കത്തോലിക്കാ വൈദികർ കുട്ടികളുടെ മേൽ കാമദാഹം തീർക്കുന്നു. 4 ,444 കേസ്സുകൾ റോയൽ കമ്മീഷന്റെ പരിഗണനയിൽ.

0
1014

മെൽബൺ : രാജ്യത്തെ കത്തോലിക്കാ സഭയിലെ വൈദികര്‍ ഒട്ടനവധി ലൈംഗിക പീഡനക്കേസില്‍ പ്രതികളെന്ന് റിപ്പോര്‍ട്ട്. കുട്ടികള്‍ക്കെതിരേയുള്ള ലൈംഗിക അതിക്രമങ്ങളില്‍ കത്തോലിക്കാ സഭയിലെ നിരവധി വൈദികര്‍ പ്രതികളാണെന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. 1950 നും 2009 നുമിടയില്‍ സഭയിലെ ഏഴു ശതമാനം വൈദികര്‍ ലൈംഗിക പീഡനക്കേസില്‍ കുറ്റാരോപിതരാണെന്നാണ് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. ആരോപണത്തിന് ഏറ്റവും കൂടുതല്‍ വിധേയരായ സഭയുടെ കീഴിലുള്ള സ്ഥാപനങ്ങളുടെയും അവിടെയുള്ള അംഗങ്ങളുടെയും എണ്ണം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സന്യാസ സമൂഹങ്ങള്‍ സ്‌കൂളുകളും കുട്ടികള്‍ക്കായി മറ്റു കേന്ദ്രങ്ങളും നടത്തുന്നുണ്ട്. കുട്ടികള്‍ക്കെതിരേയുള്ള ലൈംഗിക അതിക്രമങ്ങള്‍ അന്വേഷിക്കുന്ന റോയല്‍ കമ്മീഷന്റെ ഭാഗമായി വിവിധ സ്ഥാപനങ്ങളില്‍ ആരോപണ വിധേയരായവരുടെ കണക്കുകള്‍ ശേഖരിക്കുകയായിരുന്നു.

1950 നും 2009 നുമിടയില്‍ ആരോപണ വിധേയരായ വൈദികര്‍, പൗരോഹിത്യം സ്വീകരിക്കാത്ത സഹോദരര്‍, കന്യാസ്ത്രികള്‍ എന്നിവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനായി കത്തോലിക്കാ സഭ പത്ത് സന്യാസ സഭകളിലും 75 സഭാ അധികൃതരിലും നടത്തിയ സര്‍വേകളുടെ ഫലമാണ് ഇപ്പോള്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന റിപ്പോര്‍ട്ട്. ഈ സര്‍വേയില്‍ 4,444 ലൈംഗിക പീഡന സംഭവങ്ങള്‍ കണ്ടെത്തിയിട്ടുള്ളതായി കൗണ്‍സല്‍ ഗെയില്‍ ഫര്‍ണസ് പറഞ്ഞു. ഇത് പുറത്ത് വന്ന കണക്കുകൾ മാത്രമാണെന്നും, ഇതിന്റെ ഇരട്ടിയിലധികം കേസ്സുകൾ റിപ്പോർട് ചെയ്തിട്ടില്ലെന്നും റോയൽ കമ്മീഷൻ അറിയിച്ചു.ലൈംഗികചൂഷണത്തിനിരയായവരില്‍ 90 ശതമാനംപേരും ആണ്‍കുട്ടികളാണ്. പീഡനത്തിനിരായാകുമ്പോള്‍ ഇവരുടെ പ്രായം ഏകദേശം പതിനൊന്നര വയസായിരുന്നെന്നാണ് കണ്ടെത്തിയത്. ചൂഷണത്തിനിരയായ പെണ്‍കുട്ടികളുടെ ശരാശരി പ്രായം പത്തരവയസാണ്.

അറുപതു വര്‍ഷത്തെ കാലയളവില്‍ കുട്ടികള്‍ക്കെതിരേയുള്ള ലൈംഗിക ചൂഷണ കുറ്റകൃത്യങ്ങളില്‍ ആരോപണ വിധേയരായ ഏഴു ശതമാനം വൈദികര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അമേരിക്കയില്‍ നടത്തിയ സര്‍വേയില്‍ ലൈംഗിക ആരോപണ വിധേയരായ വൈദികരുടെ എണ്ണം അഞ്ചര ശതമാനം മാത്രമാണ്. റിപ്പോര്‍ട്ടില്‍ ഓസ്‌ട്രേലിയയിലെ ചില രൂപതകളില്‍നിന്നുള്ള വിവരങ്ങള്‍ ചേര്‍ത്തിട്ടില്ല. റിപ്പോര്‍ട്ടനുസരിച്ച് വിക്ടോറിയയിലെ സാലെ രൂപതയാണ് ഏറ്റവും മോശപ്പെട്ട രൂപത. ഇവിടെ ഈ കാലയളവില്‍ ലൈംഗിക ആരോപണ വിധേയരായ 15.1 ശതമാനം വൈദികരുണ്ട്. സന്യാസ സഭകളില്‍ ഏറ്റവും മോശം ന്യൂ നോര്‍സിയയിലെ ബെനഡിക്ടൈന്‍ സമൂഹമാണ്. ഈ കാലയളവില്‍ 21.5 ശതമാനം അംഗങ്ങളാണ് ലൈംഗിക ആരോപണ വിധേയരായത്.

NO COMMENTS

LEAVE A REPLY