പെർത്തിലെ ടാക്സി നിരക്കുകൾ കൂട്ടി ടാക്‌സി ഉടമസ്ഥര്‍ക്ക് നഷ്ടപരിഹാരം നൽകാനൊരുങ്ങുന്നു.

0
566

പെർത്ത് : വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ ടാക്‌സി നിരക്ക് വര്‍ധിക്കും. ടാക്‌സിയുടെയും യുബെറിന്റെയും നിരക്കുകളാണ് വര്‍ധിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയിലാകുന്ന ടാക്‌സി ഉടമസ്ഥര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള ഫണ്ട് സ്വരൂപിക്കുകയാണ് നിരക്കു വര്‍ധനയ്ക്കു പിന്നില്‍. ഇതു സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം അടുത്ത ആഴ്ചകളില്‍ ഉണ്ടാകുമെന്നാണ് സൂചന. സാമ്പത്തിക പ്രതിസന്ധിയിലായ ആയിരത്തോളം ടാക്‌സി ഉടമസ്ഥര്‍ക്ക് ഒരുലക്ഷം മുതല്‍ രണ്ടുലക്ഷം ഡോളര്‍ വരെ നഷ്ടപരിഹാരമായി ലഭിക്കും.

ടാക്‌സി ലൈസന്‍സ് പ്ലേറ്റുകളുടെ മൂല്യം 2014 ല്‍ മൂന്നുലക്ഷത്തിലധികമായിരുന്നു. എന്നാല്‍ യൂബെര്‍ കൂടി രംഗത്തെത്തിയതോടെ പ്ലേറ്റുകളുടെ മൂല്യം 70,000 ഡോളറായി കുറഞ്ഞിരുന്നു. യൂബെര്‍ ടാക്‌സ് എന്നപേരിലുള്ള പദ്ധതിയില്‍ തങ്ങളുടെ ലൈസന്‍സ് മടക്കിനല്‍കുമ്പോള്‍ ഉടമസ്ഥര്‍ക്ക് രണ്ടുലക്ഷം ഡോളര്‍ നഷ്ടപരിഹാരമായി ലഭിക്കും. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ആയിരം ഉടമസ്ഥര്‍ സ്വമേധയാ ലൈസന്‍സ് തിരികെ നല്‍കുകയാണെങ്കില്‍ അവര്‍ക്കുള്ള നഷ്ടപരിഹാരത്തുക 200 ദശലക്ഷം ഡോളറായിരിക്കും. ഈ തുക കണ്ടെത്താനാണ് സര്‍ക്കാര്‍ ടാക്‌സി നിരക്ക് വര്‍ധിപ്പിക്കുന്നത്.

നഷ്ടപരിഹാര ഫണ്ടിലേക്കുള്ള വിഹിതമായി ഓരോ യാത്രയ്ക്കും നല്‍കുന്ന കൂലിക്കൊപ്പം രണ്ടു ഡോളര്‍കൂടി യാത്രക്കാരില്‍നിന്ന് പിരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് ഗതാഗത മന്ത്രി റിത്താ സഫിയോറ്റി കഴിഞ്ഞയാഴ്ച സൂചിപ്പിച്ചിരുന്നു. എന്നാല്‍ യാത്രാക്കൂലിയുടെ അഞ്ചു മുതല്‍ പത്തു ശതമാനം വരെ സര്‍ചാര്‍ജായി ഈടാക്കാനും സര്‍ക്കാരിന് ഉദ്ദേശമുണ്ടെന്നുമുള്ള വാര്‍ത്തകളുണ്ട്. എന്തായാലും നിരക്കു സംബന്ധിച്ച തീരുമാനം വരും ആഴ്ചകളില്‍ പ്രതീക്ഷിക്കാം. ടാക്‌സി മേഖലയിലേക്ക് മൂന്നു വര്‍ഷംമുമ്പ് യൂബെറും എത്തിയതോടെയാണ് സംസ്ഥാനത്തെ പരമ്പരാഗത ടാക്‌സി മേഖല സാമ്പത്തിക പ്രതിസന്ധിയിലായത്.

NO COMMENTS

LEAVE A REPLY