ക്വീന്‍സ് ലാന്‍ഡില്‍ ട്രെയിൻ ഓടിക്കാൻ ഇനിമുതൽ സ്ത്രീകളും.

0
515

ബ്രിസ്‌ബേൻ : കൂകിപ്പായുന്ന ട്രെയിനുകളെ നിയന്ത്രിക്കാന്‍ ഇനി വളയിട്ട കൈകളും. പുരുഷന്‍മാരുടെ കുത്തകയായിരുന്ന ട്രെയിനിന്റെ ഡ്രൈവര്‍ ജോലി ഇനി സ്ത്രീകള്‍ക്കുമായും മാറ്റിവയ്ക്കുകയാണ്. നിലവിലുള്ള സ്ത്രീ ഡ്രൈവര്‍മാരുടെ എണ്ണത്തിന്റെ നാലിരട്ടിയായിരിക്കും ഇനി ക്വീന്‍സ് ലാന്‍ഡില്‍. പരമ്പരാഗത തടസങ്ങളെയെല്ലാം മറികടന്നാണ് സ്ത്രീകള്‍ക്ക് ഡ്രൈവറുടെ സീറ്റ് നല്‍കുന്നത്.

ക്വീന്‍സ് ലാന്‍ഡ് റെയില്‍ 120 ഡ്രൈവര്‍മാരെയാണ് പുതുതായി നിയമിക്കുന്നത്. ഡ്രൈവര്‍മാരുടെ കുറവുമൂലം കഴിഞ്ഞ ഡിസംബറില്‍ നിരവധി ട്രെയിന്‍ സര്‍വീസുകള്‍ നിറുത്തലാക്കുകയും താമസിച്ച് സര്‍വീസ് നടത്തുകയും ചെയ്തിരുന്നു. ഇത് വലിയ വിവാദമായി. പുതുതായി നിയമിക്കപ്പെട്ടവരില്‍ ഒരാളാണ് അലീഷ്യ കോണ്‍സ്റ്റബിള്‍. നാലുവര്‍ഷത്തെ മറ്റേണിറ്റി ലീവിനുശേഷമാണ് കോണ്‍സ്റ്റബിള്‍ പുതിയ ജോലിയിലേക്ക് തിരിച്ചുവന്നിരിക്കുന്നത്. പുരുഷന്‍മാരുടെ ആധിപത്യത്തിലുള്ള ഈ ജോലി കടുപ്പമാണെന്ന് എല്ലാവരും പേടിപ്പിച്ചിരുന്നു. എന്നാല്‍ ലിംഗവ്യത്യാസം ഈ ജോലിക്ക് പ്രശ്‌നമല്ലെന്നാണ് കോണ്‍സ്റ്റബളിന്റെ അഭിപ്രായം. ക്വീന്‍സ്്‌ലാന്‍ഡിലെ റെയില്‍ ജീവന നിയമങ്ങള്‍ കര്‍ശനമാണ്. എന്നാല്‍ പരിശീലന ക്ലാസുകളില്‍ യാതൊരു ലിംഗവ്യത്യാസവുമില്ലെന്ന് കോണ്‍സ്റ്റബിള്‍ പറഞ്ഞു.

ക്വീന്‍സ് ലാന്‍ഡിലെ റെയില്‍വേയില്‍ ഡ്രൈവര്‍മാരില്‍ നാലു ശതമാനം മാത്രമാണ് സ്ത്രീകള്‍. പുതിയ ബാച്ച് പരിശീലനം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ഇത് ആറു ശതമാനമായി വര്‍ധിക്കും. സ്ത്രീ ഡ്രൈവര്‍മാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ ജോലിസമയം നിശ്ചയിച്ചു നല്‍കുമെന്നും സ്ത്രീകള്‍ക്കായി പ്രത്യേക ക്വോട്ട ഡ്രൈവര്‍ നിയമനത്തില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും റെയില്‍ ഹ്യൂമന്‍ റിസോഴ്‌സസ് എക്‌സിക്യൂട്ടീവ് മാനേജര്‍ നിക്കോള്‍ ഡ്യൂസ് പറഞ്ഞു. എന്നാല്‍ ഇത് സംസ്‌കാരത്തില്‍ മാറ്റം വരുത്തുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ക്വീന്‍സ് ലാന്‍ഡ് റെയില്‍ ജീവനക്കാരില്‍ അഞ്ചിലൊരാള്‍ സ്ത്രീയാണ്. ഇത് ഈ വ്യവസായത്തിലെ ശരാശരിയേക്കാള്‍ മികച്ച നിരക്കാണ്. പുതുതായി പരിശീലനം പൂര്‍ത്തിയാക്കുന്ന 62 ട്രെയിനി ഡ്രൈവര്‍മാരില്‍ 12 പേര്‍ വനിതകളാണ്.

NO COMMENTS

LEAVE A REPLY