കടത്തിണ്ണകളിൽ അന്തിയുറങ്ങുന്നവരുടെ എണ്ണം ഇരട്ടിയായി. പദ്ധതികൾ ഫലംകാണുന്നില്ല.

0
436

സിഡ്‌നി : പാതയോരങ്ങളിലും കടത്തിണ്ണകളിലും അന്തിയുറങ്ങുന്ന പ്രായമായ സ്ത്രീകളുടെ എണ്ണം ഇരട്ടിയായതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കാറുകളിലും മറ്റ് വാഹനങ്ങളിലും രാത്രി കഴിച്ചുകൂട്ടുന്ന സ്ത്രീകളുടെ എണ്ണവും വര്‍ധിച്ചതായി ഹോംലെസ്‌നെസ് ഓസ്‌ട്രേലിയയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

തൊഴില്‍ നഷ്ടപ്പെട്ടവരും ജോലികളില്‍നിന്ന് വിരമിച്ചവരും സ്വന്തം ഭവനങ്ങളിലെ പ്രശ്‌നങ്ങള്‍ കാരണം വീടുപേക്ഷിക്കേണ്ടി വരുന്നതുമാണ് പ്രായമായ സ്ത്രീകള്‍ തെരുവിലേക്കിറങ്ങേണ്ടിവരുന്നതിനു കാരണം. അപ്രതീക്ഷമായുണ്ടാകുന്ന ഇത്തരം പ്രതിസന്ധികളാണ് മിക്കവരെയും തെരുവിലെത്തിക്കുന്നത്. വീടുകളില്‍നിന്ന് പുറത്താക്കപ്പെടുന്ന ചില സ്ത്രീകള്‍ തങ്ങളുടെ കുഞ്ഞുങ്ങളെ വളര്‍ത്തുന്നതും തെരുവിലാണെന്ന് ഹോംലെസ്‌നെസ് ഓസ്‌ട്രേലിയ സിഇഒ ജെന്നി സ്മിത്ത് പറയുന്നു. സുരക്ഷിതമായിരുന്ന വീടുകളില്‍നിന്ന് പുറത്താക്കപ്പെടുന്നതോടെ നിലവിലുള്ള വരുമാനം ഉപയോഗിച്ച് വാടകയ്‌ക്കൊരു പാര്‍പ്പിടം കണ്ടെത്താന്‍ ഭൂരിഭാഗം സ്ത്രീകള്‍ക്കും കഴിയില്ല. ഓസ്‌ട്രേലിയയില്‍ സ്വന്തമായി ഭവനമില്ലാത്ത 2,80,000 പേരുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അതായത് 85 പേരില്‍ ഒരാള്‍ക്ക് വീടില്ല.

തെരുവുകളെ ആശ്രയിക്കുന്നവരുടെ പുനരധിവാസത്തിനായി അവരെ സമീപിച്ചപ്പോള്‍ ഏകദേശം എഴുപതിനായിരത്തിലധികംപേര്‍ വാഗ്ദാനം നിരസിച്ചതായി ജെന്നി സ്മിത്ത് പറഞ്ഞു. വീടില്ലാത്തവര്‍ക്ക് സ്വന്തമായി ഭവനമെന്നത് സ്വപ്‌നമായി അവശേഷിക്കുകയാണ്. താങ്ങാനാവുന്ന വിലയില്‍ വീടുകള്‍ ലഭ്യമാക്കാന്‍ ഫെഡറല്‍ നയത്തില്‍ മാറ്റമുണ്ടാകണം. മയക്കുമരുന്ന്, മദ്യം എന്നിവയുടെ അടിമകളായവര്‍, ഗാര്‍ഹിക പീഡനം, മാനസിക രോഗികള്‍ എന്നിവര്‍ക്ക് ദീര്‍ഘകാല പാര്‍പ്പിടമൊരുക്കാനുള്ള പദ്ധതി വിജയിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY