സഹോദരിയുടെ കൊലപാതകം മറച്ചുവച്ച സഹോദരന് കോടതിശിക്ഷ.

0
401

ബ്രിസ്‌ബേൻ : ക്വീന്‍സ് ലാന്‍ഡില്‍ കൊല്ലപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ വളര്‍ത്തു സഹോദരന് മൂന്നു മാസം തടവുശിക്ഷ. 12 കാരിയായ ടിയാഹ്‌ലെയ്ഹ് പാമറിന്റെ സഹോദരന്‍ ജോഷ്വ തോര്‍ബേണിനെയാണ് കോടതി ശിക്ഷിച്ചത്. പാമറിന്റെ കൊലപാതകം സംബന്ധിച്ച വിവരങ്ങള്‍ മറച്ചുവച്ചതിനും പോലീസിനോട് കള്ളം പറഞ്ഞതിനുമാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്.

ടിയാഹ്‌ലെയ്ഹ് പാമറിന്റെ കൊലപാതകത്തില്‍ കുടുംബത്തിനുള്ള ബന്ധമാണ് യുവാവ് മറച്ചുവച്ചതെന്ന് ജഡ്ജി ക്രെയ്ഗ് ചൗധരി പറഞ്ഞു. 15 മാസത്തേക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 2015 നവംബര്‍ അഞ്ചിനാണ് ടിയാഹ്‌ലെയ്ഹ് പാമറിന്റെ മൃതദേഹം പിംപാനയിലെ നദീതീരത്ത് കണ്ടെത്തിയത്. ഇതേക്കുറിച്ചുള്ള സുപ്രധാന അന്വേഷണം പുരോഗമിക്കുകയാണ്. മൃതദേഹം കണ്ടെത്തുന്നതിന് ഒരാഴ്ചമുമ്പാണ് ടിയാഹ്‌ലെയ്ഹ് പാമറിനെ കാണാനില്ലെന്ന് വളര്‍ത്തച്ഛനായ റിക് തോര്‍ബേണ്‍ പരാതി നല്‍കിയത്. ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന പാമറിനെ ലൊഗാനിലെ മാര്‍സ്‌ഡെന്‍ സ്‌റ്റേറ്റ് ഹൈസ്‌കൂള്‍ ഗേറ്റിനു മുമ്പില്‍ കൊണ്ടുവിട്ടിരുന്നതായി ഇയാള്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞവര്‍ഷം പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് രണ്ടാനച്ഛനായി റിക്കിനെതിരേ പോലീസ് കേസെടുത്തിരുന്നു. ഗൂഢാലോചന, കേസ് വഴിതിരിച്ചു വിടാനുള്ള ശ്രമങ്ങള്‍ എന്നിവയ്ക്ക് റിക്കിന്റെ മറ്റൊരു മകനായ ട്രെന്റിനെതിരേയും റിക്കിന്റെ ഭാര്യ ജുലെയ്ന്‍ തോര്‍ബേണ്‍, ജോഷ്വാ തോര്‍ബേണ്‍ എന്നിവര്‍ക്കെതിരേയും പോലീസ് കേസെടുത്തിരുന്നു.

പെണ്‍കുട്ടി അപ്രത്യക്ഷയായതിനുശേഷം പോലീസ് ഇവരുടെ വീട്ടില്‍ പരിശോധന നടത്തിയിരുന്നതായി പ്രോസിക്യൂട്ടര്‍ ഡേവിഡ് നാര്‍ഡോണ്‍ കോടതിയെ അറിയിച്ചു. കള്ളം പറയാന്‍ ജോഷ്വായെ മാതാവായ ജുലെയ്ന്‍ നിര്‍ബന്ധിക്കുന്നതിന്റെ ഇലക്ട്രോണിക് റെക്കോര്‍ഡിംഗുകള്‍ പോലീസിനു ലഭിച്ചിരുന്നു. അടുത്ത ദിവസം അവള്‍ സ്‌കൂളില്‍ പോയതു സംബന്ധിച്ച് കുടുംബത്തിലെ എല്ലാവരും ഒരു കഥതന്നെ പറയണമെന്ന് ജുലെയ്ന്‍ ആവശ്യപ്പെട്ടു. ടിയാഹ്‌ലെയ്ഹ് പാമറിനെ കാണാതായ രാത്രിയില്‍ കുടുംബാംഗങ്ങളെല്ലാവരും രഹസ്യമായി സമ്മേളിച്ചു. ഇവിടെവച്ചാണ് ട്രെന്റിന് പെണ്‍കുട്ടിയുമായി അവിഹിത ലൈംഗികബന്ധമുണ്ടായിരുന്നെന്ന കാര്യം വെളിപ്പെടുത്തപ്പെട്ടത്. എല്ലാം ട്രെന്റിനെ രക്ഷിക്കാനാണെന്നും പാമര്‍ സ്‌കൂളില്‍നിന്ന് അപ്രത്യക്ഷമാകുമെന്നും റിക് പറഞ്ഞതായി നര്‍ദോണ്‍ പറഞ്ഞു. ടിയ ഇനി നമ്മോടൊപ്പമുണ്ടാകില്ലെന്ന് പിതാവായ റിക് പറഞ്ഞതായി ജോഷ്വ പോലീസിനോട് സമ്മതിച്ചു. അതായത് ടിയാഹ്‌ലെയ്ഹ് പാമറെ പിതാവ് കൊലപ്പെടുത്തിയെന്നു മനസിലായെന്ന് അവന്‍ പറഞ്ഞു. സത്യം പറഞ്ഞാല്‍ പിതാവ് തന്നോട് എന്തു പ്രവര്‍ത്തിക്കുമെന്ന പേടിയാണ് കള്ളം പറയാന്‍ കാരണമെന്ന് ജോഷ്വ കോടതിയില്‍ സമ്മതിച്ചു.

NO COMMENTS

LEAVE A REPLY