പൂമകപ്പ് ക്രിക്കറ്റ് : ആതിഥേയരെ തകർത്ത് കേരളാ സ്‌ട്രൈക്കേഴ്‌സ് ജേതാക്കളായി.

0
2294

പെർത്ത് : പെർത്ത് യുണെറ്റഡ് മലയാളി അസോസിയേഷൻ സംഘടിപ്പിച്ച രണ്ടാമത് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ ആതിഥേയരായ പൂമ ക്രിക്കറ്റ് ക്ലബ്ബിനെതിരെ ചരിത്ര വിജയം നേടി കേരളാ സ്‌ട്രൈക്കേഴ്‌സ് ചാമ്പ്യൻസ് കപ്പ് കരസ്ഥമാക്കി. കെൽമസ്‌കോട്ടിലെ റഷ് ട്ടൻ പാർക്കിൽ ജൂൺ 11 ഞായറാഴ്ച നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ 16 റൺസിനാണ് കേരളാ സ്‌ട്രൈക്കേഴ്‌സ് ആതിഥേയരെ കെട്ടുകെട്ടിച്ചത്. അതോടെ കഴിഞ്ഞതവണത്തെ അപ്രതീക്ഷിത പരാജയത്തിനുള്ള മധുരപ്രതികാരം കൂടിയായി ക്രിസ്റ്റി ആലഞ്ചേരി ക്യാപ്റ്റനായ കേരളാ സ്ട്രൈക്കേഴ്സിന്. ടോസ് നേടിയ പൂമ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത 20 ഓവറിൽ ആറു വിക്കെറ്റ് നഷ്ടത്തിൽ കേരളാ സ്‌ട്രൈക്കേഴ്‌സ് 136 റൺസ് നേടിയെങ്കിലും മറുപടി ബാറ്റിങ്ങിനിറങ്ങിയ പൂമക്ക് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 120 റൺസെടുക്കുവാനെ കഴിഞ്ഞുള്ളു. ജിജിന്റെയും (47 റൺസ്) സുനീഷിന്റെയും (39 റൺസ്) ബാറ്റിങ് മികവാണ് കേരളാ സ്ട്രൈക്കേഴ്‌സിനെ വിജയത്തിന് വഴിത്തിരിവായത്. പൂമയുടെ ജിഷ്ണു 33 റൺസെടുത്തതൊഴിച്ചാൽ മറ്റാർക്കും കേരളാ സ്ട്രൈക്കേഴ്‌സിന്റെ കരുത്തുറ്റ ബൗളിങ്ങിന് മുന്നിൽ കാര്യമായി പിടിച്ചുനിൽക്കാനായില്ല. പൂമയുടെ ക്യാപ്ടനായിരുന്ന റോൻസന്റെ 3 നിർണ്ണായക വിക്കറ്റുകൾ കേരളാ സ്ട്രൈക്കേഴ്‌സിന്റെ റൺവേട്ടക്ക് കടിഞ്ഞാണിട്ടു.
ടൂർണമെന്റിലെ മികച്ച കളിക്കാരനായി ആതിഥേയ ടീമായ പൂമയുടെ ക്യാപ്റ്റൻ റോൻസനെ (149 Runs & 10 wickets) തിരഞ്ഞെടുത്തു. മെൽവിൻ മാത്യു (പൂമ – മികച്ച ബാറ്റ്സ്മാൻ : 198 runs in 5 matches) റോൻസൻ (പൂമ – മികച്ച ബൗളർ :10 wickets) സൂരജ് സുരേഷ് (പൂമ മികച്ച ഫീൽഡർ – 7 catches & a runout) ജിജിൻ ലാൽ (കേരളാ സ്‌ട്രൈക്കേഴ്‌സ് – മാൻ ഓഫ് ദി മാച്ച്) എന്നിവർക്കും പ്രത്യേക സമ്മാനങ്ങൾ നൽകി. മെയ്‌ലാന്റ്സ് ടൈഗേഴ്‌സ്, വേംബ്ലി വാരിയേഴ്‌സ് , ബൻബറി റൈസിംഗ് സ്റ്റാർ സെവില്ലി ഗ്രൂവ്‌സ് ക്ലബ്, പൂമ സ്റ്റാർസ്, മെയ്‌ലാന്റ്സ് ടസ്‌കേഴ്‌സ് എന്നിങ്ങനെയുള്ള മറ്റു 6 ടീമുകളും ടൂർണമെന്റിൽ പങ്കെടുത്തിരുന്നു. മികച്ച സംഘാടനം കൊണ്ട് ശ്രദ്ധേയമായ ടൂർണമെന്റിന്റെ വിജയത്തിനായി പ്രവർത്തിച്ച പെർത്തിലെ മുഴുവൻ കായിക പ്രേമികൾക്കും, മത്സരങ്ങളുടെ പ്രധാന സ്പോൺസർമാരായിരുന്ന IHNA, UAE EXCHANGE, AUZZIE MASALA CATERING എന്നിവർക്കും പൂമയുടെ പ്രസിഡന്റ് തോമസ് ഡാനിയേൽ, കോ- ഓർഡിനേറ്റർ അനീഷ് ലൂയിസ്, എന്നിവർ നന്ദി അറിയിച്ചു.

WhatsApp Image 2017-06-12 at 11.03.06

NO COMMENTS

LEAVE A REPLY