ഓപ്പറേഷന് കാത്തിരിക്കുന്നവർ മരണപ്പെടുന്നതായി റിപ്പോർട്ട്.

0
868

പെർത്ത് : ശസ്ത്രക്രിയ സമയത്തുണ്ടാകുന്ന താമസം രോഗികളുടെ മരണത്തിനിടയാക്കുന്നതായി റിപ്പോര്‍ട്ട്. വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയിലെ ആശുപത്രികളില്‍ നടത്തിയ ഓഡിറ്റില്‍ കഴിഞ്ഞ വര്‍ഷം മൂന്നു മരണക്കേസുകള്‍ ഇത്തരത്തിലുള്ളതാണെന്ന് സംശയിക്കുന്നു. സര്‍ജറി സമയം വൈകുന്നത് ഏറ്റവും വലിയ ക്ലിനിക്കല്‍ മാനേജ്‌മെന്റ് വിഷയമാണെന്ന് ഓഡിറ്റ് വിലയിരുത്തുന്നു. സര്‍ജറിക്കു വിധേയരാകുന്ന രോഗികള്‍ സര്‍ജന്‍മാരുടെ നിയന്ത്രണത്തിലും പരിചരണത്തിലുമാണ്. ശസ്ത്രക്രിയാ സമയത്തും പിന്നീടും മരിച്ച രോഗികളുടെ മരണകാരണം വിശദമായി പരിശോധിക്കുകയാണ് ഓഡിറ്റ്.

വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയിലെ ആശുപത്രികളില്‍ സര്‍ജറി സമയത്തുണ്ടായ ചില മരണങ്ങളെക്കുറിച്ച് വിശദമായ അന്വേഷണത്തിന് വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ ഓഡിറ്റ് ഓഫ് സര്‍ജിക്കല്‍ മോര്‍ട്ടാലിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. സര്‍ജറി സമയത്തും പിന്നീടുമുണ്ടായ മരണങ്ങളില്‍ ചിലത് ഒഴിവാക്കാമായിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയിലുണ്ടായ മരണങ്ങളില്‍ ആറിലൊന്ന് കേസുകള്‍ പുനഃപരിശോധിച്ചതില്‍ ചില കേസുകള്‍ കൈകാര്യം ചെയ്തതില്‍ വീഴ്ച പറ്റിയിട്ടുണ്ടെന്ന് കണ്ടെത്തി. സര്‍ജറിക്കു വിധേയരായ രോഗികളുടെ മരണത്തിനു പിന്നില്‍ നിരവധി കാരണങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ പ്രധാനം സര്‍ജറിയിലെ കാലതാമസമാണ്. തൃപ്തമല്ലാത്ത പരിചരണം, രോഗനിര്‍ണയത്തിനുള്ള കാലതാമസം, സര്‍ജറിക്കു മുമ്പുള്ള നിഗമനങ്ങള്‍ തുടങ്ങിയവയും രോഗിയുടെ മരണത്തിനു കാരണമായി കണ്ടെത്തിയിട്ടുണ്ട്.

സംസ്ഥാന ആരോഗ്യവകുപ്പ് ചെലവു വഹിച്ച ഓഡിറ്റ് റോയല്‍ ഓസ്‌ട്രേലിയന്‍ കോളജ് ഓഫ് സര്‍ജന്‍സാണ് നടത്തിയത്. സംസ്ഥാനത്തെ 52 സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലാണ് ഓഡിറ്റ് നടത്തിയത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ മരണങ്ങളില്‍നിന്ന് മൂവായിരം കേസുകളാണ് പുനഃപരിശോധന നടത്തിയത്. ഇതില്‍ 588 കേസുകള്‍ കൈകാര്യം ചെയ്തതിലുള്ള വീഴ്ചയാണെന്ന് ഓഡിറ്റ് വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷമുണ്ടായ മൂന്നു മരണങ്ങളുള്‍പ്പെടെ 31 മരണങ്ങള്‍ തീര്‍ച്ചയായും ഒഴിവാക്കമായിരുന്നെന്ന് ഓഡിറ്റ് അഭിപ്രായപ്പെട്ടു. 2013 നുശേഷം കഴിഞ്ഞ വര്‍ഷം വരെ മരിച്ച 584 കേസുകള്‍ അണുബാധയാണ് കാരണമെന്ന് കണ്ടെത്തി. ഇതില്‍ 54 ശതമാനവും സര്‍ജറിക്കുശേഷമുള്ള ആശുപത്രിവാസത്തിനിടയില്‍ രോഗിയെ ബാധിച്ചതാണ്. 2002 നുശേഷമുള്ള നിരവധി മരണങ്ങളെക്കുറിച്ച് പുനഃപരിശോധന നടത്താന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് ഓഡിറ്റ് ചെയര്‍മാനും പെര്‍ത്തിലെ സര്‍ജനുമായ ജെയിംസ് ഐറ്റ്‌കെന്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY