അദാനി ഗ്രൂപ്പിന് ആവശ്യമായ സഹായങ്ങൾ നൽകുമെന്ന് പ്രധാനമന്ത്രി മാല്‍കോം ടേണ്‍ബുള്‍

0
1037

ഡൽഹി : അദാനി ഗ്രൂപ്പിനുള്ള തദ്ദേശപദവി സംബന്ധിച്ച വിഷയങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി മാല്‍കോം ടേണ്‍ബുള്‍ വ്യക്തമാക്കി. അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയുമായും മുതിര്‍ന്ന അദാനി ഗ്രൂപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ സംഭാഷണത്തിലാണ് പ്രധാനമന്ത്രി ഉറപ്പുനല്‍കിയത്. ഇതോടെ അദാനി ഗ്രൂപ്പിന്റെ ഏറ്റവും വലിയ സ്വപ്‌നപദ്ധതിയായ കാര്‍മൈക്കിള്‍ കല്‍ക്കരി ഖനിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് ഒരു പടികൂടി കടന്നിരിക്കുകയാണ്.

കഴിഞ്ഞദിവസം രാത്രിയില്‍ ഡല്‍ഹിയില്‍ അദാനി ഗ്രൂപ്പ് അംഗങ്ങളുമായി പ്രധാനമന്ത്രി ടേണ്‍ബുള്‍ സ്വകാര്യ ചര്‍ച്ച നടത്തി. മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയതാണ് പ്രധാനമന്ത്രി. ക്വീന്‍സ്്‌ലാന്‍ഡിലെ ഗലീലി നദീതടപ്രദേശത്ത് ആരംഭിക്കുന്ന കാര്‍മൈക്കിള്‍ കല്‍ക്കരി ഖനിയ്ക്കായി അവസാന ഘട്ട നിക്ഷേപമായി 21 ലക്ഷംകോടി ഡോളര്‍ മുതല്‍മുടക്കുന്നതിന്റെ തീരുമാനം തയാറാക്കിയാണ് പ്രധാനമന്ത്രിയുമായി അദാനി ചെയര്‍മാനും സംഘവും കൂടിക്കാഴ്ചയ്‌ക്കെത്തിയത്. അദാനിയുടെ കാര്‍മൈക്കിള്‍ പദ്ധതി ഉള്‍പ്പെടുന്ന നൂറ് നിര്‍ദിഷ്ട തദ്ദേശ സ്ഥലമുടമകളുടെ ധാരണകളെക്കുറിച്ച് ഫെഡറല്‍ കോടതി ചോദ്യമുന്നയിച്ചിരുന്നു. കോടതിയുടെ തീരുമാനത്തെ മറികടക്കാനും ഇടപാടുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് എളുപ്പമാക്കുന്നതിനുമായി പുതിയ നിയമം പാസാക്കുന്നതിനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.

തദ്ദേശ സ്ഥലമുടമസ്ഥാവകാശം സംബന്ധിച്ച അനിശ്ചിതത്വത്തിന് പരിഹാരമുണ്ടാക്കണമെന്ന് അദാനി പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചതായാണ് റിപ്പോര്‍ട്ട്. അടുത്തിടെയുണ്ടായ കോടതി തീരുമാനം മറികടക്കുന്നതിന് സഖ്യകക്ഷികളും പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയും ഏകാഭിപ്രായക്കാരാണ്. എന്നാല്‍ നിയമഭേദഗതി വരുത്തുന്നതിന് അടുത്ത മാസം നടക്കുന്ന പാര്‍ലമെന്റ് സമ്മേളനം വരെ കാത്തിരിക്കേണ്ടിവരും. എന്നാല്‍ തദ്ദേശ ഉടമവസ്ഥാവകാശം സംബന്ധിച്ച് കോടതി ഉത്തരവ് മറികടക്കാനുള്ള നീക്കത്തിനെതിരേ നിരവധി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

കല്‍ക്കരി ഖനി മുതല്‍ തുറമുഖംവരെ റെയില്‍പ്പാതയ്ക്കായി 900 ദശലക്ഷം ഡോളര്‍ ഫെഡറല്‍ സര്‍ക്കാര്‍ വായ്പ അദാനി ആവശ്യപ്പെട്ടു. എന്നാല്‍ വായ്പ സംബന്ധിച്ച് പ്രധാനമന്ത്രി യാതൊരു ഉറപ്പും നല്‍കിയിട്ടില്ല. തനിക്കു മാത്രമായി വായ്പ അനുവദിക്കാനാവില്ലെന്നും ഇത് തന്റെ നിയന്ത്രണത്തിലല്ലെന്നും പ്രധാനമന്ത്രി അറിയിച്ചതായാണ് റിപ്പോര്‍ട്ട്. വര്‍ധിച്ചുവരുന്ന വൈദ്യുതി ഉല്‍പാദനത്തിനായി ഓസ്‌ട്രേലിയന്‍ കല്‍ക്കരിയും മറ്റ് വിഭവങ്ങളും ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നതിനെ പിന്തുണയ്ക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.

ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാക്കുമെന്ന വാദമുന്നയിച്ച് കല്‍ക്കരി ഖനിയുടെ നിര്‍മാണം പുരോഗമിക്കുകയാണെങ്കില്‍ അത് തടയുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY