ഇന്ത്യക്കാരന് ചുമത്തിയ 1,14,000 ഡോളർ ട്രാഫിക് ഫൈൻ അടക്കേണ്ടെന്നു കോടതി

0
2049

മെൽബൺ : വിക്ടോറിയയില്‍ താമസിക്കുന്ന ഒരു ഇന്ത്യന്‍ കുടിയേറ്റക്കാരന് പലതവണയായി വിധിച്ച പിഴശിക്ഷ കോടതി റദ്ദാക്കി. വിക്ടോറിയയില്‍ കാര്‍ ഡ്രൈവറായ ഇയാള്‍ക്കെതിരേ കഴിഞ്ഞ രണ്ടുവര്‍ഷമായി നിരവധി ഗതാഗത നിയമലംഘനക്കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇതിനെല്ലാംകൂടി 1,14,000 ഡോളറാണ് പിഴയായി വിധിച്ചത്. ടോളുകള്‍ അടയ്ക്കാതിരിക്കുക, പാര്‍ക്കിംഗ്, ഗതാഗത നിയമലംഘനങ്ങള്‍ തുടങ്ങിയവയ്ക്കാണ് ഇയാള്‍ക്ക് പിഴ ചുമത്തിയത്. രണ്ടുവര്‍ഷമായി ഇയാള്‍ നടത്തുന്ന ഓരോ നിയമലംഘനങ്ങള്‍ക്കും പിഴ ചുമത്തിയിരുന്നു. എന്നാല്‍ ഇയാള്‍ പിഴയടച്ചില്ലെന്നാണ് അധികൃതര്‍ കോടതിയെ അറിയിച്ചത്.

ഇന്ത്യന്‍ ഡ്രൈവറിന് സ്വന്തമായി വീടില്ലെന്നും കാറിനുള്ളിലാണ് കഴിഞ്ഞിരുന്നതെന്നും ഇന്ത്യന്‍ ഡ്രൈവറുടെ അഭിഭാഷകന്‍ ബെര്‍ണി ബാല്‍മര്‍ ഗീലോംഗ് മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചു. അതിനാലാണ് അധികൃതര്‍ അയച്ച കത്തുകളും അറിയിപ്പുകളും കൈപ്പറ്റാനാവാതെ പോയതെന്ന് അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു. ടോളുകള്‍ ഓട്ടോമാറ്റിക്കായി അടയ്ക്കുന്ന ഇ-ടാഗിനെക്കുറിച്ച് ഇന്ത്യന്‍ ഡ്രൈവര്‍ക്ക് അറിയില്ലായിരുന്നെന്നും ഇത്തരം ടോളുകള്‍ ഇന്ത്യയില്‍ പണമായിട്ടാണ് അടയ്ക്കുന്നതെന്നും അഭിഭാഷകന്‍ പറഞ്ഞു. കേസ് പരിഗണിച്ച മജിസ്‌ട്രേറ്റ് മുഴുവന്‍ പിഴത്തുകയും റദ്ദാക്കി.

ആദ്യത്തെതാണെന്ന പരിഗണനയില്‍ ഇന്ത്യന്‍ ഡ്രൈവര്‍ക്ക് മാപ്പു നല്‍കുന്നതായും ടോളുകള്‍ അടയ്ക്കാത്തവരെ കത്തുകളിലൂടെയും ഫോണിലൂടെയും സന്ദേശങ്ങളിലൂടെയും ഇ മെയിലിലൂടെയും വിവരം അറിയിക്കുമെന്നും സിറ്റിലിങ്ക് അറിയിച്ചു. രാജ്യത്തിന്റെ റോഡുകളില്‍ പുതുതായി എത്തുന്ന ഡ്രൈവര്‍മാര്‍ക്ക് ഇത് ചീത്ത ഉദാഹരണമാണ് കോടതിവിധിയിലൂടെ നല്‍കുന്നതെന്ന് ഓസ്‌ട്രേലിയന്‍ റോഡ് സേഫ്റ്റി ഫൗണ്ടേഷന്‍ ആരോപിച്ചു. ഈ രാജ്യത്തിന്റെ റോഡുകളില്‍ സഞ്ചരിക്കുന്നവര്‍, മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ റോഡ് നിയമങ്ങള്‍ പാലിക്കണമെന്ന് ഫൗണ്ടേഷന്‍ അംഗമായ റസല്‍ വൈറ്റ് പറഞ്ഞു.

NO COMMENTS

LEAVE A REPLY