രണ്ടുതരം പ്രമേഹം ഉണ്ടെന്ന് ആരോഗ്യ വിദഗ്ദ്ധർ.

0
181

സിഡ്‌നി : അഞ്ചുലക്ഷത്തിലധികം ഓസ്‌ട്രേലിയക്കാര്‍ക്ക് രണ്ടാം തരം പ്രമേഹമുണ്ടെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഇതേക്കുറിച്ച് അവര്‍ അജ്ഞരാണെന്നതാണ് സത്യം. രണ്ടാം ടൈപ്പിലുള്ള ഈ പ്രമേഹം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. രണ്ടാം ടൈപ്പ് പ്രമേഹം കണ്ടെത്താനുള്ള സൗകര്യങ്ങള്‍ മിക്കവരും പ്രയോജനപ്പെടുത്തുന്നില്ല. ഇത് പിന്നീട് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിതെളിക്കും.

പ്രമേഹം മൂലമുണ്ടാകുന്ന അന്ധത, അവയവങ്ങള്‍ മുറിച്ചുമാറ്റല്‍, അവസാനം കിഡ്‌നി രോഗങ്ങള്‍ എന്നിവ രണ്ടാം ടൈപ്പ് പ്രമേഹത്തിന്റെ ഫലങ്ങളാണ്. പ്രാരംഭത്തില്‍ പ്രമേഹം കണ്ടെത്തി ചികിത്സിക്കാനായാല്‍ ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ ഒഴിവാക്കാനാകും. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ 40 വയസിനു മുകളില്‍ പ്രായമുള്ളവരില്‍ അഞ്ചുശതമാനം പേര്‍ മാത്രമാണ് പ്രമേഹ രോഗനിര്‍ണയം നടത്തിയതെന്ന് ഡയബെറ്റിസ് ഓസ്‌ട്രേലിയയുടെ സിഇഒ ഗ്രെഗ് ജോണ്‍സണ്‍ പറഞ്ഞു. രാജ്യത്ത് പ്രമേഹബാധിതരുടെ എണ്ണം നിയന്ത്രണാതീതമായി വര്‍ധിക്കുകയാണ്. ഇത് ആശങ്കാജനകവും അപകടകരവുമാണ്. ഈ അവസരത്തില്‍ വെറും അഞ്ചു ശതമാനം മാത്രമാണ് പരിശോധനകള്‍ നടത്തിയിരിക്കുന്നത്. പ്രമേഹം കണ്ടുപിടിക്കാതെയും ചികിത്സ തേടാതിരിക്കുകയും ചെയ്യുന്നത് ശരീരത്തെ അപകടാവസ്ഥയിലേക്ക് എത്തിക്കുകയാണെന്ന് ജോണ്‍സണ്‍ പറഞ്ഞു.

പ്രമേഹം പിടിപെട്ടതിന്റെ ലക്ഷണങ്ങളൊന്നുമില്ലെന്ന് മിക്കവരും പറയുന്നു. നിശബ്ദമായി കൂടുന്ന പ്രമേഹം അതിന്റെ മൂര്‍ധന്യത്തിലെത്തുമ്പോഴാണ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുക. അപ്പോഴേക്കും ശരീരത്തിലെ മിക്ക അവയവങ്ങളുടെയും പ്രവര്‍ത്തനം ഏറെക്കുറെ അവസാനിക്കാറായ അവസ്ഥയിലുമായിരിക്കും. പ്രമേഹം കണ്ടെത്താനുള്ള ടെസ്റ്റുകള്‍ വളരെ ലളിതമാണെങ്കിലും അതിനായി മുന്നോട്ടുവരാന്‍ മിക്കവരും മനഃപൂര്‍വം മടിക്കുകയാണെന്ന് വിദഗ്ധര്‍ പറഞ്ഞു. ഓസ്‌ട്രേലിയയില്‍ മൂന്നിലൊരാള്‍ക്ക് പ്രമേഹമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പ്രാരംഭഘട്ടത്തില്‍ കണ്ടെത്തുകയും അതിന് ചികിത്സ തേടുകയും ചെയ്യുന്നവര്‍ക്ക് ഭാവിയിലുണ്ടാകുന്ന ശാരീരിക വൈഷമ്യങ്ങള്‍ ഒഴിവാക്കാനാകും.

NO COMMENTS

LEAVE A REPLY