നിലപാട് മാറ്റിയില്ലെങ്കിൽ ഓസ്‌ട്രേലിയക്കെതിരെയും ആണവായുധം പ്രയോഗിക്കുമെന്ന് ഉത്തരകൊറിയ.

0
4394

മെൽബൺ : അമേരിക്കയുടെ പാത പിന്തുടരുന്നത് നല്ലതിനല്ലെന്ന് ഓസ്‌ട്രേലിയയ്ക്ക് ഉത്തരകൊറിയയുടെ താക്കീത്. അമേരിക്കയുടെ പാത ഓസ്‌ട്രേലിയ അന്ധമായി പിന്തുടര്‍ന്നാല്‍ ആണവായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുമെന്ന് ഉത്തര കൊറിയ മുന്നറിയിപ്പു നല്‍കി. ഇതു സംബന്ധിച്ച വിവരങ്ങള്‍ ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രി ജൂലി ബിഷപ്പാണ് വ്യക്തമാക്കിയത്. വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം അവര്‍ വെളിപ്പെടുത്തിയത്. ഉത്തര കൊറിയയുടെ ആണവായുധ പദ്ധതികള്‍ ഓസ്‌ട്രേലിയയ്ക്ക് ഗൗരവമായ ഭീഷണിയാണെന്ന് ബിഷപ് അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ അന്താരാഷ്ട്ര സമൂഹം ഇടപെട്ട് പദ്ധതി നിറുത്തിവയ്ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

എല്ലാവരാലും ഒറ്റപ്പെട്ട ഒരു ഭരണത്തിനെതിരേ ഓസ്‌ട്രേലിയ അസംബന്ധം പുലമ്പുകയാണെന്ന് നോര്‍ത്ത് കൊറിയന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് വിമര്‍ശിച്ചു. നിലവിലുള്ള ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ അമേരിക്കയുടെ പാത അന്ധമായി പിന്തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയെപ്പോലെ ഓസ്‌ട്രേലിയയും ഉത്തര കൊറിയയെ ഒറ്റപ്പെടുത്താനും അടിച്ചമര്‍ത്താനുമുള്ള ശ്രമം തുടരുകയാണെങ്കില്‍, ഉത്തര കൊറിയയുടെ ആണവ സേനയുടെ ആക്രമണത്തിന്റെ പരിധിയിലാവുന്ന ആത്മഹത്യപരമായ നീക്കമായിരിക്കുമെന്ന് വക്താവ് മുന്നറിയിപ്പു നല്‍കി. അമേരിക്കയെ പുകഴ്ത്തുന്നതിനുമുമ്പ് മന്ത്രി ബിഷപ് വീണ്ടുവിചാരമില്ലാതെ നടത്തുന്ന പരാമര്‍ശങ്ങളുടെ പരിണിതഫലം അനുഭവിക്കേണ്ടിവരുമെന്നും അതിനാല്‍ വിവാദമാകുന്ന പരാമര്‍ശങ്ങള്‍ നടത്തുന്നതിനുമുമ്പ് രണ്ടുവട്ടം ആലോചിക്കുന്നത് നന്നായിരിക്കുമെന്നും ബിഷപിന്റെ അഭിമുഖത്തിനു മറുപടിയായി മന്ത്രാലയ വക്താവ് പറഞ്ഞു. അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ ക്ഷമിക്കാവുന്നതല്ല. ഒരു രാജ്യത്തിന്റെ വിദേശകാര്യ മന്ത്രിയെന്ന നിലയില്‍ കുറച്ചുകൂടി സാമാന്യബോധത്തോടെ അവര്‍ സംസാരിക്കേണ്ടിയിരുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.

NO COMMENTS

LEAVE A REPLY