ആകാശത്തിലൂടെ ടാക്‌സിയാത്രയുടെ വിസ്മയം തീർക്കാനൊരുങ്ങി യൂബർ

0
432

മെൽബൺ : റൈഡ് ഷെയറിംഗ് കമ്പനിയായ യൂബെര്‍ മിക്കയിടങ്ങളിലും പ്രതിഷേധങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും ഇടയാക്കുന്ന കമ്പനിയായ യൂബെറിന്റെ ടാക്‌സികള്‍ക്കെതിരേ നിലവിലുള്ള ടാക്‌സി ഡ്രൈവര്‍മാര്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുന്പോഴും ആകാശയാത്രയുടെ നൂതനമായ ആശയങ്ങള്‍ ആവിഷ്‌കരിക്കാനുള്ള പദ്ധതിയാണ് യൂബെര്‍ തയാറാക്കുന്നത്. ഇന്റര്‍നെറ്റിന്റെ സഹായത്തോടെ യൂബെര്‍ ടാക്‌സികളില്‍ തങ്ങളുടെ യാത്ര ബുക്ക് ചെയ്യാന്‍ ജനങ്ങള്‍ക്കു സാധിക്കുന്നു. ഇത് തങ്ങളുടെ വരുമാനത്തെ സാരമായി ബാധിക്കുമെന്നാണ് മറ്റ് ടാക്‌സി ഡ്രൈവര്‍മാരുടെ വാദം. എന്തായാലും മിക്ക രാജ്യങ്ങളിലും പട്ടണങ്ങളിലും യൂബെറിന്റെ സേവനം ലഭ്യമായിട്ടുണ്ട്.

പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ നൂതനമായ ആശയങ്ങള്‍ ആവിഷ്‌കരിക്കാനുള്ള പദ്ധതിയാണ് യൂബെര്‍ തയാറാക്കുന്നത്. നിരത്തിലോടുന്ന കാറുകള്‍ക്കു പകരം ആകാശത്തിലൂടെ പറക്കുന്ന കാറുകള്‍ പരീക്ഷിക്കാനുള്ള ശ്രമത്തിലാണ് യൂബെറിപ്പോള്‍. ഇതിനായി ഓസ്‌ട്രേലിയന്‍ സിറ്റികളെയാണ് യൂബെര്‍ ലക്ഷ്യമിടുന്നത്. ഇതിനായുള്ള പ്രാഥമിക നിരീക്ഷണം സിഡ്‌നിയിലും മെല്‍ബണിലും നടത്തിയതായി യൂബെറിന്റെ അധികൃതര്‍ വ്യക്തമാക്കി. സിഡ്‌നിയിലും മെല്‍ബണിലും വ്യോമകാറുകളുടെ സേവനം ലഭ്യമാക്കുകയാണ് യൂബെറിന്റെ ലക്ഷ്യം. ഈ പദ്ധതിക്ക് വന്‍ ജനപിന്തുണ ലഭിക്കുമെന്നത് തീര്‍ച്ചയാണ്.

യൂബെര്‍ ടാക്‌സിയുടെ അതേ കുറഞ്ഞ നിരക്കില്‍ ചെറുവിമാന സര്‍വീസ് നടത്താനാണ് യൂബെര്‍ ലക്ഷ്യമിടുന്നത്. പറക്കുന്ന പുതിയ വാഹനങ്ങളെ നിയന്ത്രിക്കാനും അവയ്ക്കും ആവശ്യമായ സ്ഥലം അനുവദിക്കാനും തയാറാണെന്ന് ഓസ്‌ട്രേലിയന്‍ സിവില്‍ ഏവിയേഷന്‍ വകുപ്പും വ്യോമ സുരക്ഷാ അതോറിട്ടിയും വ്യക്തമാക്കിയിട്ടുണ്ട്്. ഈ പദ്ധതി യാഥാര്‍ഥ്യമാകാന്‍ ഓസ്‌ട്രേലിയക്കാര്‍ 2023 വരെ കാത്തിരിക്കേണ്ടിവരും. യൂബെര്‍ രൂപകല്‍പന ചെയ്യുന്ന ആകാശക്കാറുകള്‍ വിമാനങ്ങളോ ഹെലികോപ്ടറുകളോ അല്ല. ഈ ആകാശ സര്‍വീസ് ദുബായിയിലും അമേരിക്കയിലും 2020 ല്‍ ആരംഭിക്കുമെന്ന് യൂബെര്‍ ചീഫ് പ്രോഡക്ട് ഓഫീസര്‍ ജെഫ് ഹോള്‍ഡന്‍ പറഞ്ഞു. 2023 ഓടെ ലോകത്തിലെ പ്രധാനപ്പെട്ട സിറ്റികളില്‍ ആകാശക്കാറുകളുടെ സേവനം ലഭ്യമാകുമെന്നും അതില്‍ സിഡ്‌നിയും മെല്‍ബണും ഉള്‍പ്പെടുന്നതായും ഹോള്‍ഡന്‍ പറഞ്ഞു. ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സിറ്റികള്‍ക്ക് ഏറെ ആശ്വാസകരമായിരിക്കും ഈ പദ്ധതി.

