മുതലകളെപ്പേടിച്ച് നാലുദിവസം കാറിനുമുകളിൽ കഴിഞ്ഞ രണ്ടുപേരെ പോലീസ് രക്ഷിച്ചു.

0
1407

പെർത്ത് : മുതലകളുള്ള വെള്ളക്കെട്ടില്‍ അകപ്പെട്ടുപോയ രണ്ടുപേരെ പോലീസ് രക്ഷിച്ചു. വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയുടെ വടക്കന്‍ ഭാഗത്തുള്ള ഉള്‍പ്രദേശത്താണ് രണ്ടുപേര്‍ അകപ്പെട്ടത്. വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയിലെ ഒറ്റപ്പെട്ട സ്ഥലമായ കിംബെര്‍ളിയിലാണ് ഇവര്‍ കുടുങ്ങിയത്. തങ്ങള്‍ സഞ്ചരിച്ചിരുന്ന കാര്‍ ചെളിയില്‍ താണുപോയതിനെത്തുടര്‍ന്ന് രക്ഷപ്പെടാനുള്ള മാര്‍ഗം അടയുകയായിരുന്നു. ഇതിനിടെ കാറിനെ മുതലകള്‍ വളഞ്ഞതോടെ പുറത്തിറങ്ങാനും സാധിക്കാത്ത അവസ്ഥയിലായി. കൂടെയുണ്ടായിരുന്ന വളര്‍ത്തുനായോടൊപ്പം കാറിന്റെ മുകളില്‍ കയറിക്കൂടി. വിഷമവൃത്തത്തിലായ ഇവരെ ഒരു മുതല വിടാതെ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. വളര്‍ത്തുനായോടൊപ്പം ഇരുവരും കാറിനുമുകളില്‍ കഴിഞ്ഞത് നാലു ദിവസമാണ്. കൈവശമുണ്ടായിരുന്ന വെള്ളം മാത്രമായിരുന്നു ഭക്ഷണം.

ആഴ്ചയവസാനം ചെലവഴിക്കുന്നതിന് മീന്‍പിടിക്കുന്നതിനാണ് ഇരുവര്‍ സംഥം ഡാംപിയര്‍ കോണ്‍തുരുത്തിലേക്ക് പോയത്. കഴിഞ്ഞ വെള്ളിയാഴ്ച ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ചതുപ്പില്‍ താണു. തിങ്കളാഴ്ചയായിട്ടും ഇവര്‍ മടങ്ങിവരാതിരുന്നതിനെത്തുടര്‍ന്ന് പോലീസില്‍ നല്‍കിയ അറിയിപ്പിനെത്തുടര്‍ന്നാണ് അന്വേഷണം വ്യാപിപ്പിച്ചത്. കരയില്‍ നടത്തിയ അന്വേഷണം വിഫലമായതിനെത്തുടര്‍ന്ന് ആകാശനിരീക്ഷണം നടത്തിയതിനെത്തുടര്‍ന്നാണ് ഇരുവരും ആപത്തില്‍ പെട്ടിരിക്കുകയാണെന്ന് പോലീസ് കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് ഇരുവരെയും കണ്ടെത്താന്‍ പോലീസിനായത്.

മുതലയുമായി നേരിടേണ്ടിവന്നപ്പോള്‍ ഗത്യന്തരമില്ലാതെ കാറിന്റെ മുകളില്‍ ഇരുവരും കയറേണ്ടിവന്നതായി ബ്രൂം പോലീസ് സര്‍ജന്റ് മാര്‍ക്ക് ബാല്‍ഫോര്‍ പറഞ്ഞു. ശരീരത്തില്‍ ജലാംശം കുറഞ്ഞനിലയിലായിരുന്നു ഇരുവരും. പോലീസിന്റെ കൃത്യസമയത്തുള്ള ഇടപെടീലാണ് ഇരുവരുടെയും ജീവന്‍ രക്ഷിച്ചത്. ഈ മേഖലയില്‍ ഈ വര്‍ഷം മുതലകളുടെ സാന്നിധ്യം വളരെക്കൂടുതലാണ്. ആഴ്ചയവസാനം ആഘോഷിക്കാനെത്തുന്നവര്‍ ഈ മേഖലയില്‍ പാമ്പുകളെയും മുതലകളെയും ശ്രദ്ധിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കുന്നു.

NO COMMENTS

LEAVE A REPLY