തീവ്രവാദത്തിനായി ഇന്തോനേഷ്യയിലേക്ക് ഓസ്‌ട്രേലിയന്‍ സാന്പത്തികസഹായം

0
802

സിഡ്നി : ഇന്തോനേഷ്യയില്‍ തീവ്രവാദം വളര്‍ത്താന്‍ ഓസ്‌ട്രേലിയയില്‍നിന്ന് വന്‍ സാമ്പത്തിക സഹായം ലഭിച്ചതായി റിപ്പോര്‍ട്ട്. ഏകദേശം അഞ്ചു ലക്ഷം ഡോളര്‍ സംഭാവനയായി ഇന്തോനേഷ്യയില്‍ എത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇന്തോനേഷ്യയിലുള്ള തീവ്രവാദികളുടെ പരിശീലനത്തിനും ആയുധങ്ങള്‍ വാങ്ങാനും തീവ്രവാദികളുടെ കുടുംബങ്ങളെ സഹായിക്കാനുമായാണ് ഓസ്‌ട്രേലിയയില്‍നിന്ന് സാമ്പത്തിക സഹായം ഒഴുകിയെത്തിയത്. ഓസ്‌ട്രേലിയയും ഇന്തോനേഷ്യയും സംയുക്തമായി നടത്തിയ അന്വേഷണത്തില്‍ എല്‍ എന്ന അക്ഷരത്തില്‍ തിരിച്ചറിഞ്ഞ ഓസ്‌ട്രേലിയന്‍ പൗരന്‍ പണം സമാഹരിച്ച് ഇന്തോനേഷ്യയിലേക്ക് കൈമാറിയതായി കണ്ടെത്തിയത്.

ഓസ്‌ട്രേലിയയില്‍നിന്നു പിരിച്ചെടുത്ത തുക എന്തിനാണ് ഉപയോഗിക്കുന്നതെന്നുപോലും സംഭാവന നല്‍കിയ മിക്കവര്‍ക്കും അറിയില്ലെന്നതാണ് വിരോധാഭാസം. ഓസ്‌ട്രേലിയന്‍ പണം കൈമാറ്റം ചെയ്യപ്പെട്ടതായി ഇന്തോനേഷ്യയിലെ സാമ്പത്തിക ഇടപാടുകള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്ന സെന്ററിന്റെ ഡെപ്യൂട്ടി ചെയര്‍മാന്‍ ആഗസ് സന്റോസൊ സ്ഥിരീകരിച്ചു. ഓസ്‌ട്രേലിയയില്‍ താമസമാക്കിയ ഇന്തോനേഷ്യക്കാരനല്ല, ഒരു സാധാരണ ഓസ്‌ട്രേലിയന്‍ പൗരനാണ് പണം കൈമാറ്റം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇസ്ലാമിക് സ്‌റ്റേറ്റിനുവേണ്ടി ഏകദേശം 200 ഇന്തോനേഷ്യന്‍ പൗരന്‍മാര്‍ സിറിയയില്‍ പോരാടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇവരില്‍ 60 ഓളം പേര്‍ കൊല്ലപ്പെട്ടതായാണ് ലഭ്യമായ വിവരം. തീവ്രവാദികളെന്നു സംശയിക്കുന്ന 11 പേരെ ഇതിനകം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. തീവ്രവാദി ആക്രമണത്തിന് മുന്നറിയിപ്പ് ലഭിച്ചിട്ടുള്ള രാജ്യമാണ് ഇന്തോനേഷ്യ. രാജ്യത്തിന്റെ പുതുവത്സര ആഘോഷങ്ങള്‍ക്ക് കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

NO COMMENTS

LEAVE A REPLY