ഗര്‍ഭപാത്രത്തിനുള്ളില്‍ സൂചികണ്ടെത്തിയ സംഭവം ; ആവശ്യപ്പെട്ടാൽ നഷ്ടപരിഹാരം നൽകുമെന്ന് ആശുപത്രി.

0
734

സിഡ്‌നി : സിസേറിയനുശേഷം യുവതിയുടെ ഗര്‍ഭപാത്രത്തിനുള്ളില്‍ ലോഹസൂചി കണ്ടെത്തിയ സംഭവത്തില്‍ സിഡ്‌നിയിലെ ഒരു ആശുപത്രി അന്വേഷണം ആരംഭിച്ചു. എന്നാല്‍ ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ആദ്യപ്രസവത്തിനായി സിഡ്‌നിക്കു പടിഞ്ഞാറുള്ള ഫെയര്‍ഫീല്‍ഡ് ആശുപത്രിയിലെത്തിയ 19 കാരി തൈ ന്യുയെനിന്റെ ഗര്‍ഭപാത്രത്തിലാണ് സിസേറിയനുശേഷം സൂചി കണ്ടെത്തിയത്.

സിസേറിയനുശേഷം ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്യപ്പെട്ട ന്യൂയെനിന് കഠിനമായ വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് വിശദമായ പരിശോധന നടത്തിയത്. ശസ്ത്രക്രിയയ്ക്കുശേഷം ഗര്‍ഭപാത്രത്തിനുള്ളില്‍ സൂചി അകപ്പെട്ടതായിരുന്നു വേദനയ്ക്കു കാരണം. സൂചി എടുക്കുന്നതിനായി രണ്ടാമതും ഓപ്പറേഷന്‍ വേണ്ടിവന്നു.

ബന്ധപ്പെട്ട ഡോക്ടര്‍മാരോ നഴ്‌സുമാരോ ശസ്ത്രക്രിയയിലെ പിഴവിന് ക്ഷമാപണം നടത്തിയില്ലെന്ന് യുവതിയുടെ ഭര്‍ത്താവ് സ്റ്റീവന്‍ ന്യൂയെന്‍ പറഞ്ഞു. എന്നാല്‍ സംഭവം വിവാദമായതോടെ ആശുപത്രി ചീഫ് എക്‌സിക്യൂട്ടീവ് അമാന്‍ഡ ലാര്‍കിന്‍ ക്ഷമാപണം നടത്തി. ഈ ആശുപത്രിയില്‍ ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ സംഭവത്തിനുശേഷം പിറ്റേദിവസവും ഇത്തരത്തിലുള്ള പിഴവുണ്ടായി. രണ്ടു സംഭവങ്ങളും സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. വയറ്റിനുള്ളില്‍ കുടുങ്ങിപ്പോയ സൂചി വീണ്ടെടുക്കുന്നതിനായി വീണ്ടും ഓപ്പറേഷനുകള്‍ വേണ്ടിവന്നു. രോഗികള്‍ ആവശ്യപ്പെടുകയാണെങ്കില്‍ അവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY