പുലിമുരുകനിൽ തട്ടി ഓസ്‌ട്രേലിയൻ മലയാള സിനിമാ വിതരണക്കാർ തമ്മിലടിക്കുന്നു,

0
4422

K P SHIBU

പെർത്ത് : മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്റെ പുതിയചിത്രമായ പുലിമുരുകൻ എന്ന മലയാള സിനിമയുടെ പ്രദർശനവുമായി ബന്ധപ്പെട്ട് പുലിമുരുകന്റെ വിതരണാവകാശം കൈക്കലാക്കിയ സിഡ്‌നി കേന്ദ്രീകരിച്ചുള്ള ഈ മേഖലയിൽ വർഷങ്ങളുടെ പ്രവർത്തിപരിചയമുള്ള വിതരണ കന്പനിയും, ഓസ്‌ട്രേലിയൻ മലയാളി സമൂഹത്തിൽ കഴിഞ്ഞ അഞ്ചു വർഷമായി ഒട്ടേറെ പ്രമുഖ മലയാള സിനിമകളുടെ വിതരണാവകാശം ലഭിച്ചിട്ടുള്ള പെർത്ത് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വിതരണക്കന്പനിയും തമ്മിൽ ശക്തമായ തർക്കം നിലനിൽക്കുന്നതായി റിപ്പോർട്ട്.

വർഷങ്ങളായി ഈ രണ്ടു വിതരണക്കന്പനികളും പരസ്പരം സഹകരിച്ചായിരുന്നു പല സിനിമകളും അവരവരുടെ സ്വാധീന മേഖലകളിൽ പ്രദർശിപ്പിച്ചു വന്നിരുന്നത്. എന്നാൽ പുലിമുരുകൻ സിനിമയുടെ വിതരണം സിഡ്‌നിയിലെ കന്പനി കൈക്കലാക്കിയപ്പോൾ നിലവിൽ സിനിമകളിൽ സഹകരിച്ചു വരുന്ന പെർത്തിലെ കന്പനിയെ പ്രദർശനം നടത്തുവാൻ സമീപിച്ചെങ്കിലും പടം കാര്യമായി ശോഭിക്കില്ല എന്ന് വിചാരിച്ച് വിതരണക്കാർ ആവശ്യപ്പെട്ട തുക നൽകി പടം കളിക്കുവാൻ പെർത്തിലെ കന്പനി തയ്യാറാകാതെ വരുകയായിരുന്നു. അതിനാൽ ലഭിച്ച പടം ഏതു വിധേനയും കളിച്ച് മുടക്കുമുതൽ എങ്കിലും തിരിച്ചുപിടിക്കുവാൻ സിഡ്‌നിയിലെ കന്പനിക്കാർ എല്ലാ പ്രദേശങ്ങളിലും പടം കളിക്കുവാൻ മറ്റു പുതിയ ആളുകളെ തിരയുകയും അവരുമായി കരാർ ഉറപ്പിക്കുകയും ചെയ്‌തു.

ഇതിനിടയിൽ നാട്ടിൽ പുലിമുരുകൻ വൻ ഹിറ്റായതോടെ അബദ്ധം പറ്റിയെന്നു തിരിച്ചറിഞ്ഞ പെർത്തിലെ വിതരണക്കന്പനി പലതവണ സിഡ്‌നിയിലെ വിതരണക്കാരോട് പെർത്ത് അടക്കം പല പട്ടണങ്ങളിലും തങ്ങൾ പടം കളിക്കാമെന്ന് അറിയിക്കുകയായിരുന്നു. പക്ഷെ ഇതിനിടയിൽ കരാർ ഉറപ്പിച്ചവരുമായി തന്നെ പടം കളിക്കുവാനാണ് തങ്ങൾക്കാഗ്രഹമെന്നും, അതുകൊണ്ട് പടം നല്കുവാനാകില്ലെന്നുമുള്ള തങ്ങളുടെ നിസ്സഹായാവസ്‌ഥ സിഡ്‌നിയിലെ കന്പനി പെർത്തിലെ വിതരണ കന്പനിയെ അറിയിച്ചിരുന്നു. ഇതിൽ ക്ഷുഭിതരായ പെർത്തിലെ വിതരണക്കാരും, അവരുടെ പടം പ്രദർശിപ്പിക്കുന്ന മറ്റു പട്ടണങ്ങളിലെ മലയാളി അസോസിയേഷൻ അടക്കമുള്ള സംഘാടകരും പുലിമുരുകന്റെ പ്രദർശനം തടയുവാനും, പ്രദർശനം മുടക്കുവാനും പലയിടങ്ങളിലും ശ്രമം ആരംഭിച്ചതോടെയാണ് തമ്മിലടി പുറത്താകുന്നത്. പുലിമുരുകൻ പ്രദര്ശിപ്പിക്കുന്നതിനു ബുക്ക് ചെയ്ത തീയേറ്ററുകളുമായി ബന്ധപ്പെട്ട് പ്രദർശനം തടയുന്നതടക്കമുള്ള ചില നടപടികൾ പോലും ചെയുവാൻ ഇക്കൂട്ടർ ശ്രമിച്ചു എന്നാണ് ഒരു വിഭാഗത്തിന്റെ ആക്ഷേപം.

