സ്വവർഗ വിവാഹബിൽ ; സർഗ്ഗസംവാദം 21 – ന് മെൽബണിൽ

0
877

മെൽബൺ : സ്വവർഗ വിവാഹം ഓസ്‌ട്രേലിയയിൽ പലസ്‌ഥലത്തും ഇപ്പോഴും നടക്കുന്നുണ്ടെങ്കിലും അതിന് നിയമ സാധുത ഇതുവരെ ഉണ്ടായിരുന്നില്ല. അനുകൂലിച്ചും, എതിർത്തും രാഷ്ട്രീയ പാർട്ടികളും, പ്രസ്‌ഥാനങ്ങളും എന്നും സജീവമായി ഈ വിഷയത്തിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്താറുണ്ടായിരുന്നു. ഈ വിഷയത്തിലുള്ള ഓസ്‌ട്രേലിയൻ ജനതയുടെ അഭിപ്രായമറിയുവാൻ സർക്കാർ ഇപ്പോൾ ജനകീയ ഹിതപരിശോധന നടത്തുകയാണ്. ഒക്ടോബർ അവസാനം വരെ ഓരോരുത്തർക്കും തങ്ങളുടെ അഭിപ്രായങ്ങൾ Yes അല്ലെങ്കിൽ No എന്നെഴുതി വോട്ടുരേഖപ്പെടുത്തുവാൻ സർക്കാർ അവസരമൊരുക്കിയിരിക്കുകയാണ്.

ഈ വിഷയത്തിൽ മലയാളി സമൂഹവും ശക്തമായ ഇടപെടൽ നടത്തിവരുകയാണ്. പ്രവാസി മലയാളി സമൂഹത്തിൽ നിർണ്ണായക സ്വാധീനമുള്ള സീറോ മലബാർ സഭായുടെ ബിഷപ്പ് തന്നെ പരസ്യമായി ഈ വിഷയത്തെ എതിർത്ത് വോട്ട് രേഖപ്പെടുത്തണമെന്ന് പറഞ്ഞുകൊണ്ട് രംഗത്ത് വന്നു കഴിഞ്ഞു. ചൂടുപിടിക്കുന്ന ഇത്തരം ചർച്ചകളിൽ ഇവിടെ ജീവിക്കുന്ന മലയാളി സമൂഹവുമായി ഈ വിഷയത്തിന്റെ ന്യായാന്യായങ്ങൾ ചർച്ച ചെയുവാൻ മെൽബൺ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സംഘടനയായ എസ്സൻസ് മുന്നോട്ടുവന്നിരിക്കുകയാണ്. ഒക്ടോബർ 21 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് മെൽബണിലെ ക്യാംബർവെൽ ചാംലി ഹോളിലാണ് സംവാദം സംഘടിപ്പിച്ചിരിക്കുന്നത്. ബൗദ്ധികമായ വിപ്ലവം പുരോഗമന സമൂഹത്തിന്റെ ജീവവായു ആകുമ്പോൾ ഇത്തരം ചർച്ചകളും, സംവാദങ്ങളും തികച്ചും അനിവാര്യമാണെന്നും അതുകൊണ്ട് തന്നെ തങ്ങളുടെ അഭിപ്രായങ്ങൾ തുറന്നു പറയുവാനും, സമർഥിക്കുവാനും മലയാളികൾക്കും അവസരമൊരുക്കുകയാണ് എസ്സൻസിന്റെ ലക്ഷ്യമെന്നും ഭാരവാഹികൾ അറിയിച്ചു. നിലവിൽ സ്വവർഗ വിവാഹം കഴിച്ച് ജീവിക്കുന്ന മലയാളികളടക്കമുള്ളവർ സംവാദത്തിൽ പങ്കെടുക്കുന്നു എന്ന പ്രത്യേകതയും ഈ സംവാദത്തിനുണ്ട്. പുതുതലമുറയോടൊപ്പം പുരോഗമനാശയങ്ങൾ പ്രചരിപ്പിക്കുന്നതിന് സജീവമായി ഇടപെട്ടുവരുന്ന കേരളവർമ്മ, റിസേർച്ച് ഫെലോ ഫാ.ജേക്കബ് ജോസഫ്, ജോർജ് വർഗീസ് , ജോസ് സെബാസ്ട്യൻ, ഹേമ കൃഷ്ണമൂർത്തി, ലിന്റൺ തോമസ്, ഫാ. ജോസ് വള്ളിക്കാട്ട് , ഡോക്ടർ ഗോവിന്ദ് പിള്ള എന്നിവർ സംവാദത്തിനു നേതൃത്വം കൊടുക്കും. കൂടുതൽ വിവരങ്ങൾക്കായി 0470023793 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

NO COMMENTS

LEAVE A REPLY