സുനീഷിന് (35) നാളെ യാത്രാമൊഴി. സംസ്കാരം ഉച്ചയോടെ ഫ്രീമാന്റിൽ സെമിത്തേരിയിൽ.

0
4198

പെർത്ത് : തിരുവോണനാളിൽ ഉച്ചക്ക് സുഹൃത്തുക്കളുമൊത്ത് ഓണസദ്യ കഴിച്ച് വിശ്രമിക്കുകയായിരുന്ന സുനീഷിന്റെ അപ്രതീക്ഷിത അന്ത്യത്തിന്റെ ഞെട്ടലിൽ നിന്നും പെർത്ത് മലയാളികൾ ഇതുവരെ മുക്തരായിട്ടില്ല. സണ്ണി എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന സുനീഷ് (35) ക്ഷീണം തോന്നിയതിനെ തുടർന്ന് ബെഡ്‌റൂമിൽ വിശ്രമിക്കുവാൻ പോകുകയായിരുന്നു. ഇതിനിടയിലാണ് ഹൃദയാഘാതം സുനീഷിന്റെ ജീവൻ അപഹരിച്ചത്. സുഹൃത്തുക്കൾ യാത്രപറയുവാൻ വിളിച്ചുണർത്താൻ ശ്രമിച്ചപ്പോഴാണ് സുനീഷ് ചലനമറ്റുകിടക്കുന്നതു കണ്ടത്. ഉടൻ തന്നെ ആർമഡയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെർത്ത് നഗരത്തിൽ നിന്നും 20 കിലോമീറ്റർ മാറി സെവില്ലിഗ്രൂവ് എന്ന സ്‌ഥലത്താണ്‌ സുനീഷ് താമസിക്കുന്നത്. ഒരു സ്വകാര്യ നേഴ്‌സിങ് ഹോമിലെ എൻ റോൾഡ് നേഴ്‌സായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ നീനു ഫിയോന സ്റ്റാൻലി ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്സാണ്. രണ്ടു മക്കളുണ്ട്. സുനീഷ് തിരുവനന്തപുരം സ്വദേശിയാണ്. ഭാര്യ നീനു കോട്ടയം ജില്ലയിലെ കളത്തൂർ സ്വദേശിയുമാണ്.

മൃതദേഹം സെപ്റ്റംബർ 15 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മാടിന്റൺ ഹോളി ഫാമിലി പള്ളിയിൽ എത്തിക്കും. തുടർന്ന് 11 മണി മുതൽ പൊതുദർശനവും സംസ്കാര ശുശ്രൂഷയും നടക്കും. ഉച്ചയോടെ ഫ്രീമാന്റിൽ സെമിത്തേരിയിലാണ് (Carrington Street & Leach Highway, Palmyra WA 6157) മൃതദേഹം സംസ്കരിക്കുക. സുനീഷിന്റെയും, നീനയുടെയും ബന്ധുക്കൾ സംസ്കാരചടങ്ങുകളിൽ പങ്കെടുക്കുവാൻ പെർത്തിലെത്തിയിട്ടുണ്ട്. പെർത്തിലെ മലയാളി സമൂഹത്തിലെ നിറസാന്നിധ്യമായിരുന്ന സുനീഷ് ഒരു നല്ല നർത്തകൻ കൂടിയായിരുന്നു. കുട്ടികളെ കലാപരിപാടികൾക്ക് സജ്ജരാക്കുന്നതിൽ എന്നും മുൻപന്തിയിൽ പ്രവർത്തിച്ചുപോന്ന സുനീഷിന്റെ അപ്രതീക്ഷിത അന്ത്യം പെർത്തിലെ മലയാളി സമൂഹത്തിന് തന്നെ തീരാനഷ്ടമാണ്.

NO COMMENTS

LEAVE A REPLY