സംസ്കരിക്കാത്ത പാൽ കുടിക്കുന്നവർ അപകടം ക്ഷണിച്ചുവരുത്തുന്നെന്ന് ആരോഗ്യവകുപ്പ്

0
1156

അഡലൈഡ് : പാസ്ചറൈസ്ഡ് ചെയാത്ത പാല്‍ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് സൗത്ത് ഓസ്‌ട്രേലിയന്‍ ആരോഗ്യവകുപ്പ് മുന്നറിയിപ്പു നല്‍കി. മൂ വ്യൂ ഡയറിയുടെ പാസ്ചറൈസ്ഡ് ചെയ്യാത്ത പശുവില്‍ പാല്‍ ഉപയോഗിച്ച അഞ്ചുപേര്‍ക്ക് ഉദരരോഗങ്ങള്‍ കണ്ടെത്തിയതായി അധികൃതര്‍ പറഞ്ഞു. സൗത്ത് ഓസ്‌ട്രേലിയന്‍ നിയമമനുസരിച്ച് പച്ച പശുവിന്‍ പാല്‍ വില്‍പന നടത്തുന്നത് നിയമവിരുദ്ധമാണ്.

ഭക്ഷ്യനിയമത്തിനു വിരുദ്ധമായി പാസ്ചറൈസ് ചെയ്യാത്ത പശുവിന്‍ പാല്‍ വില്‍പന നടത്തിയത് മൂ വ്യൂ ഡയറി കമ്പനിയുടെ രണ്ടു കര്‍ഷകര്‍ക്ക് 17,000 ലധികം ഡോളര്‍ പിഴ വിധിച്ചിരുന്നു. മാര്‍ക്ക്, ഹെലന്‍ ടെയ്‌ലര്‍ എന്നിവര്‍ക്കാണ് കഴിഞ്ഞ വര്‍ഷം മജിസ്‌ട്രേറ്റ് ശിക്ഷ വിധിച്ചത്. പാസ്ചറൈസ് ചെയ്യാത്ത പശുവിന്‍ പാല്‍ മലിനമാകാനുള്ള സാധ്യത കൂടുതലാണ്. ഈ കാരണത്താലാണ് പാസ്ചറൈസ് ചെയ്യാത്ത പാല്‍ വില്‍പന നടത്തുന്നത് നിയമവിരുദ്ധമായി സൗത്ത് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചതെന്ന് ഹെല്‍ത്ത് ഡയറക്ടര്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ അസോസിയേറ്റ് പ്രഫസര്‍ കെവിന്‍ ബക്കറ്റ് പറഞ്ഞു.

പ്രതിരോധശേഷി കുറഞ്ഞവര്‍ പാസ്ചറൈസ് ചെയ്യാത്ത പാല്‍ ഉപയോഗിക്കുന്നത് ഹാനികരമാണെന്നും ഗര്‍ഭിണികളായ സ്ത്രീകളില്‍ ഗര്‍ഭസ്ഥശിശുവിന്റെ മരണത്തിനു വരെ ഇത് കാരണമാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് മൂ വ്യൂ കമ്പനി വ്യക്തമാക്കുന്നു. എന്നാല്‍ മറ്റു ഭക്ഷ്യവസ്തുക്കളെക്കാള്‍ വളരെ കുറഞ്ഞ ദോഷം മാത്രമേ പാസ്ചറൈസ് ചെയ്യാത്ത പാലിനുള്ളുവെന്ന് കമ്പനി പറയുന്നു. തങ്ങളുടെ സ്‌റ്റോറില്‍ പാസ്ചറൈസ് ചെയ്യാത്ത പാലും ലഭ്യമാണെന്ന് കമ്പനി അവകാശപ്പെടുന്നു.

NO COMMENTS

LEAVE A REPLY