ആകാശക്കാറുകള്‍ രൂപകല്‍പന ചെയ്ത് നിര്‍മിച്ചുനല്‍കാന്‍ അഞ്ച് പ്രധാന വിമാനനിര്‍മാണ കമ്പനികളെയാണ് യൂബെര്‍ സമീപിച്ചിരിക്കുന്നത്. ഹെലികോപ്ടറിനു സമാനമായ രൂപകല്‍പനയാണ് യൂബെര്‍ ഉദ്ദേശിക്കുന്നത്. റണ്‍വേകള്‍ ആവശ്യമില്ലാത്തതിനാല്‍, വലിയ കെട്ടിടങ്ങളുടെ ടെറസില്‍ ആകാശക്കപ്പല്‍ ഇറക്കാനും സാധിക്കും. ആകാശക്കാറുകളുടെ വരവോടെ ഗതാഗതരംഗത്ത് വലിയൊരു വിപ്ലവത്തിനു നാന്ദി കുറിക്കും.

ഇതിനിടയിൽ ഇന്നലെ യൂബർടാക്‌സികൾക്കെതിരേ മെല്‍ബണ്‍ വിമാനത്താവളത്തിലേക്കുള്ള റോഡുകള്‍ ടാക്‌സി ഡ്രൈവര്‍മാര്‍ ഉപരോധിച്ചു. ഇന്നുമുതല്‍ യൂബെറിനും യാത്രക്കാരെ കയറ്റാന്‍ അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ചായിരുന്നു ടാക്‌സി ഡ്രൈവര്‍മാരുടെ ഉപരോധം. തങ്ങളുടെ വാഹനങ്ങള്‍ റോഡില്‍ നിരത്തിയാണ് ടാക്‌സി ഡ്രൈവര്‍മാര്‍ ഗതാഗതം സ്തംഭിപ്പിച്ചത്.

ടാക്‌സി ഡ്രൈവര്‍മാരുടെ ഉപരോധം മെല്‍ബണ്‍ വിമാനത്താവള അധികൃതര്‍ സ്ഥിരീകരിച്ചു. യാത്രകള്‍ക്കായി ടിക്കറ്റുകള്‍ എടുത്തിരിക്കുന്ന യാത്രക്കാര്‍ മുന്‍കൂട്ടി നിശ്ചയിച്ചതിലും നേരത്തെ വിമാനത്താവളത്തില്‍ എത്തിച്ചേരണമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. ബ്ലോക്കില്‍പെട്ട് കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിച്ചേരാന്‍ സാധിക്കാതെ വരുമെന്നതിനാലാണ് നേരത്തെതന്നെ എത്തിച്ചേരണമെന്ന നിര്‍ദേശം നല്‍കിയിരിക്കുന്നത്. എയര്‍പോര്‍ട്ടില്‍ എത്തിച്ചേരുന്ന യാത്രക്കാരെ കൂട്ടിക്കൊണ്ടുപോകാന്‍ എത്തിച്ചേരുന്നവര്‍ മെല്‍ബണ്‍ എയര്‍പോര്‍ട്ടിന്റെ വെബ്‌സൈറ്റില്‍നിന്ന് വിമാനങ്ങളുടെ സമയവിവരപ്പട്ടിക പരിശോധിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY