അദാനി പ്രോജക്ടിനെതിരെ രാജ്യമെങ്ങും പ്രതിഷേധറാലി.

0
825

ബ്രിസ്‌ബേൻ : ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ കല്‍ക്കരി ഖനി ആരംഭിക്കുന്നതിനെതിരേ രാജ്യവ്യാപക പ്രതിഷേധം. ക്വീന്‍സ്്‌ലാന്‍ഡില്‍ ആരംഭിക്കുന്ന നിര്‍ദിഷ്ട കാര്‍മൈക്കിള്‍ കല്‍ക്കരി ഖനിക്കെതിരേയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധമുയരുന്നത്. ഗലീലി ബേസിനില്‍ ആരംഭിക്കുന്ന ഇന്ത്യന്‍ ഖനന കമ്പനിയായ അദാനി ഗ്രൂപ്പിനെതിരേയാണ് പ്രതിഷേധക്കാര്‍ അണിനിരന്നത്. സിഡ്‌നി, ബ്രിസ്ബണ്‍, മെല്‍ബണ്‍, ഗോള്‍ഡ് കോസ്റ്റ്, വടക്കന്‍ ക്വീന്‍സ്്‌ലാന്‍ഡിലെ പോര്‍ട്ട് ഡൗഗ്ലാസ് തുടങ്ങിയ നിരവധി സ്ഥലങ്ങളില്‍ വന്‍ പ്രതിഷേധ റാലികളാണ് നടന്നത്.

പ്രദേശവാസികളായ പതിനായിരങ്ങള്‍ക്ക് തൊഴിലവസരം നല്‍കുമെന്ന് അദാനി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഈ പദ്ധതി നിലവില്‍ വരുന്നത് പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുമെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കി. ആഗോളതാപനത്തെ വര്‍ധിപ്പിക്കുമെന്നും ഗ്രേറ്റ് ബാരിയര്‍ റീഫിനെ ഈ പദ്ധതി തകര്‍ക്കുമെന്നും പ്രതിഷേധക്കാര്‍ പറയുന്നു. അദാനി ഗ്രൂപ്പിനെതിരേ നിരവധി ആരോപണങ്ങള്‍ ഇന്ത്യയിലുണ്ടെന്ന് ചില മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. അഴിമതി, കോഴ, പരിസ്ഥിതി നശിപ്പിക്കുന്ന സ്വഭാവം എന്നിവ സംബന്ധിച്ച് നിരവധി ആരോപണങ്ങള്‍ കമ്പനിക്കെതിരേ ഉണ്ടെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്.

ഓസ്‌ട്രേലിയക്കാരുടെ ഖജനാവില്‍നിന്ന് 900 ദശലക്ഷം ഡോളര്‍ വായ്പയ്ക്കാണ് അദാനി ശ്രമിക്കുന്നത്. നികുതിപ്പണം വായ്പയായി ലഭിക്കുന്നത് ഖനനസ്ഥലത്തുനിന്നും ആബട്ട് പോയിന്റ് കല്‍ക്കരി തുറമുഖം വരെ റെയില്‍വേ ലൈന്‍ നിര്‍മിക്കുന്നതിനാണ് ഉപയോഗിക്കുന്നതെന്നാണ് കമ്പനിയുടെ അവകാശവാദം. ഈ ഖനിയുടെ പ്രവര്‍ത്തനം ആരംഭിച്ചാല്‍ ഇത് ഓസ്‌ട്രേലിയയുടെ ഭാവി കറപുരണ്ടതാക്കുമെന്ന് പ്രതിഷേധക്കാര്‍ അഭിപ്രായപ്പെടുന്നു. സിഡ്‌നിയില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ രണ്ടായിരത്തിലധികംപേര്‍ പങ്കെടുത്തു. ‘സ്‌റ്റോപ്പ് അദാനി’ എന്ന വാക്കുകളുടെ രൂപത്തില്‍ പ്രതിഷേധക്കാര്‍ കടല്‍ത്തീരത്ത് അണിനിരന്നു. പെര്‍ത്തിലെ കോട്ടെസ്‌ലോ ബീച്ചില്‍ മുന്നോറോളം പ്രതിഷേധക്കാരാണ് അണിനിരന്നത്. 31 സംഘടനകളുടെ സംയുക്ത സഹകരണത്തോടെയാണ് അദാനി ഗ്രൂപ്പിന്റെ കല്‍ക്കരി ഖനിക്കെതിരേ രംഗത്തെത്തിയത്.

അദാനി ഗ്രൂപ്പിന് കല്‍ക്കരിഖനി തുടങ്ങാനുള്ള അനുമതി നടപടികളെ സംസ്ഥാന, ഫെഡറല്‍ സര്‍ക്കാരുകള്‍ ന്യായീകരിച്ചു. കമ്പനി തുടങ്ങുന്നതോടെ സംസ്ഥാനം നേരിടുന്ന തൊഴിലില്ലായ്മയ്ക്ക് ഒരു ആശ്വാസമാകുമെന്ന് പ്രമീയര്‍ അന്നാസ്റ്റാസില പലാസ്‌ക്‌സുക് പറഞ്ഞു. പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടായാല്‍ അത് സര്‍ക്കാര്‍ പരിഹരിക്കുമെന്നും അവര്‍ വ്യക്തമാക്കി. കമ്പനിയുടെ ഓരോ പ്രവര്‍ത്തനവും കര്‍ശനമായി നിരീക്ഷിക്കുമെന്ന് പ്രകൃതിവിഭവ വകുപ്പ് മന്ത്രി അന്തോണി ലിന്‍ഹാം പറഞ്ഞു.

NO COMMENTS

LEAVE A REPLY