ഓട്ടിസം ബാധിച്ച കുട്ടിയെ കൊലപ്പെടുത്തിയ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടി.

0
742

പെർത്ത് : ഓട്ടിസം ബാധിച്ച പെര്‍ത്തില്‍നിന്നുള്ള കൗമാരക്കാരനെ കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയിലെ സുപ്രീംകോടതി പരിശോധിച്ചു. ഓട്ടിസം ബാധിച്ച 18 കാരനായ ആരോണ്‍ പജിക് ആണ് കൊല്ലപ്പെട്ടത്. പജികിന്റെ മൃതദേഹം കഴിഞ്ഞവര്‍ഷം ജൂണില്‍ ഒരു വീടിന്റെ മുറ്റത്തുള്ള കോണ്‍ക്രീറ്റ് സഌബിനടിയില്‍നിന്നാണു കണ്ടെത്തിയത്. പജികിന്റെ കൊലപാതകവുമായി ഈ കേസില്‍ രണ്ടു സ്ത്രീകള്‍ പിടിയിലായിട്ടുണ്ട്. ഇവരിലൊരാളുടെ തെക്കന്‍ പെര്‍ത്തിലുള്ള വീട്ടിലെ സിസിടിവി ദൃശ്യങ്ങളാണ് പോലീസ് കോടതിയില്‍ ഹാജരാക്കിയത്.

ആരോണിനെ കൊലപ്പെടുത്തിയ കേസില്‍ ജെമ്മ ലില്ലി എന്ന 26 കാരിയും ട്രൂഡി ലെനോണ്‍ എന്ന 43 കാരിയുമാണ് പിടിയിലായത്. കുറ്റാരോപിതരായ സ്ത്രീകള്‍ അരോണിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്നാണ് കുറ്റപത്രം ആരോപിക്കുന്നത്. ഒറെലിയയിലെ ലില്ലിയുടെ വീടിന്റെ പിന്‍ഭാഗത്തുള്ള മുറ്റത്ത് അടുത്തിടെ കോണ്‍ക്രീറ്റ് ചെയ്യുകയും തുടര്‍ന്ന് ടൈല്‍ വിരിക്കുകയും ചെയ്തിരുന്നു. ആരോണിന്റെ കൊലപാതകത്തിനുശേഷം എട്ടു ദിവസത്തോളം ലില്ലി ഇവിടെത്തന്നെ താമസിച്ചു.

അഞ്ചാഴ്ച നീണ്ടുനില്‍ക്കുന്ന വിസ്താരത്തിന്റെ രണ്ടാം ദിവസമാണ് ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ജഡ്ജിയെ കാണിച്ചത്. ലില്ലിയുടെ പിന്‍ഭാഗത്തെ വീഡിയോയും ഇതിലുണ്ട്. 2016 ജൂണ്‍ 13 ന് രാവിലെ പത്തേകാലോടെ ലില്ലിക്കും ലെനോണിനുമൊപ്പം ആരോണ്‍ വീട്ടിലേക്ക് എത്തുന്നത് കാമറ പിടിച്ചെടുത്തിട്ടുണ്ട്. ഇതാണ് ആരോണിന്റെ ജീവനോടെയുള്ള അവസാന ദൃശ്യം. വീടിന്റെ പിന്‍വാതിലിലൂടെ ലെനോണ്‍ പുറത്തേക്ക് പോകുന്നതും കാമറ പിടിച്ചെടുത്തിട്ടുണ്ട്. പിന്നീട് കാമറയുടെ പ്രവര്‍ത്തനം നിറുത്തിയിട്ടുണ്ട്. കാമറയിലേക്കുള്ള വൈദ്യുതിബന്ധം മുറിച്ചതാകാം കാരണമെന്ന് സംശയിക്കുന്നു.

റോക്കിംഗ്ഹാം ഷോപ്പിംഗ് സെന്ററില്‍ ആരോണിനെ കൊണ്ടുപോയത് ലെനോണ്‍ ആണെന്ന് സമ്മതിച്ചിട്ടുണ്ട്. ഷോപ്പിംഗ് സെന്ററിലെ സിസിടിവി ദൃശ്യങ്ങളിലും രണ്ടു സ്ത്രീകളുടെയും ആരോണിന്റെയും ചിത്രങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ലെനോണിന്റെ കാറില്‍ ഇരുവരും ചേര്‍ന്ന് ആരോണിനെ കയറ്റിക്കൊണ്ടുപോകുന്നതിന്റെ തെളിവുകളും ലഭിച്ചു. ആരോണിന്റെ കൊലപാതകം സംബന്ധിച്ച കേസ് വിസ്താരം അഞ്ചാഴ്ച നീണ്ടുനില്‍ക്കും.

NO COMMENTS

LEAVE A REPLY