മുഖമൂടി ധരിച്ച് ബലാൽസംഗം ചെയ്ത രണ്ടാനച്ഛനെ കോടതി 9 വര്‍ഷം ശിക്ഷിച്ചു.

0
913

പെർത്ത് : കൗമാരക്കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛന് 9 വര്‍ഷം തടവുശിക്ഷ. കഴിഞ്ഞ വര്‍ഷം ക്രിസ്മസിനു മുമ്പാണ് ഇയാള്‍ രണ്ടുതവണ യുവതിയെ പീഡിപ്പിച്ചത്. സ്റ്റാര്‍ വാര്‍ മുഖംമൂടിയും ശബ്ദം മാറ്റുന്നതിനുള്ള ഉപകരണവും ധരിച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. താന്‍ രണ്ടാനച്ഛനാണെന്ന് പെണ്‍കുട്ടി മനസിലാക്കാതിരിക്കാനായിരുന്നു മുഖംമൂടിയും മറ്റും ധരിച്ചത്. പെണ്‍കുട്ടിയുടെ രഹസ്യാത്മകത സൂക്ഷിക്കുന്നതിന് 37 കാരനായ രണ്ടാനച്ഛന്റെ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനാണ് 18 കാരിയായ പെണ്‍കുട്ടിയുമൊത്ത് രണ്ടാനച്ഛന്‍ പുറത്തുപോകുന്നത്. വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയിലെ കോളിയിലേക്കാണ് ഇരുവരും യാത്ര ചെയ്തത്. യുവതിയാണ് കാറോടിച്ചിരുന്നത്. യുവതി അറിയാതെ കാറിന്റെ ഇന്ധനം പെട്രോളില്‍നിന്നും ഗ്യാസിലേക്ക് ഇയാള്‍ മാറ്റി. ഇതോടെ കാറിന്റെ എന്‍ജിന്‍ ഓഫായി. വിജനമായ സ്ഥലത്ത് സഹായത്തിന് ആരെയെങ്കിലും ലഭിക്കുമോയെന്നു നോക്കാന്‍ പുറത്തുപോയ രണ്ടാനച്ഛന്‍ തിരികെയെത്തിയത് മുഖംമൂടി ധരിച്ചായിരുന്നു.

പെണ്‍കുട്ടിയുടെ കൈകള്‍ പിന്നിലേക്കു കെട്ടിയശേഷം സീറ്റില്‍ ബന്ധിച്ചശേഷമാണ് അവളെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്. സംഭവം പുറത്തുപറഞ്ഞാല്‍ കൂട്ടബലാല്‍സംഗത്തിന് വിധേയയാക്കുമെന്നും കഷണംകഷണമായി നുറുക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. കൃത്യം നടത്തിയശേഷം പുറത്തുപോയ ഇയാള്‍ ഒന്നും അറിയാത്തതുപോലെ തിരികെയെത്തി. പിറ്റേദിവസം പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കി. കൂടെയുണ്ടായിരുന്ന രണ്ടാനച്ഛനെ പോലീസ് പലതവണ ചോദ്യംചെയ്തു. കുറ്റം സമ്മതിക്കാന്‍ വിസമ്മതിച്ച ഇയാള്‍ക്കെതിരേ പോലീസ് കേസ് ചാര്‍ജ് ചെയ്തു. തന്റെ രണ്ടാനച്ഛനാണ് പ്രതിയെന്ന പോലീസ് കണ്ടെത്തല്‍ വിശ്വസിക്കാന്‍ പെണ്‍കുട്ടി തയാറായില്ല.

രണ്ടുമാസങ്ങള്‍ക്കുശേഷം പരോളിലിറങ്ങിയ ഇയാള്‍ പോലീസിന്റെതെന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള കാറില്‍ ബേണ്‍ബറിയില്‍വച്ച് പെണ്‍കുട്ടിയെ കാറില്‍ കയറ്റിക്കൊണ്ടുപോയി. ഈ സമയവും ഇയാള്‍ മുഖംമൂടി ധരിച്ചിരുന്നു. പെണ്‍കുട്ടിയുടെ അടുത്ത് പോകരുതെന്ന വ്യവസ്ഥയിലാണ് ഇയാള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നത്. പെണ്‍കുട്ടിയുമായി കുറ്റിക്കാടുകള്‍ നിറഞ്ഞ ബോയാന്‍അപിലെത്തി. പെണ്‍കുട്ടിയെ വിവസ്ത്രയാക്കി അവളുടെ നഗ്നഫോട്ടോകളെടുത്തു. പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന് വീണ്ടും ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. വിശദമായ ചോദ്യംചെയ്യലിനൊടുവില്‍ കുറ്റസമ്മതം നടത്തിയ ഇയാള്‍ക്ക് കോടതി 9 വര്‍ഷത്തെ തടവുശിക്ഷയാണു വിധിച്ചിരിക്കുന്നത്. പെണ്‍കുട്ടിക്കു നേര്‍ക്കു നടത്തിയ അതിക്രമങ്ങള്‍ മുന്‍കൂട്ടി പദ്ധതിയിട്ടിരുന്നതാണെന്നും രണ്ടാനച്ഛനില്‍ അര്‍പ്പിച്ചിരുന്ന വിശ്വാസമാണ് ഇയാള്‍ തകര്‍ത്തതായും ജില്ലാ കോടതി ജഡ്ജി ഫെലിസിറ്റി ഡേവിസ് അഭിപ്രായപ്പെട്ടു.

NO COMMENTS

LEAVE A REPLY