ടൊയോട്ടയും ഹോള്‍ഡനും രാജ്യം വിടുന്നു. ആയിരക്കണക്കിന് തൊഴിലാളികൾ പെരുവഴിയിൽ.

0
2109

സിഡ്‌നി : ദശാബ്ദങ്ങളായി കാര്‍ നിര്‍മാണത്തില്‍ മുന്‍പന്തിയില്‍ നിന്നിരുന്ന രാജ്യമാണ് ഓസ്‌ട്രേലിയ. ഇവിടെനിന്നും വന്‍തോതിലുള്ള ഉല്‍പാദനമാണ് നടന്നിരുന്നത്. എന്നാല്‍ ഇതെല്ലാം ഈ മാസം അവസാനത്തോടെ അവസാനിക്കുകയാണ്. ഓട്ടോമൊബൈല്‍ മേഖലയിലെ തൊഴിലാളികളെ ഉപേക്ഷിച്ച് രണ്ട് കാര്‍ നിര്‍മാതാക്കളാണ് ഓസ്‌ട്രേലിയ വിടുന്നത്. ടൊയോട്ടയും ഹോള്‍ഡനുമാണ് ഓസ്‌ട്രേലിയയിലെ ഫാക്ടറികള്‍ അടച്ചുപൂട്ടുന്നത്. ഇതോടെ ആയിരക്കണക്കിന് തൊഴിലാളികളാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്.

മൂന്നാഴ്ച കഴിയുമ്പോള്‍, കൃത്യമായി പറഞ്ഞാല്‍ ഒക്ടോബര്‍ 20 ന് അഡ്‌ലെയ്ഡിലെ പ്ലാന്റ് ഹോള്‍ഡന്‍ അടച്ചുപൂട്ടുകയാണ്. ഇവിടെ പണിയെടുത്തിരുന്ന 944 തൊഴിലാളികള്‍ വഴിയാധാരമാവുകയാണ്. ആള്‍ട്ടോണയിലെ ടൊയോട്ടയുടെ ഫാക്ടറി നാളെ അടയ്ക്കുമ്പോള്‍ 2500 തൊഴിലാളികള്‍ക്കാണ് പണിയില്ലാതാവുന്നത്. കഴിഞ്ഞ വര്‍ഷം ഫോര്‍ഡ് ഓസ്‌ട്രേലിയയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചപ്പോള്‍ ജോലി നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കാന്‍ ദശലക്ഷക്കണക്കിന് ഡോളറാണ് ചെലവഴിച്ചത്. എന്നാല്‍ പകുതിയിലേറെപ്പേര്‍ക്കും മറ്റൊരു തൊഴില്‍ കണ്ടെത്താനായില്ല. പൂട്ടിപ്പോയ കാര്‍ ഫാക്ടറികളിലെ മുന്‍ തൊഴിലാളികള്‍ ഇന്നും സുരക്ഷിതമല്ലാത്ത തൊഴില്‍ മേഖലയിലാണ് പണിയെടുക്കുന്നതെന്ന് ഓസ്‌ട്രേലിയന്‍ മാനുഫാക്ടറിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ വ്യക്തമാക്കി. നല്ലൊരു ശതമാനം മുന്‍ തൊഴിലാളികളും താല്‍ക്കാലിക ജോലിയാണ് ചെയ്യുന്നതെന്നും ഇവര്‍ക്ക് ലഭിക്കുന്നത് വളരെ കുറഞ്ഞ വേതനമാണെന്നും യൂണിയന്‍ നേതാവ് പോള്‍ ഡിഫെലിസ് പറഞ്ഞു.

രണ്ട് കാര്‍ ഫാക്ടറികള്‍ കൂടി പ്രവര്‍ത്തനം അവസാനിപ്പിക്കുമ്പോള്‍ ഇവിടെ ജോലി ചെയ്തിരുന്നവരുടെ ഗതിയും മറ്റുള്ളവരുടേതുപോലെയായിരിക്കുമെന്നത് തീര്‍ച്ചയാണ്. 2004 ല്‍ മിത്ഷുബിഷി ഓസ്‌ട്രേലിയയിലെ എന്‍ജിന്‍ നിര്‍മാണ ഫാക്ടറി അടച്ചുപൂട്ടിയപ്പോള്‍ തൊഴില്‍ നഷ്ടപ്പെട്ടവരുടെ സ്ഥിതി വളരെ മോശമായിരുന്നു. ഫഌന്‍ഡേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ പ്രഫസര്‍ ആന്‍ഡ്രൂ ബിയറിന്റെ കണ്ടെത്തലനുസരിച്ച് തൊഴില്‍ നഷ്ടപ്പെട്ട മൂന്നിലൊന്നു തൊഴിലാളികള്‍ക്കു മാത്രമാണ് സ്ഥിര തൊഴില്‍ നേടാനായത്. അവശേഷിക്കുന്ന മൂന്നില്‍ ഒന്നു ശതമാനംപേര്‍ക്ക് തൊഴില്‍ നേടാനായില്ല. മറ്റുള്ളവര്‍ക്ക് താല്‍ക്കാലിക തൊഴില്‍ കണ്ടെത്താനായി.

ഫോര്‍ഡിന്റെ അടച്ചുപൂട്ടലുമായി താരതമ്യം ചെയ്യുമ്പോള്‍ ടൊയോട്ട കമ്പനിയുടെ അടച്ചുപൂട്ടല്‍ സമ്പദ്ഘടനയില്‍ വലിയ മാറ്റമുണ്ടാക്കുമെന്ന് വിക്ടോറിയന്‍ ട്രെയിനിംഗ് ആന്‍ഡ് സ്‌കില്‍സ് മന്ത്രി ഗെയ്ല്‍ ടിയെര്‍ണി പറഞ്ഞു. നാളെമുതല്‍ തൊഴിലില്ലാതാവുന്ന തൊഴിലാളികള്‍ മറ്റു തൊഴിലിനായി അലയേണ്ടിവരും. ഇവര്‍ മറ്റ് തൊഴില്‍രഹിതരുമായി മത്സരിക്കേണ്ടിവരും.

NO COMMENTS

LEAVE A REPLY