വിക്ടോറിയയിൽ ദയാവധം അംഗീകരിച്ചു.

0
728

മെൽബൺ : ദയാവധത്തിന് വിക്ടോറിയ അംഗീകാരം നല്‍കി. ഓസ്‌ട്രേലിയയില്‍ ദയാവധത്തിന് അംഗീകാരം നല്‍കുന്ന ആദ്യ സംസ്ഥാനമായി വിക്ടോറിയ. വിക്ടോറിയന്‍ പാര്‍ലമെന്റിന്റെ ഉപരിസഭ ഇന്നലെ ദയാവധ ബില്‍ പാസാക്കി. 18 നെതിരേ 22 വോട്ടുകള്‍ക്കാണ് ദയാവധ ബില്‍ പാസായത്. പാര്‍ലമെന്റില്‍ 28 മണിക്കൂര്‍ നീണ്ട മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ബില്‍ വോട്ടിനിട്ടു. രാജ്യം മുഴുവന്‍ വിക്ടോറിയന്‍ പാര്‍ലമെന്റിന്റെ തീരുമാനമറിയാന്‍ ശ്വാസമടക്കിപ്പിടിച്ച് കാത്തിരിക്കുകയായിരുന്നു. അങ്ങനെ രണ്ടുദിവസത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ വികാരനിര്‍ഭരമായ അന്തരീക്ഷത്തില്‍ നാടകീയമായി ആന്‍ഡ്രൂസ് സര്‍ക്കാര്‍ ബില്‍ പാസാക്കിയെടുത്തു.

തങ്ങളുടെ മനഃസാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യാന്‍ എംപിമാര്‍ക്ക് അനുമതി നല്‍കിയിരുന്നു. വോട്ടു രേഖപ്പെടുത്തുമ്പോള്‍ ചില എംപിമാര്‍ വിതുമ്പുന്നത് കാണാമായിരുന്നു. ഭരണകക്ഷിയിലെ നാല് എംപിമാരും ലിബറല്‍ പാര്‍ട്ടിയിലെ അഞ്ചു എംപിമാരും റീസണ്‍ പാര്‍ട്ടിയിലെ ഫിയോണ പാറ്റണ്‍, ലോക്കല്‍ ജോബ്‌സ് പാര്‍ട്ടിയിലെ ജെയിംസ് പര്‍സെല്‍ തുടങ്ങിയവര്‍ ബില്ലിനെ പിന്തുണച്ചു. സഭയില്‍ അവതരിപ്പിച്ച ബില്ലില്‍ ഭേദഗതികളുള്ളതിനാല്‍ അധോസഭയുടെ അംഗീകാരത്തിനായി വീണ്ടും സമര്‍പ്പിക്കും. കഴിഞ്ഞമാസം അധോസഭ ദയാവധ ബില്‍ 37 നെതിരേ 47 വോട്ടുകള്‍ക്ക് പാസാക്കിയിരുന്നു.

ബില്‍ നിയമമാകുന്നതോടെ അസഹനീയമായ വിധത്തില്‍ സഹിക്കുന്ന രോഗികള്‍ക്ക് ഡോക്ടറുടെ സഹായത്തോടെ മരണം സ്വയം തെരഞ്ഞെടുക്കാം. 2019 മുതല്‍ മാത്രമേ നിയമം പ്രാബല്യത്തിലാകുകയുള്ളൂ. തങ്ങളുടെ ജീവിതത്തിന്റെ അവസാനം അന്തസ് ഉയര്‍ത്തിപ്പിടിക്കാന്‍ ഈ നിയമം ഗുരുതര രോഗമുള്ളവര്‍ക്ക് അവസരമൊരുക്കുന്നുവെന്ന് പ്രമീയര്‍ ഡാനിയേല്‍ ആന്‍ഡ്രൂസ് പറഞ്ഞു. പാര്‍ലമെന്റിലെ ഇന്നത്തെ സംഭവങ്ങള്‍ വികാരപരമാണ്. എന്നാല്‍ ബില്‍ പാസാക്കിയത് രോഗികളോടുള്ള അനുകമ്പയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 28 മണിക്കൂറോളം നീണ്ട ചര്‍ച്ചകളില്‍ ബില്ലിലെ 141 വകുപ്പുകളെക്കുറിച്ച് ബില്ലിനെ എതിര്‍ക്കുന്നവര്‍ ചോദ്യശരങ്ങളെറിഞ്ഞു. നിയമത്തിലെ പഴുതുകളടയ്ക്കാന്‍ 68 സംരക്ഷണ വകുപ്പുകള്‍ ചേര്‍ത്തിട്ടുണ്ട്. നിയമം ചൂഷണം ചെയ്യുന്നത് ക്രിമിനല്‍ കുറ്റമായി നിര്‍ദേശിക്കുന്നു.

NO COMMENTS

LEAVE A REPLY