ഭക്ഷ്യവിഷബാധയേറ്റ മലയാളികുടുംബം അത്യാസന്നനിലയിൽ. പ്രാർഥനയോടെ മലയാളിസമൂഹം.

0
2602

ഓക് ലാന്റ് : നവംബർ 9 ന് കാട്ടുപന്നിയുടെ ഇറച്ചികഴിച്ച് ഭക്ഷ്യവിഷബാധയേറ്റ ന്യൂസീലാന്റിലെ ഹാമിൽട്ടണിൽ താമസിക്കുന്ന ഷിബു കൊച്ചുമ്മൻ (35), ഭാര്യ സുബി ബാബു (32), മക്കളെ സന്ദർശിക്കുവാൻ എത്തിയ ഷിബുവിന്റെ മാതാവ് ഏലിക്കുട്ടി ഡാനിയേൽ (65) എന്നിവരുടെ ആരോഗ്യനില അതീവഗുരുതരമായ തുടരുന്നു. കൊല്ലം കൊട്ടാരക്കര നീലേശ്വരം സ്വദേശിയാണ് ഷിബു. ഹാമിൽട്ടൻ വൈക്കാട്ടോ ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്ന ഇവരുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി കാണാത്തതിൽ മലയാളി സമൂഹം ആശങ്കയിലാണ്. അപ്രതീക്ഷിതമായി സംഭവിച്ച ഈ ദുരന്തത്തിന്റെ ഭീതിയിൽ നിന്നും മുക്തരാകാത്ത മലയാളി സമൂഹം ഷിബുവിന്റെയും, കുടുംബത്തിന്റെയും ചികിത്സാചിലവുകൾക്കുള്ള പണം സമാഹരിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തിവരികയാണ്. ഇവരുടെ ഏഴും, ഒന്നും വയസ്സുള്ള കുട്ടികൾ ഇറച്ചി കഴിക്കാതിരുന്നതിനാൽ അപകടത്തിൽനിന്നും രക്ഷപെട്ടു. ഇവരുടെ സംരക്ഷണം ഇപ്പോൾ ഹാമിൽട്ടണിലെ മാർത്തോമാ സഭയാണ് ഏറ്റെടുത്തിരിക്കുന്നത്. കുട്ടികളെക്കാണാൻ വിസിറ്റിങ് വിസയിൽ എത്തിയ മാതാവിന്റെ ചികിത്സാചിലവിന് പണം കണ്ടെത്തേണ്ടതുള്ളതുകൊണ്ട് ഇടവകയുടെ ആഭിമുഖ്യത്തിൽ ഉദാരമതികളായവരുടെ കയ്യിൽ നിന്നും പണം സമാഹരിക്കുന്നതിനു ഓൺലൈൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. താഴെയുള്ള ചിത്രത്തിൽ ക്ലിക്ക് ചെയ്‌താൽ ഓൺലൈനിൽ സഹായം നൽകുവാൻ കഴിയും.

ഷിബു വേട്ടയാടിക്കൊണ്ടുവന്ന കാട്ടുപന്നിയുടെ മാംസം കഴിച്ച ശേഷം അബോധാവസ്ഥയിലായ മൂവരെയും വൈക്കാട്ടോ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവർ കഴിച്ച കാട്ടുപന്നിയിറച്ചിയിലെ വിഷാംശമാകാം രോഗാവസ്ഥയ്ക്കു കാരണമെന്നാണ് ആശുപത്രി അധികൃതരുടെയും പൊലീസിന്റെയും പ്രാഥമിക നിഗമനം. എന്നാൽ ഇതുസംബന്ധിച്ച രാസപരിശോധനാ ഫലങ്ങൾ ഇനിയും പുറത്തുവരേണ്ടതുണ്ട്. ക്ലോസ്ട്രിഡിയം ബോട്ടുലിനിയം എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ബോട്ടുലിസം എന്ന മാരകമായ രോഗാവസ്ഥയായിരിക്കും ഇവരെ ബാധിച്ചിട്ടുള്ളത് എന്നാണ് ആശുപത്രി അധികൃതർ കരുതുന്നത്. ബോട്ടുലിസത്തിനെതിരായ ആൻറി-ടോക്സിനുകളോട് ഇവരുടെ ശരീരം പ്രതികരിക്കുന്നതുകൊണ്ടാണ് ഡോക്ടർമാർ അങ്ങനെ കരുതുന്നത്. ബോട്ടുലിസം ബാധയുടെ ലക്ഷണങ്ങൾ സാധാരണ 12 മണിക്കൂറിനുശേഷമാണ് ഉണ്ടാവുക. ഗുരുതരമായ ബോട്ടുലിസമായതിനാലാകാം അരമണിക്കൂറിനകം ഷിബുവും കുടുംബാംഗങ്ങളും അബോധാവസ്ഥയിലായതെന്ന് ന്യൂസീലൻഡിലെ നാഷണൽ പോയിസൺസ് സെന്റർ ഡയറക്ടർ ഡോ. ആഡം പോമെർലൂ പറഞ്ഞു. വടക്കൻ ന്യൂസീലൻഡിലെ പുടാരുരുവിലാണ് താമസം. സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ് ഷിബു. സുബി നഴ്സാണ്. ഭക്ഷണം കഴിച്ച് അരമണിക്കൂറിനകം തന്നെ മൂവർക്കും ഛർദ്ദിൽ തുടങ്ങിയിരുന്നതായും വ്യക്തമായിട്ടുണ്ട്. അമ്മയ്ക്ക് ബോധക്ഷയം ഉണ്ടായതോടെയാണ് ഷിബു ആംബുലൻസിന് ഫോൺചെയ്തത്. എന്നാൽ കോൾ മുഴുവനാകും മുമ്പുതന്നെ ഷിബുവും കുഴഞ്ഞുവീണു. ആരോഗ്യ പ്രവർത്തകർ എത്തുമ്പോഴേക്കും മൂന്നുപേരും ബോധമില്ലാതെ കിടക്കുന്ന നിലയിലാണ് കണ്ടത്. കുഞ്ഞുങ്ങൾ ബെഡ്ഡിൽ ഉറങ്ങുകയായിരുന്നു. കുഞ്ഞുങ്ങളെയും ആശുപത്രിയിൽ എത്തിച്ച് പരിശോധിച്ചെങ്കിലും അവർ ഭക്ഷണം കഴിച്ചില്ലെന്നാണ് വ്യക്തമായത്.

എന്നാൽ ബോട്ടുലിസം തന്നെയാണോ പ്രശ്നകാരണമെന്നും, അത് എങ്ങനെ പിടിപെട്ടിരിക്കാമെന്നും ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. ഇവർ കഴിച്ച ഇറച്ചിയുടെ സാംപിൾ പരിശോധനക്കായി ക്വീൻസ്ലാൻഡിലേഡിലേക്കും വെല്ലിംഗ്ടണിലെ നാഷണൽ എൻവിറോണ്മെന്റല് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ലേക്കും അയച്ചിട്ടുണ്ടെങ്കിലും രണ്ടാഴ്ച യെങ്കിലും കാത്തിരുന്നാൽ മാത്രമേ ഫലം ലഭിക്കുകയുള്ളുവെന്ന് അധികൃതർ പറഞ്ഞു. അഞ്ചു വര്ഷം മുൻപാണ് കൊട്ടാരക്കര സ്വദേശികളായ ഷിബുവും കുടുംബവും ന്യൂസിലൻഡിലേക്ക് കുടിയേറിയത്. ഇവരെ സന്ദർശിക്കാൻ എത്തിയതാണ് ഷിബുവിന്റെ അമ്മ. ഇവരുടെ ബന്ധുക്കൾ ഉടൻ നാട്ടിൽനിന്നും എത്തും.ന്യൂസീലാന്റിന്റെ ചരിത്രത്തിൽത്തന്നെ അത്യപൂർവമായി സംഭവിക്കാറുള്ള ഇത്തരം സംഭവം ഇതിനുമുന്പുണ്ടായിട്ടുള്ളത് 1980 ലാണ്.

NO COMMENTS

LEAVE A REPLY