സ്‌പെയിനിലെ ഭീകരാക്രമണത്തിൽ കാണാതായ സിഡ്‌നി ബാലൻ മരിച്ചു.

0
302

സിഡ്‌നി : സ്‌പെയിനിലെ ബാഴ്‌സലോണയില്‍ നടന്ന ഭീകരാക്രമണത്തെത്തുടര്‍ന്ന് കാണാതായ സിഡ്‌നി ബാലന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഏഴു വയസുകാരനായ ജൂലിയന്‍ കാഡ്മാനാണ് മരിച്ചെതന്ന് അധികൃതര്‍ സ്ഥിരീകരിച്ചത്. ഈ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി. നൂറുകണക്കിനാളുകളാണ് ഇപ്പോഴും ചികിത്സയിലുള്ളത്. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്.

ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനാണ് ജൂലിയന്‍ അമ്മയോടൊപ്പം ബാഴ്‌സലോണയിലെത്തിയത്. സിറ്റിയിലെ പ്രസിദ്ധമായ ലാസ് റംബ്ലാസില്‍ കാഴ്ച കണ്ടു നടക്കുന്നതിനിടെയാണ് ഒരു കാര്‍ ജനക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞുകയറിയത്. കഴിഞ്ഞ വ്യാഴാഴ്ചയുണ്ടായ ആക്രമണത്തില്‍ നൂറുകണക്കിനാളുകള്‍ക്ക് പരിക്കേറ്റു. ബാഴ്‌സലോണയിലെ ആശുപത്രിയില്‍ കഴിയുന്ന ജൂലിയന്റെ മാതാവ് ജോം കാഡ്മാനെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കി. ഇനിയും ഇവര്‍ക്ക് നിരവധി ഓപ്പറേഷനുകള്‍ വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന സൂചന.

വിടര്‍ന്ന ചിരിയുമായി ഓടിനടക്കുന്ന ജൂലിയന്റെ വിയോഗം കുടുംബത്തെയും സിഡ്‌നിയിലെ അവന്റെ സ്‌കൂളിനെയും ശോകമൂകമാക്കിയിരിക്കുകയാണ്. കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ സെന്റ് ബെര്‍ണഡിറ്റ് കത്തോലിക്കാ പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ്.

ആക്രമണത്തിന്റെ മുഖ്യപ്രതിയായ യൂനസ് അബുയാക്കോബിനെ സ്പാനീഷ് പോലീസ് വെടിവച്ചുകൊന്നു. 22 കാരനായ ഈ മൊറോക്കന്‍ പൗരന്‍ പോലീസുമായുള്ള ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. ബാഴ്‌സലോണയില്‍നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലാണ് ഇയാളെ പോലീസ് കണ്ടെത്തിയത്. യൂനസ് കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് വാന്‍ ഓടിച്ചുകയറ്റിയത് ഇയാളാണ്. സംഭവത്തിനുശേഷം വാനില്‍നിന്നിറങ്ങി ശാന്തനായി നടന്ന് ഇയാള്‍ രക്ഷപ്പെട്ടു. പോലീസിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അബുയാക്കോബിന്റെ ശരീരത്തില്‍ ബെല്‍റ്റ്‌ബോംബ് കെട്ടിയിരുന്നു. എന്നാല്‍ ഇത് യഥാര്‍ഥത്തിലുള്ളതാണോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.

NO COMMENTS

LEAVE A REPLY