അഭയാര്‍ഥി പുനഃരധിവാസം : ട്രംപ് തീരുമാനിക്കുമെന്ന് വൈറ്റ്ഹൗസ്. ആശങ്കയോടെ ഓസ്ട്രേലിയ.

0
1423

സിഡ്‌നി : ഓസ്‌ട്രേലിയയുമായി അമേരിക്ക നടത്തിയ അഭയാര്‍ഥി പുനഃരധിവാസ കരാറിന്റെ ഭാവിയെക്കുറിച്ച് വൈറ്റ്ഹൗസ് ആശങ്ക രേഖപ്പെടുത്തി. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ സമ്മതം മൂളിയ കരാര്‍ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിരാകരിക്കാനുള്ള സംശയമാണ് വൈറ്റ്ഹൗസ് വ്യക്തമാക്കുന്നത്. ഇതോടെ അഭയാര്‍ഥികളെ പുനരധിവസിപ്പിക്കാനുള്ള നീക്കം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

മനൂസ് ദ്വീപിലും നവുരുവിലും ഇപ്പോഴുള്ള 1600 അഭയാര്‍ഥികളെ അമേരിക്ക പുനരധിവസിപ്പിക്കുമെന്ന് കഴിഞ്ഞമാസമാണ് ഫെഡറല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഓസ്‌ട്രേലിയന്‍ തടഞ്ഞുവയ്ക്കല്‍ കേന്ദ്രങ്ങളിലുള്ളവരെ പുനരധിവസിപ്പിക്കുന്നതിനുമുമ്പ് യോഗ്യതാ നിര്‍ണയം ചെയ്യുന്നതു സംബന്ധിച്ച് യുഎസ് കോണ്‍ഗ്രസ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇപ്പോള്‍ നമുക്കൊരു പ്രസിഡന്റുണ്ട്. രാജ്യത്തിന്റെ അധികാരിയായ അദ്ദേഹമാണ് നയങ്ങള്‍ തീരുമാനിക്കുന്നതെന്ന് വൈറ്റ്ഹൗസ് ഡെപ്യൂട്ടി വക്താവ് എറിക് ഷുള്‍റ്റ്‌സ് കുടിയേറ്റം സംബന്ധിച്ച് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടിന് ചേര്‍ന്നതാണോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. നിയുക്ത പ്രസിഡന്റ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ നയങ്ങള്‍ കൊണ്ടുവരുമെന്ന് ഷുള്‍റ്റ്‌സ് പറഞ്ഞു.

അമേരിക്കയുമായുണ്ടാക്കിയ കരാറിന്റെ ഭാവിയെക്കുറിച്ച് കുടിയേറ്റ മന്ത്രി പീറ്റര്‍ ഡട്ടന്‍ കൂടുതല്‍ പ്രതികരിച്ചില്ല. ഒബാമ ഭരണകൂടവുമായി നമ്മള്‍ കരാറിലെത്തിയിട്ടുണ്ടെന്നും തുടര്‍ന്നുവരുന്ന ട്രംപ് സര്‍ക്കാരുമായും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ കാരണങ്ങളാലാണ് അഭയാര്‍ഥികളില്‍ നല്ലൊരു വിഭാഗത്തെയും പുനരധിവസിപ്പിക്കാനുള്ള ശ്രമം നടത്തുന്നതെന്ന് പ്രചാരണമുണ്ട്. നവംബര്‍ 13 നു ശേഷം തടഞ്ഞുവയ്ക്കല്‍ കേന്ദ്രങ്ങളിലെത്തിയവര്‍ക്കും പുനരധിവസിപ്പിക്കുന്നത് എവിടെയായാലും പ്രശ്‌നമില്ലെന്ന തീരുമാനമെടുത്തവരെയും അമേരിക്കയുമായുള്ള പുനഃരധിവാസ കരാറനുസരിച്ച് മാറ്റിപ്പാര്‍പ്പിക്കില്ല.

അഭയാര്‍ഥികളെ വിലയിരുത്തുന്ന നടപടികള്‍ യുഎസ് അധികൃതര്‍ ആരംഭിച്ചുകഴിഞ്ഞു. അടുത്തയാഴ്ച നവുരുവില്‍ അവരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

NO COMMENTS

LEAVE A REPLY