ആറ് വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കുറ്റം ചുമത്തിയ കുട്ടികളെ കോടതി കുറ്റവിമുക്തരാക്കി.

0
586

സിഡ്‌നി : ആറുവയസുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പിടിയിലായ രണ്ട് ആണ്‍കുട്ടികളെ കോടതി കുറ്റവിമുക്തരാക്കി. കോടതിച്ചെലവ് കുട്ടികള്‍ക്കു നല്‍കാന്‍ പോലീസിന് കോടതി നിര്‍ദേശം നല്‍കി. സിഡ്‌നിയുടെ വടക്കന്‍ ബീച്ചിലെ പ്രൈമറി സ്‌കൂളിലായിരുന്നു വിവാദമായ സംഭവം നടന്നത്. സ്‌കൂളിലെ ടോയ്‌ലെറ്റില്‍വച്ച് ബാലികയെ പീഡിപ്പിച്ചെന്നായിരുന്നു കേസ്. ജൂണ്‍ 24 നും ജൂലൈ ഒന്നിനുമിടയില്‍ മൂന്നു തവണ ആണ്‍കുട്ടികള്‍ ബാലികയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആരോപണമുയര്‍ന്നത്.

ബാലിക സ്‌കൂളിലും മാതാപിതാക്കളോടും പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടാഴ്ചത്തെ അന്വേഷണത്തിനൊടുവില്‍ 12 വയസുള്ള രണ്ട് ആണ്‍കുട്ടികളെ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ അനുമതിയില്ലാതെ ലൈംഗികബന്ധത്തിലേര്‍പ്പെട്ടെന്ന മൂന്ന് ആരോപണങ്ങള്‍ മജിസ്‌ട്രേറ്റ് ജെഫ്‌റി ഹോഗ് തള്ളിക്കളഞ്ഞു. ലൈംഗിക പീഡനമെന്ന ആരോപണം കോടതി തള്ളിയതിനെത്തുടര്‍ന്ന് ബാലികയോട് മോശമായി പെരുമാറിയെന്ന ഏഴു കേസുകളും പിന്‍വലിക്കുകയാണെന്ന് പബ്ലിക് പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ കോടതിയെ അറിയിച്ചു. ഇതേത്തുടര്‍ന്ന് 11,315, 9,746 ഡോളര്‍ വീതം കോടതിച്ചെലവിനത്തില്‍ രണ്ട് ആണ്‍കുട്ടികള്‍ക്കും നല്‍കാന്‍ കോടതി വിധിക്കുകയായിരുന്നു. ഈ തുക പോലീസ് നല്‍കാനാണ് വിധിച്ചിരിക്കുന്നത്.

NO COMMENTS

LEAVE A REPLY