ശക്തമായ കാറ്റ് ; സിഡ്‌നിയിൽ വിമാനസർവീസുകൾ താളംതെറ്റി. 100 സർവീസ് നിർത്തലാക്കി.

0
893

സിഡ്‌നി : വിമാനത്താവളത്തില്‍ നൂറോളം വിമാന സര്‍വീസുകള്‍ റദ്ദാക്കി. നിരവധി സര്‍വീസുകള്‍ താമസിപ്പിച്ചിട്ടുണ്ട്. റണ്‍വേയില്‍ വീശിയടിക്കുന്ന ശക്തമായ കാറ്റാണ് വിമാനസര്‍വീസുകള്‍ റദ്ദാക്കാന്‍ കാരണം. സര്‍വീസുകള്‍ എപ്പോള്‍ പുനഃരാരംഭിക്കുമെന്ന് വ്യക്തമാക്കാന്‍ വിമാനത്താവള, വിമാനക്കമ്പനി അധികൃതര്‍ തയാറായില്ല. റദ്ദാക്കിയ വിമാനസര്‍വീസിനു പകരമുള്ള ടിക്കറ്റ് ലഭിക്കാന്‍ ദിവസങ്ങളെടുക്കുമെന്നാണ് സൂചന. ആഭ്യന്തര വിമാന സര്‍വീസുകളെയാണ് കാറ്റ് ബാധിച്ചിരിക്കുന്നത്.

കിംഗ്‌സ്‌ഫോര്‍ഡ് സ്മിത്തില്‍നിന്ന് അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ നടത്തുന്നുണ്ട്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കുന്ന കാറ്റ് ഓസ്‌ട്രേലിയയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തെ ഏതാണ്ട് നിശ്ചലമാക്കിയിരിക്കുകയാണ്. സിഡ്‌നി വിമാനത്താവളത്തിലെ മൂന്നിലൊന്ന് റണ്‍വേകള്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. കാറ്റ് ശക്തമായാല്‍ കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കുമെന്നാണ് ലഭ്യമായ വിവരം. രാത്രി പതിനൊന്നുവരെയാണ് വിമാനത്താവളത്തില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാത്രിയോടെ കാറ്റിന്റെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ അഭിപ്രായം.

ക്വന്റാസ്, വിര്‍ജിന്‍, ജെറ്റ്‌സ്റ്റാര്‍, ടൈഗര്‍, റെക്‌സ് എന്നീ വിമാനക്കമ്പനികള്‍ സിഡ്‌നിയില്‍നിന്നും സിഡ്‌നിയിലേക്കുമുള്ള സര്‍വീസുകള്‍ പുനഃക്രമീകരിച്ചിട്ടുണ്ട്. അതിനാല്‍ വിമാനയാത്രയ്ക്ക് ടിക്കറ്റെടുത്തിരിക്കുന്നവര്‍ വിമാനസര്‍വീസുകളുടെ സമയപ്പട്ടിക പരിശോധിക്കണമെന്ന് വിമാനകമ്പനികള്‍ നിര്‍ദേശിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY