ഡ്രഗ്സ് കടത്താൻ ഒത്താശചെയ്ത 2 ഉദ്യോഗസ്‌ഥർ അറസ്റ്റിലായി.

0
427

സിഡ്‌നി : മയക്കുമരുന്നും സിഗരറ്റും ഓസ്‌ട്രേലിയയിലേക്ക് കള്ളക്കടത്തുവഴി കടത്തുന്നതിന് ഒത്താശ ചെയ്‌തെന്ന കേസില്‍ രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റിലായി. അന്താരാഷ്ട്ര കള്ളക്കടത്തു സംഘം നടത്തിയ ഗൂഢാലോചനയില്‍ ഇവരും പങ്കാളികളായെന്നാണ് ആരോപണം. ഓസ്‌ട്രേലിയന്‍ അതിര്‍ത്തി സംരക്ഷണ സേനയിലെ ഒരു ഉദ്യോഗസ്ഥനും കസ്റ്റംസ് വകുപ്പിലെ മുന്‍ ഉദ്യോഗസ്ഥനുമാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. കപ്പല്‍മാര്‍ഗം 200 കിലോഗ്രാം ഉന്‍മാദ മരുന്ന് കടത്തുന്നതിന് നടത്തിയ ഗൂഢാലോചനയില്‍ ഇരുവരും പങ്കാളികളായിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. 50 ദശലക്ഷം സിഗരറ്റ് കടത്തുന്നതിനും ഇവര്‍ ഒത്താശ ചെയ്തുകൊടുത്തതായി ആരോപണമുണ്ട്. അതോടൊപ്പം ഇടപാടുകാര്‍ക്ക് പണം പലിശയ്ക്കു നല്‍കുന്ന പതിവും ഇവര്‍ക്കുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

ആരോപണ വിധേയരായ ജോമ കുടുംബം ഉള്‍പ്പെടെ സമൂഹത്തിലെ വന്‍തോക്കുകളെ ലക്ഷ്യമിട്ട് സിഡ്‌നിയിലെങ്ങും നടത്തിയ റെയ്ഡിലാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കുടുങ്ങിയത്. തങ്ങളുടെ അറിവും സ്വാധീനവും മയക്കുമരുന്നും സിഗരറ്റും കടത്തുന്നതിന് ജോമ കുടുംബത്തെ സഹായിച്ചതായി ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ നീല്‍ ഗൗഗാന്‍ പറഞ്ഞു. കസ്റ്റംസ് മുന്‍ ഓഫീസറായിരുന്ന ജോഹായ്‌ന മെര്‍ഹി(41)യെ ഹഴ്റ്റവില്ലെയിലെ വസതിയില്‍നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. കസ്റ്റംസിലും അതിര്‍ത്തി സംരക്ഷണ വകുപ്പിലും ജോലി ചെയ്തിരുന്ന സമയത്ത് കള്ളക്കടത്തിന് ഇവര്‍ ഒത്താശ ചെയ്തിരുന്നു. കുറ്റാരോപണത്തെത്തുടര്‍ന്ന് ന്യൂ സൗത്ത് വെയില്‍സ് പോലീസില്‍ സിവിലയന്‍ ജീവനക്കാരിയായിരുന്ന ഇവരെ പോലീസ് ജോലിയില്‍നിന്ന് നീക്കം ചെയ്തു. കസ്റ്റംസ് വകുപ്പില്‍ മെര്‍ഹിക്ക് പത്തു വര്‍ഷത്തെ സേവന പരിചയമുണ്ട്. സുതര്‍ലാന്‍ഡ് പ്രാദേശിക കോടതിയില്‍ ഹാജരാക്കിയ മെര്‍ഹിക്ക് കോടതി ജാമ്യം അനുവദിച്ചില്ല.

ഓസ്‌ട്രേലിയന്‍ അതിര്‍ത്തി സംരക്ഷണ സേനയിലെ ഉദ്യോഗസ്ഥനായ ക്രെയ്ഗ് റിച്ചാര്‍ഡ് ഈകിനാണ് അറസ്റ്റിലായ മറ്റൊരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. അനധികൃതമായി സിഗരറ്റ് കള്ളക്കടത്തിനു സഹായിച്ചു, ഇതിനായി കോഴ വാങ്ങി, സാമ്പത്തിക നേട്ടത്തിനായി സര്‍ക്കാര്‍ പദവി ദുരുപയോഗം ചെയ്തു, കുറ്റകൃത്യത്തിനായി സര്‍ക്കാര്‍ വിവരങ്ങള്‍ ചോര്‍ത്തിനല്‍കി തുടങ്ങിയവയാണ് ഈകിനെതിരേ ചുമത്തിയിരിക്കുന്ന കുറ്റാരോപണങ്ങള്‍. നിയമം നടപ്പാക്കാന്‍ ശ്രമിക്കുന്നതിനു പകരം നിയമലംഘനത്തിന് കൂട്ടുനില്‍ക്കുകയായിരുന്നു ഇയാള്‍. കോടതി ഇയാള്‍ക്കും ജാമ്യം നിഷേധിച്ചിരിക്കുകയാണ്. ഈകിന്റെ സ്വത്തുവകകള്‍ മരവിപ്പിക്കാനുള്ള ഉത്തരവ് ലഭിക്കാന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇയാളെയും സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് നീക്കം ചെയ്തിട്ടുണ്ട്.

NO COMMENTS

LEAVE A REPLY