സ്‌കൂൾ ഫണ്ട് അടിച്ചുമാറ്റിയ മാനേജരെ പൊക്കി. സ്‌കൂളിന് നഷ്ടമായത് ഒരു ദശലക്ഷം ഡോളര്‍

0
576

അഡലൈഡ് : സൗത്ത് ഓസ്‌ട്രേലിയയിലെ സ്വകാര്യ സ്‌കൂള്‍ ഫണ്ടില്‍നിന്ന് ഒരു ദശലക്ഷം ഡോളര്‍ വെട്ടിപ്പു നടത്തിയതായി കണ്ടെത്തി. സ്‌കൂളിലെ ബിസിനസ് മാനേജരായിരുന്ന ട്രാവിസ് ഡേവിഡ് സേജെന്‍സ്ച്‌നിറ്ററാണ് പല തവണകളായി ഒരു ദശലക്ഷത്തോളം ഡോളര്‍ മോഷ്ടിച്ചത്. അഡ്‌ലെയ്ഡിനു വടക്കു കിഴക്കായുള്ള ബറോസാ വാലിയിലെ ലിന്‍ഡോക് സെന്റ് ജാക്കോബി ലൂതറന്‍ സ്‌കൂളില്‍നിന്നാണ് സേജെന്‍സ്ച്‌നിറ്റര്‍ പല തവണകളായി പണം തട്ടിയെടുത്തത്. 34 കാരനായ ഇയാള്‍ 2012 മുതല്‍ കഴിഞ്ഞവര്‍ഷം വരെ ഇവിടെ ജോലി ചെയ്തിരുന്നു.

എലിസബത്ത് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ തനിക്കെതിരേയുള്ള ആരോപണങ്ങള്‍ ശരിവച്ചു. സ്‌കൂള്‍ ഫണ്ടില്‍നിന്ന് ഏകദേശം ഒരു ദശലക്ഷത്തോളം ഡോളര്‍ അടിച്ചുമാറ്റിയതായി ഇയാള്‍ കോടതിയില്‍ സമ്മതിച്ചു. ചൂതുകളിയില്‍ കമ്പമുള്ളതിനാല്‍, ഇതിനായി പണം കണ്ടെത്തുന്നതിനാണ് സ്‌കൂള്‍ ഫണ്ടില്‍നിന്ന് പണം മോഷ്ടിച്ചിരുന്നതെന്ന് സേജെന്‍സ്ച്‌നിറ്റര്‍ സമ്മതിച്ചു. തന്റെ മോഷണം മറച്ചുവയ്ക്കുന്നതിന് വ്യാജ വൗച്ചറുകളും സാമ്പത്തിക റിപ്പോര്‍ട്ടുകളും കണക്കുകളില്‍ ഉള്‍പ്പെടുത്തിയിരുന്നു. സ്‌കൂളിന്റെ ബിസിനസ് മാനേജരെന്ന നിലയില്‍ സേജെന്‍സ്ച്‌നിറ്ററിന്റെ പ്രവര്‍ത്തനം വളരെ മോശമാണെന്നു കണ്ടെത്തിയ സ്‌കൂള്‍ അധികൃതര്‍ ഇയാളെ ശകാരിക്കുകയും പകരം മറ്റൊരാളെ നിയമിക്കുകയും ചെയ്തിരുന്നു.

പുതുതായി നിയമിതയായ വ്യക്തി സ്‌കൂളിന്റെ സാമ്പത്തിക റിപ്പോര്‍ട്ടില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. വിദ്യാര്‍ഥികള്‍ക്ക് ഐപാഡുകള്‍ നല്‍കിയ ഇനത്തില്‍ 49,000 ഡോളര്‍ നല്‍കിയതായുള്ള സാമ്പത്തിക റിപ്പോര്‍ട്ടാണ് സേജെന്‍സ്ച്‌നിറ്ററിന്റെ കള്ളത്തരം പിടിക്കപ്പെടുന്നതിന് തുടക്കമിട്ടത്. തുക നല്‍കിയതായുള്ള ഇന്‍വോയിസ് ഉണ്ടെങ്കിലും വിദ്യാര്‍ഥികള്‍ക്ക് ഐപാഡ് നല്‍കിയിട്ടില്ല. സ്‌കൂളിന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് ഒരു ലക്ഷം ഡോളര്‍ സേജെന്‍സ്ച്‌നിറ്ററിന്റെ ചൂതാട്ട അക്കൗണ്ടിലേക്ക് ഓണ്‍ലൈനായി മാറ്റിയിരിക്കുന്നതും കണ്ടെത്തിയിട്ടുണ്ട്.

സേജെന്‍സ്ച്‌നിറ്ററിന്റെ വഞ്ചന സ്‌കൂള്‍ സമൂഹത്തെ വളരെ വേദനിപ്പിക്കുന്നതായി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കാതറിന്‍ ക്രെയ്ഗ് പറഞ്ഞു. സേജെന്‍സ്ച്‌നിറ്റര്‍ ബോധപൂര്‍വം കുട്ടികളെ കൊള്ളയടിക്കുകയായിരുന്നെന്ന് അവര്‍ പറഞ്ഞു. വ്യക്തമായ പദ്ധതികളോടെ, ആര്‍ക്കും സംശയത്തിനിട നല്‍കാതെ സമയമെടുത്തു നടത്തിയ ആസൂത്രിത തട്ടിപ്പായിരുന്നു ഇയാളുടേത്. തന്നിലുണ്ടായിരുന്ന വിശ്വാസത്തെ വഞ്ചിച്ചതിനും പണാപഹരണം നടത്തിയതിനും സേജെന്‍സ്ച്‌നിറ്റര്‍ കോടതിയില്‍ ക്ഷമാപണം നടത്തി.

NO COMMENTS

LEAVE A REPLY