കോടതിയും കൈവിട്ടു. മനൂസ് ദ്വീപിലെ അഭയാർഥികളുടെ ദുരിതം തുടരും.

0
726

മെൽബൺ : മനൂസ് ദ്വീപിലെ തടഞ്ഞുവയ്ക്കല്‍ കേന്ദ്രത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന അപേക്ഷ പാപ്പുവ ന്യൂ ഗിനിയ സുപ്രീംകോടതി തള്ളി. സുപ്രീംകോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്ന് അഭിഭാഷകര്‍ വ്യക്തമാക്കി. മനുഷ്യാവകാശ പരിഗണനയുടെ അടിസ്ഥാനത്തില്‍ വൈദ്യുതി, ഭക്ഷണം, വെള്ളം, ചികിത്സാ സൗകര്യങ്ങള്‍ എന്നിവ പുനഃസ്ഥാപിക്കണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. ഇറാനിയന്‍ അഭയാര്‍ഥിയായ ബെഹ്‌റൗസ് ബൂചാനിയാണ് കോടതിയെ സമീപിച്ചത്.

തടഞ്ഞുവയ്ക്കല്‍ കേന്ദ്രം അടച്ചതോടെ അഭയാര്‍ഥികളുടെയും കുടിയേറ്റക്കാരുടെയും ഭാവി ക്ഷേമപ്രവര്‍ത്തനം സംബന്ധിച്ച് ഓസ്‌ട്രേലിയയുടെ നിയമപരമായ ഉത്തരവാദിത്വം അവസാനിച്ചെന്ന് കോടതി വിധിന്യായത്തില്‍ പറയുന്നു. ഇനി ഈ ഉത്തരവാദിത്തം പാപ്പുവ ന്യൂ ഗിനിയ സര്‍ക്കാരിനാണ്. ഓസ്‌ട്രേലിയയ്ക്ക് ധാര്‍മിക ഉത്തരവാദിത്വം മാത്രമാണുള്ളതെന്ന് കോടതി അഭിപ്രായപ്പെട്ടു. കേന്ദ്രത്തില്‍നിന്ന് പുറത്താക്കാനുള്ള സര്‍ക്കാരിന്റെ ശ്രമത്തിനിടയിലുണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് അഭയാര്‍ഥികള്‍ക്ക് അവകാശമുണ്ടെന്ന് കോടതി പറഞ്ഞു.

മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന അപേക്ഷ തള്ളിയ കോടതി തീരുമാനം അഭയാര്‍ഥികളോടുള്ള നീതിനിഷേധമാണെന്ന് ബൂചാനി പറഞ്ഞു. പ്രാഥമിക ആവശ്യങ്ങള്‍ പൂര്‍ണമായും നിഷേധിച്ച കോടതിവിധി മനുഷ്യത്വത്തിനെതിരേയുള്ള വിധിയാണ്. ഓസ്‌ട്രേലിയന്‍, പാപ്പുവ ന്യൂ ഗിനിയ നീതിന്യായ സംവിധാനങ്ങള്‍ തങ്ങള്‍ക്ക് നീതി നടപ്പാക്കി നല്‍കില്ലെന്നും ഈ വിഷയത്തില്‍ തങ്ങള്‍ക്ക് സംരക്ഷണം നല്‍കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും അന്താരാഷ്ട്ര കോടതികളോട് ബുചാനി ആവശ്യപ്പെട്ടു.

2016 ലെ കോടതിവിധിയെത്തുടര്‍ന്ന് ഒരാഴ്ചമുമ്പാണ് മനൂസ് ദ്വീപിലെ അഭയാര്‍ഥി ക്യാമ്പ് ഓസ്‌ട്രേലിയ അടച്ചുപൂട്ടിയത്. ഏകദേശം 600 ഓളം വരുന്ന അഭയാര്‍ഥികളും കുടിയേറ്റക്കാരും നിറുത്തലാക്കിയ കേന്ദ്രത്തിനുള്ളില്‍ ഒറ്റപ്പെട്ട നിലയിലാണ്. പ്രദേശവാസികളുടെ ആക്രമണത്തിനുള്ള സാധ്യതയുള്ളതിനാല്‍ അന്തേവാസികള്‍ കേന്ദ്രത്തിനുള്ളില്‍ കഴിയുന്നതാണ് കൂടുതല്‍ സുരക്ഷിതം.

തടഞ്ഞുവയ്ക്കല്‍ കേന്ദ്രത്തില്‍നിന്ന് പുറത്തുപോകണമെന്ന് പ്രധാനമന്ത്രി മാല്‍കോം ടേണ്‍ബുള്‍ നിര്‍ദേശിച്ചു. കോടതിവിധിക്കെതിരേ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ രംഗത്തെത്തിയിട്ടുണ്ട്. ജീവിക്കാനുള്ള അവകാശത്തിനെതിരേയുള്ള ആക്രമണമാണ് ഈ കോടതിവിധിയെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ വക്താവ് കേറ്റ് ഷൂറ്റ്‌സ് വിമര്‍ശിച്ചു. നൂറുകണക്കിനാളുകള്‍ പ്രതിസന്ധിയിലാണ്. ഇത്തരമൊരു കേന്ദ്രം ആരംഭിച്ചതും നിറുത്തലാക്കിയതും ഓസ്‌ട്രേലിയയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ തടഞ്ഞുവയ്ക്കല്‍ കേന്ദ്രത്തിലെ അംഗങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ഓസ്‌ട്രേലിയയ്ക്കു ബാധ്യതയുണ്ടെന്ന് മറ്റൊരു വക്താവായ എലൈന്‍ പിയേഴ്‌സണ്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY