ഇന്ത്യയിൽ നിർമ്മിച്ച ട്രെയിൻ ബോഗികളെചൊല്ലി ബ്രിസ്ബനിൽ തർക്കം.

0
1709

ബ്രിസ്‌ബേൻ : മേരിബറോയിലെ ഡസന്‍കണക്കിന് ന്യൂ ജനറേഷന്‍ ട്രെയിനുകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് പ്രമീയര്‍ അന്നസ്റ്റാസിയ പലാസ്‌ക്‌സുക് വാഗ്ദാനം ചെയ്തു. അടുത്തുവരുന്ന സംസ്ഥാന തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഇന്ത്യയില്‍ നിര്‍മിച്ച 35 ട്രെയിനുകളുടെ മെച്ചപ്പെടുത്തലിനായി 150 ദശലക്ഷം ഡോളര്‍ ചെലവഴിക്കുമെന്ന് പ്രമീയര്‍ പറഞ്ഞു. ഡൗണര്‍ റെയില്‍ നിര്‍മാണ പ്ലാന്റില്‍ ഇന്നലെ രാവിലെ സന്ദര്‍ശനം നടത്തുകയായിരുന്നു അവര്‍.

ഇന്ത്യയില്‍ നിര്‍മിച്ച ട്രെയിനുകള്‍ക്ക് ഒന്നര വര്‍ഷം കാലപ്പഴക്കമുണ്ട്. ക്വീന്‍സ്്‌ലാന്‍ഡിലൂടെ ഇവ സുഗമമായി ഓടണമെങ്കില്‍ നിരവധി മിനുക്കുപണികള്‍ നടത്തേണ്ടിയിരിക്കുന്നു. ബ്രേക്കിംഗ്, എയര്‍ കണ്ടിഷനിംഗ്, വെന്റിലേഷന്‍, ട്രെയിന്‍ ഡ്രൈവര്‍മാരുടെ കാഴ്ച വ്യക്തമാക്കല്‍, വാതിലുകളുടെ നവീകരണം എന്നിവ നടത്തേണ്ടിയിരിക്കുന്നു. മേരിബറോയിലെ ഡൗണറില്‍തന്നെ ട്രെയിനുകള്‍ നിര്‍മിക്കാന്‍ ഭാവിയില്‍ നടപടി സ്വീകരിക്കുമെന്ന് പ്രമീയര്‍ വ്യക്തമാക്കി. പ്രമീയറിന്റെ പ്രഖ്യാപനം തൊഴിലാളികള്‍ക്ക് സന്തോഷം പകരുന്നതാണ്. ദീര്‍ഘകാലത്തേക്ക് ഭാവിയില്‍ ജോലി സുരക്ഷിതത്വം ലഭിക്കുമെന്നാണ് തൊഴിലാളികള്‍ പ്രതീക്ഷിക്കുന്നത്.

ബൊംബാര്‍ഡിയറിന്റെ നേതൃത്വത്തിലുള്ള ക്യുടെക്ടിക് ഇന്‍ എന്ന കമ്പനിയില്‍നിന്ന് ന്യൂ ജനറേഷന്‍ ട്രെയിനുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയത് 2014 ല്‍ ന്യൂമാന്‍ സര്‍ക്കാരാണ്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് നല്‍കിയ വിലയേക്കാള്‍ പകുതി വിലയ്ക്കാണ് ഇന്ത്യയില്‍നിന്ന് ട്രെയിനുകള്‍ ലഭിച്ചത്. ന്യൂമാന്‍ സര്‍ക്കാരിന്റെ കാലത്ത് ടിം നിക്കോളാസ് ട്രഷററായിരിക്കുമ്പോഴാണ് ട്രെയിനുകള്‍ക്കുള്ള കരാര്‍ ഒപ്പിട്ടത്. ഈ ട്രെയിനുകളുടെ സാങ്കേതിക തകരാറുകളാണ് ഇപ്പോള്‍ പരിഹരിക്കുന്നതെന്ന് അന്നസ്റ്റാസിയ വ്യക്തമാക്കി. ഇന്ത്യയില്‍നിന്ന് ലഭിച്ച ട്രെയിനുകളുടെ സാങ്കേതിക പിഴവുകള്‍ പരിഹരിക്കുന്നതിന് ഒന്നര മുതല്‍ രണ്ടുവര്‍ഷംവരെ താമസമെടുക്കുമെന്ന് ഡെപ്യൂട്ടി പ്രിമീയര്‍ ജാക്കി ട്രാഡ് പറഞ്ഞു.

ഇന്ത്യയില്‍ നിര്‍മിച്ചതെന്ന കാരണത്താലാണ് വന്‍ വിമര്‍ശനവുമായി ലേബര്‍ പാര്‍ട്ടി രംഗത്തെത്തിയിരിക്കുന്നതെന്ന് ലിബറല്‍ പാര്‍ട്ടി നേതാവ് ടിം നിക്കോള്‍സ് പറഞ്ഞു. ബൊംബാര്‍ഡിയര്‍ ഇന്ത്യയില്‍ നിര്‍മിച്ചതാണ് പ്രശ്‌നമെന്ന് അവകാശവാദവുമായാണ് ലേബര്‍ പാര്‍ട്ടി രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ട്രെയിനിന്റെ വിവിധ ഭാഗങ്ങള്‍ കാനഡ, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലാണ് നിര്‍മിച്ചിരിക്കുന്നത്. ഇവയുടെ സംയോജനം മാത്രമാണ് ഇന്ത്യയില്‍ നടന്നിരിക്കുന്നത്. ഇന്ത്യയില്‍ നിര്‍മിച്ചിരിക്കുന്നതിനാല്‍ എന്തോ വലിയ പ്രശ്‌നമുണ്ടെന്നാണ് ലേബര്‍ പാര്‍ട്ടി അവകാശപ്പെടുന്നതെന്ന് നിക്കോള്‍സ് പറഞ്ഞു.

NO COMMENTS

LEAVE A REPLY