സിറിയൻ അഭയാർധികളോട് മനുഷ്യത്വപരമായ സമീപനം ഉണ്ടാകുമെന്ന് ഓസ്ട്രേലിയ.

0
671
ഓസ്‌ട്രേലിയ 10000 സിറിയന്‍ അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കണമെന്ന് ലേബര്‍ പാര്‍ട്ടി ആവശ്യപ്പെട്ടു. ഐഎസിനെതിരേയുള്ള സഖ്യരാഷ്ട്രങ്ങളുടെ ആക്രമണവും ഐഎസിന്റെ ക്രൂരതകളും ജനജീവിതം ദുഃസഹമാക്കിയ സിറിയയില്‍നിന്നും ലക്ഷങ്ങളാണ് വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നത്. തങ്ങളുടെ സ്വത്തുവകകളെല്ലാം ഉപേക്ഷിച്ച് ജീവനുമായി രക്ഷപ്പെടുന്നവരെ മനുഷ്യത്വപരമായ കാഴ്ചപ്പാടോടെ കാണണമെന്നും അവര്‍ക്ക് അഭയം നല്‍കണമെന്നുമാണ് ലേബര്‍ പാര്‍ട്ടി ആവശ്യപ്പെടുന്നത്.
10000 അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് ബില്‍ ഷോര്‍ട്ടന്‍, ഡെപ്യൂട്ടി ഷാഡോ വിദേശകാര്യമന്ത്രി താനിയ പ്ലിബെര്‍സ്‌ക്, ഷാഡോ കുടിയേറ്റ വക്താവ് റിച്ചാര്‍ഡ് മാള്‍സ് എന്നിവര്‍ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന, മത, സാമൂഹിക നേതാക്കളുടെയും സര്‍വകക്ഷി നേതാക്കളുടെയും അടിയന്തര യോഗം വിളിക്കണമെന്നും ഷോര്‍ട്ടന്‍ ആവശ്യപ്പെട്ടു. പാര്‍ലമെന്റും പ്രധാനമന്ത്രിയും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണിപ്പോള്‍. സഹാനുഭൂതിയും കാര്യക്ഷമമായ നേതൃത്വപാടവവും അഭയാര്‍ഥി വിഷയത്തില്‍ പ്രധാനമന്ത്രി പ്രകടിപ്പിക്കണമെന്നും ഷോര്‍ട്ടന്‍ പറഞ്ഞു.
അഭയാര്‍ഥികള്‍ക്കായുള്ള വിസയേക്കാള്‍ സ്ഥിരമായ ഒരു പുനരധിവാസമാണ് ആവശ്യമെന്ന് മാള്‍സ് അഭിപ്രായപ്പെട്ടു. 1999 ല്‍ കൊസോവൊയില്‍നിന്നുള്ള അഭയാര്‍ഥികള്‍ക്ക് നല്‍കിയതുപോലുള്ള സുരക്ഷിത അഭയാര്‍ഥി വിസയല്ല സിറിയന്‍ അഭയാര്‍ഥികള്‍ക്ക് ആവശ്യമെന്നും മാള്‍സ് അഭിപ്രായപ്പെട്ടു. കാരണം സിറിയയിലെ യുദ്ധത്തിന് ഉടനടി പരിഹാരമുണ്ടാകാനുള്ള സാധ്യത തുലോം കുറവാണ്. അഭയാര്‍ഥികള്‍ക്ക് തൊഴില്‍ വിസ നല്‍കിയാല്‍ സമ്പദ്ഘടനയ്ക്ക് അത് ഗുണകരമാകും. അപ്പോള്‍ അഭയാര്‍ഥികള്‍ രാജ്യത്തിന് ഒരു ഭാരമാകില്ലെന്നും മാള്‍സ് അഭിപ്രായപ്പെട്ടു.
സിറിയന്‍ പ്രതിസന്ധിയില്‍ മനുഷ്യത്വപരമായ പരിശ്രമങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ നേതാക്കളുമായി ചര്‍ച്ചകള്‍ക്കായി യൂറോപ്പിലുള്ള കുടിയേറ്റ മന്ത്രി പീറ്റര്‍ ഡട്ടന്‍ മടങ്ങിയെത്തിയശേഷം അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. സിറിയന്‍ അഭയാര്‍ഥികളെ എങ്ങനെ മെച്ചപ്പെട്ട രീതിയില്‍ സമൂഹത്തില്‍ ഉള്‍ക്കൊള്ളിക്കാനാവുമെന്ന വിഷയത്തില്‍ വിവിധ സമൂഹങ്ങളിലെ നേതാക്കളുമായി പ്രധാനമന്ത്രി ഈയാഴ്ച അവസാനം ചര്‍ച്ച നടത്തും.
കൂടുതല്‍ അഭയാര്‍ഥികള്‍ക്ക് പുനരധിവാസം നല്‍കാനുള്ള ഫെഡറല്‍ സര്‍ക്കാരിന്റെ തീരുമാനത്തിന് സഹായമേകാനുള്ള തയാറെടുപ്പിലാണ് വിവിധ സംസ്ഥാനങ്ങളിലെ നേതാക്കള്‍. സിറിയയിലെ പ്രശ്‌നങ്ങള്‍ക്ക് മനുഷ്യത്വപരവും സൈനികവുമായ പ്രതികരണമാണ് ആവശ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

NO COMMENTS

LEAVE A REPLY