തൊഴിലില്ലായ്മാ വേതനം അപര്യാപ്തമെന്ന് സർവേ.

0
579

സിഡ്‌നി : രാജ്യത്തെ തൊഴിലില്ലായ്മാ വേതനം കൈപ്പറ്റുന്നവര്‍ ദുരിതത്തിലാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. തൊഴിലില്ലാത്തവര്‍ക്ക് ലഭിക്കുന്ന സാമ്പത്തിക ആനുകൂല്യങ്ങള്‍, അടിസ്ഥാന ആവശ്യങ്ങള്‍ക്കുപോലും തികയുന്നില്ലെന്നാണ് സര്‍വേ കണ്ടെത്തിയിരിക്കുന്നത്. ന്യൂ സൗത്ത് വെയില്‍സിലെ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് തൊഴിലില്ലാത്തവരുടെ പ്രതിവാര ബജറ്റ് തയാറാക്കിയത്. ഇവരുടെ സാമൂഹികവും അടിസ്ഥാനപരവുമായ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ലഭിക്കുന്ന ഫണ്ടിന് സാധിക്കുന്നില്ല.

ജീവിത നിലവാര ചെലവുകളുടെ അടിസ്ഥാനത്തില്‍ തൊഴിലില്ലായ്മാ ആനുകൂല്യങ്ങളും നിജപ്പെടുത്തണമെന്ന് ഗവേഷക സംഘം നിര്‍ദേശിക്കുന്നു. കുറഞ്ഞ കൂലി സംവിധാനം പോലെ ഈ രംഗത്തും മാറ്റമുണ്ടാകണം. കഴിഞ്ഞ രണ്ടുവര്‍ഷമായി തൊഴിലില്ലായ്മ വേതനത്തില്‍ മാറ്റമുണ്ടായിട്ടില്ല. വൈദ്യുതി ബില്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്കായി ലഭിക്കുന്ന ഫണ്ട് വിനിയോഗിക്കുമ്പോള്‍ ഭക്ഷണത്തിനായി ചെറിയ തുക മാത്രമാണ് മാറ്റിവയ്ക്കാന്‍ സാധിക്കുക. ഇത് മിക്കവരുടെയും ജീവിതം ദുരിതപൂര്‍ണമാക്കുകയാണ്. മിക്കവരും ദിവസത്തിലെ പല നേരങ്ങളിലും പട്ടിണിയിലാണ്.

തൊഴിലില്ലാത്ത ഒരു വ്യക്തിക്ക് 96 ഡോളര്‍ വര്‍ധിപ്പിച്ച് ആഴ്ചയില്‍ 433 ഡോളര്‍ നല്‍കണമെന്നാണ് ഗവേഷകര്‍ ആവശ്യപ്പെടുന്നത്. കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന തൊഴിലില്ലായ്മാ ആനുകൂല്യം 107 ഡോളറും വര്‍ധിപ്പിക്കണം. ന്യൂ സൗത്ത് വെയില്‍സ് യൂണിവേഴ്‌സിറ്റിയിലെ പീറ്റര്‍ സൗണ്ടേഴ്‌സിന്റെ നേതൃത്വത്തിലാണ് ഗവേഷണം നടന്നത്. തൊഴിലില്ലായ്മാ ആനുകൂല്യങ്ങളില്‍ കാലാനുസൃതമായ മാറ്റം വരുത്തണമെന്നാണ് ഗവേഷക സംഘം നിര്‍ദേശിക്കുന്നത്. കുടുംബത്തിലെ എല്ലാവര്‍ക്കും ആരോഗ്യകരമായ ജീവിത നിലവാരമുണ്ടാകണം. ആരോഗ്യകരമായ ഭക്ഷണം, മറ്റു കാര്യങ്ങള്‍ എന്നിവയ്ക്ക് മികച്ച ചുറ്റുപാടുകളുണ്ടാവണം. ന്യൂ സ്റ്റാര്‍ട്ട്, യൂത്ത് അലവന്‍സ് 110 ഡോളര്‍ വര്‍ധിപ്പിക്കണമെന്ന ഗ്രീന്‍സിന്റെ ബില്ലിന് കഴിഞ്ഞയാഴ്ച ചേര്‍ന്ന സെനറ്റ് അംഗീകാരം നല്‍കിയില്ല. ഒരു വര്‍ഷം 2.6 ലക്ഷംകോടി ഡോളര്‍ അധിക ചെലവു വരുമെന്നതാണ് ഇതിനുള്ള കാരണമായി ഉയര്‍ത്തിക്കാട്ടുന്നത്.

NO COMMENTS

LEAVE A REPLY