എന്നാൽ വർഷങ്ങളായി തങ്ങളുമായി സഹകരിച്ചു പടം പ്രദർശിപ്പിച്ചു പോന്ന തങ്ങളെ ഒഴിവാക്കി ഈ മേഖലയിൽ തങ്ങളുടെ സ്വാധീനം കുറക്കുവാൻ പുതിയ ചിലരെ കണ്ടെത്തുകയാണ് സിഡ്‌നിയിലെ വിതരണക്കന്പനിയുടെ ഉദ്ദേശമെന്നും അതുകൊണ്ടാണ് തങ്ങൾ ഇത്തരം പ്രദർശനത്തെ എതിർക്കുന്നതെന്നുമാണ് എതിർവിഭാഗത്തിന്റെ വാദഗതി.

ചുരുക്കത്തിൽ തങ്ങൾക്കു കിട്ടാത്തത് ആർക്കും വേണ്ട എന്ന മലയാളികളുടെ പൊതു സ്വഭാവമാണ് ഇത്തരത്തിൽ നടക്കുന്ന പ്രവണതകൊണ്ട് മലയാളി ബിസിനസുകാർ നടത്തുന്നതെന്നാണ് പൊതുവായ വിലയിരുത്തൽ. തങ്ങൾ കൈവശം വച്ചിരിക്കുന്ന മേഖലയിൽ പുതുതായി കടന്നുവരുന്നവരെ ഉന്മൂലനം ചെയ്യുന്നതുവഴി പിന്നീട് വീണ്ടും വിതരണാവകാശം തങ്ങൾക്കു വന്നുചേരുമെന്നാണ് ഈ കന്പനികൾ വിശ്വസിക്കുന്നത്. തന്നെയുമല്ല പുതുതായി ആരെങ്കിലും ഈ മേഖലയിലേക്ക് കടന്നു വരുന്നത് തങ്ങളുടെ കുത്തക തകർക്കുമെന്നും ഇക്കൂട്ടർ ഭയപ്പെടുന്നുണ്ട് എന്നുവേണം വിചാരിക്കുവാൻ. പുതിയ സംഭവ വികാസങ്ങൾ കൊണ്ട് മലയാള സിനിമക്കോ, സിനിമാ കാണുന്ന പ്രേക്ഷകർക്കോ യാതൊരു പ്രയോജനവും നൽകില്ലെന്നും നല്ല സിനിമകൾ ആര് നടത്തിയാലും കാണാൻ ആളുകൾ വരുമെന്നും അതാണ് സിനിമയുടെ വിജയമെന്നും വിശ്വസിക്കുന്നവരാണ് ഭൂരിഭാഗവും. പക്ഷെ ഓസ്‌ട്രേലിയ പോലുള്ള ഈ രാജ്യത്ത് മലയാള സിനിമയെ സ്നേഹിക്കുന്ന പ്രവാസി സമൂഹം വിതരണക്കന്പനികളുടെ ഈ കുടിപ്പകയിൽ അസ്സ്വസ്ഥരാണ് എന്നതാണ് യാഥാർഥ്യം.

pathram-logo-1-small-size

NO COMMENTS

LEAVE A REPLY