ടി.വി. സീരിയൽ രംഗത്തെ ഹാസ്യതാരം വാള്‍ ജെല്ലെയ്സിന്റെ മരണം കലാലോകത്തിന് തീരാനഷ്ടം.

0
723

ഓസ്‌ട്രേലിയന്‍ അഭിനേത്രിയും ഹാസ്യതാരവുമായിരുന്ന വാള്‍ ജെല്ലെയ് (89) അന്തരിച്ചു. കഴിഞ്ഞ മാസം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജെല്ലെയ് ന്യൂമോണിയ ബാധിച്ച് ഐസിയുവിലായിരുന്നു. ജെല്ലെയിന്റെ നില ഗുരുതരമായതോടെ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അവര്‍ ജീവന്‍ നിലനിറുത്തിയിരുന്നത്. ശനിയാഴ്ച ജെല്ലെയ് മരിച്ചതായി ഹാസ്യതാരമായ മകന്‍ മാര്‍ട്ടി ഫീല്‍ഡ്‌സ് അറിയിച്ചു.

ഫ്‌ളൈയിംഗ് ഡോക്ടേഴ്‌സ് എന്ന പ്രസിദ്ധ ടിവി സിരിയലിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചത് ജെല്ലെയ് ആയിരുന്നു. ഈ സീരിയലില്‍ ഭര്‍ത്താവ് മൗറി ഫീല്‍ഡ്‌സിനൊപ്പമാണ് ജെല്ലെയ് അഭിനയിച്ചിരുന്നത്. ഹൃദയാഘാതത്തെത്തുടര്‍ന്ന് മൗറി ഫീല്‍ഡ്‌സ് 1995 ല്‍ മരിച്ചു. 1986 ല്‍ തുടങ്ങിയ ടിവി സീരിയല്‍ അവസാനിച്ചത് 1992 ലാണ്. ഈ സീരിയലിലെ അഭിനയത്തോടെ താന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരിലാണ് ജെല്ലെയ് അറിയപ്പെട്ടിരുന്നത്.

1927 ല്‍ ജനിച്ച ജെല്ലെയ് ഒരുതരം ഹാസ്യനാടകത്തിലൂടെയാണ് അഭിനയത്തിലേക്കു കടുന്നുവന്നത്. പിന്നീട് അവര്‍ ടിവി സീരിയലിലേക്കു കടന്നു. നാലാമത്തെ വയസിലാണ് താന്‍ അഭിനയത്തിലേക്കു കടന്നതെന്ന് അവര്‍ പറഞ്ഞിരുന്നു. നാലാം വയസില്‍ തുടങ്ങിയ അഭിനയജീവിതം 80 വയസുകളിലും തുടര്‍ന്നിരുന്നു. ഫ്‌ളൈയിംഗ് ഡോക്ടേഴ്‌സിലെ മികവുറ്റ അഭിനയത്തിനു പുറമെ മാറ്റ്‌ലോക്ക് പോലീസ്, ഹോമിസൈഡ്, പ്രിസണേഴ്‌സ് ആന്‍ഡ് നെയ്‌ബേഴ്‌സ് തുടങ്ങി നിരവധി പ്രശസ്ത സീരിയലുകളില്‍ അവിസ്മരണീയമായ പ്രകടനമാണ് ഇവര്‍ കാഴ്ചവച്ചത്. സീരിയലുകള്‍ക്കൊപ്പം മറ്റു ടിവി പരിപാടികളിലും അവര്‍ പങ്കെടുത്തിരുന്നു.
കാണികളെ കുടുകുടെ ചിരിപ്പിച്ചിരുന്ന ജെല്ലെയ് എന്ന അഭിനയ മുത്തശിയുടെ വേര്‍പാട് അഭിനയലോകത്തിന് പ്രത്യേകിച്ച് ഹാസ്യ അഭിനയത്തിന് വലിയൊരു നഷ്ടമാണ്.

NO COMMENTS

LEAVE A REPLY