡ് സ്വന്തമാക്കിയിരുന്നു. ഒന്റാറിയോയില്‍ നടന്ന ഗെയിംസില്‍ പങ്കെടുത്ത ഓസ്‌ട്രേലിയന്‍ ടീമിലുള്ള ഏക സൗത്ത് ഓസ്‌ട്രേലിയനായിരുന്നു 123 സെന്റീമീറ്റര്‍ മാത്രം ഉയരമുള്ള വിദ്യാര്‍ഥിയും ചൈല്‍ഡ് കെയര്‍ വര്‍ക്കറുമായ ജേഡ്.

50 മീറ്റര്‍ ഫ്രീ സ്‌റ്റൈല്‍, 50 മീറ്റര്‍ ബ്രെസ്റ്റ് സ്‌ട്രോക്, നൂറു മീറ്റര്‍ ബ്രെസ്റ്റ് സ്‌ട്രോക്, 200 മീറ്റര്‍ മെഡ്‌ലെ, 4×25 മീറ്റര്‍ റിലേ, 4 x 50 മീറ്റര്‍ റിലേ ഫ്രീ സ്‌റ്റൈല്‍ എന്നീ മത്സരങ്ങളിലാണ് ഈ കൊച്ചുമിടുക്കി തന്റെ കഴിവു തെളിയിച്ചിരിക്കുന്നത്. ഡിസെബിലിറ്റി ആന്‍ഡ് ഡെവലപ്‌മെന്റല്‍ എഡ്യൂക്കേഷന്‍ എന്ന വിഷയത്തില്‍ ബിരുദ വിദ്യാര്‍ഥിയാണ് ജേഡ്. ഭിന്നശേഷിക്കാരായ കുട്ടികളെ സ്‌പോര്‍ട്‌സിലേക്കു നയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജേഡ് ഈ ബിരുദമെടുക്കുന്നത്. 2020 ല്‍ ടോക്കിയോ പാരലിംപിക്‌സിലും 2021 ല്‍ വേള്‍ഡ് ഡ്വാര്‍ഫ് ഗെയിംസിലും പങ്കെടുക്കാനുള്ള തീവ്ര പരിശീലനത്തിലാണ് ഈ വലിയ ‘കൊച്ചു’ മിടുക്കി.

NO COMMENTS

LEAVE A REPLY