യുദ്ധത്തിൽ ജീവൻവെടിഞ്ഞവർക്ക് ഓർമ്മച്ചെപ്പ് തുറന്ന് രാജ്യം.

0
477

ക്യാൻബറ : ഓസ്‌ട്രേലിയന്‍ തലസ്ഥാനമായ കാന്‍ബറയും മറ്റ് ഓസ്‌ട്രേലിയന്‍ നഗരങ്ങളും യുദ്ധത്തിൽ ജാവൻവെടിഞ്ഞവർക്കായി അനുസ്മരണങ്ങൾ സംഘടിപ്പിച്ചു. യുദ്ധങ്ങളുടെ യുദ്ധമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒന്നാം ലോകമഹായുദ്ധത്തിന്റെ 99 ാം വാര്‍ഷികമായിരുന്നു ശനിയാഴ്ച. അടുത്ത വര്‍ഷം ഒന്നാം ലോകമഹായുദ്ധം അവസാനിച്ചിട്ട് ഒരു നൂറ്റാണ്ട് തികയും. ലോകമഹായുദ്ധത്തില്‍ ജീവന്‍ സമര്‍പ്പിച്ചവരെ അനുസ്മരിക്കുന്ന ചടങ്ങുകള്‍ ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളില്‍ നടന്നു.

പാശ്ചാത്യരാജ്യങ്ങളുടെ സൈന്യത്തിന്റെ മുന്‍നിരയില്‍ ജീവന്‍ സമര്‍പ്പിച്ച പൂര്‍വികരായ അന്‍സാകുകളെ ഒരിക്കലും വിസ്മരിക്കരുതെന്ന് കാന്‍ബറയില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ ധനമന്ത്രി മത്തിയാസ് കോര്‍മാന്‍ പറഞ്ഞു. ഓസ്‌ട്രേലിയയുടെ രക്തരൂക്ഷിത വര്‍ഷത്തിന്റെ നൂറാം വാര്‍ഷികമാണ് 2017 എന്ന് മന്ത്രി പറഞ്ഞു. ബെല്‍ജിയത്തില്‍ ഏകദേശം 13,000 ഓളം ഓസ്‌ട്രേലിയക്കാരാണ് അന്തിമവിലയായി ജീവന്‍ നല്‍കിയത്്. അവരുടെ പിന്‍ഗാമികളായ ഇപ്പോഴത്തെ തലമുറ അവരുടെ യാഗത്തെ മറക്കാന്‍ പാടില്ല. നമ്മുടെ മാതൃരാജ്യത്തിനുവേണ്ടി അവര്‍ യുദ്ധമുഖത്തേക്ക് മാര്‍ച്ച് ചെയ്‌തെന്ന് കോര്‍മാന്‍ അനുസ്മരിച്ചു.

മെല്‍ബണിലെ ഷ്‌റൈന്‍ ഓഫ് റിമെംബറന്‍സില്‍ നടന്ന ചടങ്ങില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്. സ്മാരകത്തിനു മുന്നിലെ പുല്‍ത്തകിടിയില്‍ കമ്പിളികൊണ്ടുള്ള രണ്ടുലക്ഷത്തോളം രക്തപുഷ്പങ്ങളാണ് ജനങ്ങള്‍ അര്‍പ്പിച്ചത്. സിഡ്‌നിയിലെ ബോണ്ടി ബീച്ചില്‍ നൂറുകണക്കിനാളുകള്‍ അനുസ്മരണ ദിന ഗാനങ്ങള്‍ ആലപിച്ചു. ഒന്നാം ലോകമഹായുദ്ധത്തില്‍ ജീവന്‍ അര്‍പ്പിച്ച അന്‍സാകുകളെ നന്ദിയോടെ അനുസ്മരിക്കേണ്ടത് പുതുതലമുറയെ സംബന്ധിച്ചിടത്തോളം വളരെ സുപ്രധാനമാണെന്ന് ന്യൂ സൗത്ത് വെയില്‍സ് ഗവര്‍ണര്‍ ഡേവിഡ് ഹര്‍ളി പറഞ്ഞു.

പെര്‍ത്തിലെ കെടാവിളക്ക് സ്മാരകത്തില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ നിരവധിപേര്‍ സംബന്ധിച്ചു. രാജ്യത്തിനുവേണ്ടി സേവനം ചെയ്തശേഷം തിരിച്ചെത്തുന്നവര്‍ പലപ്പോഴും അംഗീകരിക്കപ്പെടുന്നില്ലെന്ന് വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയന്‍ ഗവര്‍ണര്‍ കെറി സാന്‍ഡേഴ്‌സണ്‍ പറഞ്ഞു. അഡ്‌ലെയ്ഡിലെ പഴയ സെമിത്തേരിയില്‍ ഉള്‍പ്പെടെ സൗത്ത് ഓസ്‌ട്രേലിയയിലെ നിരവധി സ്ഥലങ്ങളില്‍ അനുസ്മരണ ചടങ്ങുകള്‍ നടന്നു.

1914 ജൂലൈ 28 ന് ആരംഭിച്ച ഒന്നാം ലോകമഹായുദ്ധം നാലുവര്‍ഷവും മൂന്നുമാസവും രണ്ടാഴ്ചയും പിന്നിട്ട് 1918 നവംബര്‍ 11 നാണ് അവസാനിച്ചത്. 60 ദശലക്ഷം യുറോപ്യന്‍ സൈനികരുള്‍പ്പെടെ 70 ദശലക്ഷം സൈനികരാണ് യുദ്ധത്തില്‍ സംബന്ധിച്ചത്. ലോകമഹാ ദുരന്തമെന്നു വിശേഷിപ്പിക്കുന്ന ഈ യുദ്ധത്തില്‍ ഒന്‍പതു ദശലക്ഷം സൈനികരും ആറു ദശലക്ഷം ജനങ്ങളും കൊല്ലപ്പെട്ടു.

NO COMMENTS

LEAVE A REPLY