ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ 45 ാം പ്രസിഡന്റായി സ്ഥാനമേറ്റു.

0
673

അമേരിക്കയുടെ 45 ാമത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഓസ്‌ട്രേലിയന്‍ പ്രദേശിക സമയം വെളുപ്പിന് നാലിനായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. അമേരിക്കന്‍ പാര്‍ലമെന്റായ ക്യാപ്പിറ്റോളിനു മുന്നില്‍ ഒരുക്കിയ പ്രൗഢഗംഭീരമായ ചടങ്ങിനിടെയായിരുന്നു സത്യപ്രതിജ്ഞ. ഒന്‍പതുലക്ഷത്തിലധികം അമേരിക്കക്കാരെ സാക്ഷികളാക്കി അമേരിക്കന്‍ ചീഫ് ജസ്റ്റിസ് ജോണ്‍ റോബെര്‍ട്‌സ് ട്രംപിന് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. മുന്‍ പ്രസിഡന്റുമാരായ ജോര്‍ജ് ബുഷ്, ബില്‍ ക്ലിന്റന്‍, സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ബരാക് ഒബാമ എന്നിവര്‍ വിശിഷ്ടാതിഥികളായി. വൈസ് പ്രസിഡന്റായി മൈക് പെന്‍സ് സ്ഥാനമേറ്റയുടനെയായിരുന്നു ട്രംപിന്റെ സ്ഥാനാരോഹണം.

ഇതാദ്യമായി അമേരിക്കന്‍ ഭരണം ജനങ്ങളിലേക്ക് നല്‍കുകയാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഥമ പ്രസംഗത്തില്‍ പറഞ്ഞു. ഒരു പാര്‍ട്ടിയില്‍നിന്ന് മറ്റൊന്നിലേക്ക്, ഒരു ഭരണ സംവിധാനത്തില്‍നിന്ന് മറ്റൊന്നിലേക്ക് അല്ല, വാഷിംഗ്ടണില്‍നിന്ന് ജനങ്ങളിലേക്കുള്ള അധികാര കൈമാറ്റമാണ് ഇപ്പോള്‍ നടന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ പങ്കുപറ്റുന്ന ചെറിയൊരു വിഭാഗമുണ്ട്. എന്നാല്‍ ഇതിനായി പ്രയത്‌നിക്കുകയും യാതൊരു ഫലവും ലഭിക്കാത്തതുമായ വലിയൊരു വിഭാഗമുണ്ടെന്ന് ട്രംപ് പറഞ്ഞു. ഇങ്ങനെ അവഗണിക്കപ്പെട്ടിരിക്കുന്ന വലിയ വിഭാഗത്തിനും ഭരണനേട്ടമുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്ക ആദ്യം എന്ന തന്റെ കാഴ്ചപ്പാട് നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. വ്യാപാരം, നികുതി, കുടിയേറ്റം, വിദേശകാര്യം തുടങ്ങിയവയിലെല്ലാം അമേരിക്കന്‍ തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കും പ്രയോജനകരമാക്കും. മറ്റു രാജ്യങ്ങളുമായുള്ള ബന്ധം ഊഷ്മളമാക്കുമെന്നും ഇസ്ലാമിക തീവ്രവാദത്തെ പൂര്‍ണമായും തുടച്ചുനീക്കുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ ജനതയുടെ ക്ഷേമമാണ് തന്റെ ലക്ഷ്യമെന്നും അതിനായി അന്ത്യശ്വാസംവരെ പ്രയത്‌നിക്കുമെന്നും അദ്ദേഹം പറഞ്ഞു. കരഘോഷത്തോടെയാണ് ട്രംപിന്റെ പ്രസംഗം ജനങ്ങള്‍ ശ്രവിച്ചത്.

വൈറ്റ്ഹൗസിലെ ഔദ്യോഗിക അതിഥി മന്ദിരത്തില്‍ കുടുംബത്തോടൊപ്പം ഇന്നലെ രാത്രി കഴിച്ചുകൂട്ടിയ ട്രംപ് രാവിലെ സെന്റ് ജോണ്‍സ് എപ്പിസ്‌കോപ്പല്‍ ദേവാലയത്തില്‍ നടന്ന പ്രാര്‍ഥനാ ശുശ്രൂഷയില്‍ പങ്കെടുത്തു. പ്രസിഡന്റ് ബരാക് ഒബാമയും ഭാര്യ മിഷേല്‍ ഒബാമയും ഒരുക്കിയ വിരുന്നില്‍ പങ്കെടുത്തശേഷമാണ് ക്യാപ്പിറ്റോളില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കായി തിരിച്ചത്.

സത്യപ്രതിജ്ഞാ ചടങ്ങിനോട് അനുബന്ധിച്ച് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റാകുന്നതിനെതിരേ പ്രതിഷേധക്കാര്‍ പ്രതിഷേധ സമരം നടത്തി. പ്രതിഷേധക്കാര്‍ പോലീസുമായി ഏറ്റുമുട്ടലുണ്ടായെങ്കിലും അനിഷ്ട സംഭവങ്ങളൊന്നുമില്ല.

NO COMMENTS

LEAVE A REPLY