വിശ്വാസ വഴിയിൽ രക്ഷിതാക്കൾ കുട്ടികൾക്ക് പ്രചോദനമാവണം : മാർ ബോസ്‌കോ പുത്തൂർ

0
1255

പോൾ സെബാസ്ട്യൻ

മെൽബൺ : വിശ്വാസത്തിന്റെ പാതയിൽ കുട്ടികൾക്ക് എന്നും തങ്ങളുടെ മാതാപിതാക്കളാകണം പ്രചോദനമാവേണ്ടതെന്നും, രക്ഷിതാക്കൾക്കു ബോധ്യമില്ലാത്തതും, വിശ്വാസമില്ലാത്തതുമായ കാര്യങ്ങൾ തങ്ങളുടെ കുട്ടികൾ സ്വായത്തമാക്കണമെന്ന് ആഗ്രഹിക്കരുതെന്നും സീറോ മലബാർ രൂപതാധ്യക്ഷൻ ബിഷപ് മാർ.ബോസ്‌കോ പുത്തൂർ വിശ്വാസ സമൂഹത്തെ ഓർമ്മിപ്പിച്ചു. സെന്റ് അൽഫോൻസാ കത്തീഡ്രൽ ദേവാലത്തിൽ നടന്ന 22 കുട്ടികളുടെ ആദ്യകുർബാന സമർപ്പണ ചടങ്ങിനോടനുബന്ധിച്ചു നടന്ന ദിവ്യബലിയിൽ മുഖ്യ കാർമ്മികത്വം വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ബിഷപ്. വിശുദ്ധ കൊച്ചു ത്രേസ്യ വിശുദ്ധയായി തീർന്നത് നല്ല മാതൃക നൽകിയ മാതാപിതാക്കൾ കാരണമാണെന്നും, ദൈവം സ്നേഹമാണെന്നു അനുഭവിച്ചറിയുന്ന ഏറ്റവും മനോഹരമായ നിമിഷമാണ് വിശുദ്ധ കുർബാനയിൽ ഈശോയെ സ്വീകരിക്കുന്പോൾ നമുക്ക് ലഭിക്കുന്നതെന്നും ബിഷപ് സൂചിപ്പിച്ചു.

ദിവ്യബലിയിൽ രൂപതാ ചാൻസിലറും കത്തീഡ്രൽ വികാരിയുമായ റവ.ഡോ. മാത്യു കൊച്ചുപുരക്കൽ, ഫാ. തോമസ് കുറുന്താനം എന്നിവർ സഹകാർമ്മികരായിരുന്നു. മൂന്നു മാസത്തോളം കുട്ടികളെ പരിശീലിപ്പിച്ചൊരുക്കിയ ജോബി ഫിലിപ്, ഗ്ലാഡിസ് സെബാസ്റ്റിയൻ, ജോയ്‌സി ആന്റണി മതബോധന കുട്ടികളുടെ നേതൃത്വത്തിലുള്ള കത്തീഡ്രൽ ജൂനിയർ ഗായക സംഘത്തിനും ഗ്രാൻഡ് പേരന്റ്സ് ആയ ആന്റണി മുണ്ടേമ്പിള്ളി, റോസമ്മ ആന്റണി ബേബി മാത്യു, ഷാജി വർഗീസ് എന്നിവർക്കും ഇടവക വികാരി ഡോ.മാത്യു കൊച്ചുപുരക്കൽ നന്ദി പറഞ്ഞു.

NO COMMENTS

LEAVE A REPLY