പെര്‍ത്തിലെ ഒരു റിയല്‍ എസ്റ്റേറ്റ് ഏജന്റിന് തന്റെ തൊഴില്‍മേഖലയില്‍ ജോലിചെയ്യുന്നതിന് ആജീവനാന്ത വിലക്ക്. മോര്ളിയിലെ സെഞ്ചുറി 21 മാക്സ് കോംബെന് റിയല്‍ എസ്റ്റേറ്റ് ഏജന്‍സിക്കുവേണ്ടി ജോലി ചെയ്യുന്ന ഗെയ്ല ക്യൂറിക്കാണ് ആജീവാനാന്ത വിലക്ക് ലഭിച്ചിരിക്കുന്നത്. നാലു സ്ഥലങ്ങളുടെ വില്പന വാഗ്ദാനം കെട്ടിച്ചമച്ചതിനാണ് ഇയാള്‍ക്കെതിരേ നടപടി സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെതാണ് കഴിഞ്ഞമാസം പുറപ്പെടുവിച്ചിരിക്കുന്ന വിധി.
റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ സെയില്‍സ് റെപ്രസന്റേറ്റീവായി 2015 ലും 2016 ലും ജോലി ചെയ്ത ക്യൂറി ഇരുപതിലധികം വ്യാജ വാങ്ങല്‍ കരാറുകള്‍ സമര്‍പ്പിച്ചതായി ട്രൈബ്യൂണല്‍ കണ്ടെത്തി. വെസ്റ്റ്മിനിസ്റ്റര്‍, ബാല്കട്ട, സ്റ്റിര്‍ലിംഗ്, മോര്‍ളി എന്നിവിടങ്ങളിലാണ് ഇയാള്‍ വ്യാജ കരാറുകള്‍ സമര്‍പ്പിച്ചിരിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് ആന്‍ഡ് ബിസിനസ് ഏജന്റ്സ് നിയമം ലംഘിച്ചതിന് കമ്പനി സെയില്‍സ് സൂപ്പര്‍വൈസര്‍ മാക്സ്വെല് കോംബെനും ട്രൈബ്യൂണല്‍ പിഴശിക്ഷ വിധിച്ചിട്ടുണ്ട്. വാങ്ങല്‍ വാഗ്ദാനപത്രങ്ങളിലെ ക്യൂറിയുടെ കൈയക്ഷരത്തിലുള്ള ഒപ്പുകളും ബാങ്കുകളില്‍നിന്ന് വ്യാജമായി സംഘടിപ്പിച്ച ഫിനാന്‍സ് ലെറ്ററുകളും ഫോണ്‍നമ്പരുകളും കൃത്യമായി പരിശോധിക്കുന്നതില്‍ സൂപ്പര്‍വൈസര്‍ കോംബെന് പരാജയപ്പെട്ടതായി ട്രൈബ്യൂണല്‍ കണ്ടെത്തി.
ജോലിയില്‍ ആജീവനാന്ത വിലക്കേര്‍പ്പെടുത്തുന്നത് അപൂര്‍വമാണെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കമ്മീഷണര്‍ ഡേവിഡ് ഹില്ലിയാര്‍ഡ് അഭിപ്രായപ്പെട്ടു. എന്നാല്‍ ഗുരുതരമായ വഞ്ചനാക്കുറ്റത്തിലൂടെ കക്ഷികളുടെ സാമ്പത്തികവും അവസരങ്ങളും നഷ്ടപ്പെടുത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. നിയമാനുസൃതമാണ് തന്റെ കീഴിലുള്ള ജീവനക്കാരന് പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പുവരുത്തേണ്ടിയിരുന്നത് സൂപ്പര്‍വൈസര്‍ കോംബെനിന്റെ ഉത്തരവാദിത്വമായിരുന്നെന്ന് ഹില്ലിയാര്‍ഡ് പറഞ്ഞു. റിയല്‍ എസ്റ്റേറ്റ് ഏജന്‍സികളില്‍ തങ്ങളുടെ വിശ്വാസം അര്‍പ്പിക്കുന്ന വസ്തു ഉടമസ്ഥര്‍ക്ക് ഇത്തരം വഞ്ചനകള്‍ വലിയ സാമ്പത്തിക ബാധ്യതയും അസൗകര്യങ്ങളുമാണുണ്ടാക്കുന്നത്. സ്ഥലം വില്ക്കുന്നവരും വാങ്ങുന്നവരും ഏജന്റുമാരുടെ വിശ്വാസ്യത ഉറപ്പുവരുത്തേണ്ടിയിരിക്കുന്നു.