പെർത്തിൽ നദിയിലേക്ക് ഡൈവ് ചെയ്ത യുവാവ് ദാരുണമായി കൊല്ലപ്പെട്ടു.

0
813

പെർത്ത് : കീഴ്ക്കാംതൂക്കായ പാറയില്‍നിന്ന് നദിയിലേക്കു ചാടിയ പെര്‍ത്ത് യുവാവ് മരിച്ചു. ബിക്ടണിലെ ബ്ലാക്‌വാള്‍ റീച്ചിലെ പാറക്കെട്ടില്‍നിന്നാണ് 18 കാരനായ യുവാവ് സ്വാന്‍ നദിയിലേക്ക് എടുത്തുചാടിയത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. കൗമാരക്കാരന്റെ സുഹൃത്തുക്കളാണ് എമര്‍ജെന്‍സി സേവന വിഭാഗത്തെ വിവരമറിയിച്ചത്. തങ്ങളുടെ സുഹൃത്ത് വെള്ളത്തിലേക്ക് എടുത്തുചാടിയെന്നും എന്നാല്‍ ജലോപരിതലത്തിലേക്ക് പൊങ്ങിവന്നില്ലെന്നും സുഹൃത്തുക്കള്‍ അടിയന്തര വിഭാഗത്തെ അറിയിച്ചത്.

വാട്ടര്‍ പോലീസും സെന്റ് ജോണ്‍ ആംബുലന്‍സും ഉടന്‍ സംഭവസ്ഥലത്തെത്തി. പോലീസ് വകുപ്പിലെ മുങ്ങല്‍വിദഗ്ധനും തെരച്ചിലിനു നേതൃത്വം നല്‍കി. വെള്ളത്തിലേക്കു ചാടിയ യുവാവിനെ അബോധാവസ്ഥയില്‍ വെള്ളത്തില്‍നിന്ന് പൊക്കിയെടുത്തു. ഉടന്‍തന്നെ ഫിയോണ സ്റ്റാന്‍ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട യുവാവിനെ രക്ഷിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വിജയിച്ചില്ല. അല്‍പസമയത്തിനുശേഷം യുവാവ് മരിച്ചതായി പ്രഖ്യാപനമുണ്ടായി. ഇതൊരു ദാരുണാന്ത്യമാണെന്നും യുവാവിന്റെ മരണത്തില്‍ ദുരൂഹതകളില്ലെന്നും പോലീസ് വ്യക്തമാക്കി. ചുണ്ണാമ്പുകല്ലു നിറഞ്ഞ ഇവിടെനിന്നും നിരവധിപേര്‍ ആഴമേറിയ സ്വാന്‍ നദിയിലേക്ക് ഡൈവ് ചെയ്യാറുണ്ട്. പാറക്കെട്ടില്‍നിന്നും വെള്ളത്തിലേക്കു ചാടുന്നത് അപകടകരമാണെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളതാണ്. എന്നാല്‍ പലരും നിര്‍ദേശം അവഗണിക്കാറാണ് പതിവ്. സ്വാന്‍ നദിയിലേക്ക് എടുത്തുചാടിയ ഒരു തയ്‌വാന്‍ വിനോദസഞ്ചാരിയും ഇതേപോലെ ഈ വര്‍ഷമാദ്യം മരിച്ചിരുന്നു.

NO COMMENTS

LEAVE A REPLY