ഗര്‍ഭച്ഛിദ്രം ഒഴിവാക്കാനാകുമെന്ന ഗവേഷകരുടെ കണ്ടെത്തലുകള്‍ക്കെതിരേ പ്രതിഷേധം ശക്തം.

0
467

സിഡ്‌നി : ഗവേഷകരുടെ കണ്ടെത്തലുകള്‍ക്കെതിരേ മുന്നറിയിപ്പുമായി വിദഗ്ധര്‍ രംഗത്തെത്തി. ചില വിറ്റാമിനുകള്‍ക്ക് ഗര്‍ഭച്ഛിദ്രം ഒഴിവാക്കാനാകുമെന്ന ഗവേഷണഫലം ദോഷമുണ്ടാക്കുമെന്നാണ് പ്രസവ വിദഗ്ധരുടെ അഭിപ്രായം. വിക്ടര്‍ ചാങ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ ഗവേഷണത്തിന്റെ ഫലം ഈയാഴ്ചയാണ് പ്രസിദ്ധപ്പെടുത്തിയത്. നവജാത ശിശുക്കളുടെ ജനന വൈകല്യങ്ങളും ഗര്‍ഭച്ഛിദ്രങ്ങളും ഒഴിവാക്കാന്‍ വിറ്റാമിന്‍ ബി3 കുറയ്ക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

കുറച്ചു സ്ത്രീകളുടെ ആവര്‍ത്തിച്ചുള്ള ഗര്‍ഭച്ഛിദ്രങ്ങളുടെ കാരണവും നവജാത ശിശുക്കളുടെ ഹൃദയ, കിഡ്‌നി, നട്ടെല്ല് സംബന്ധമായ പ്രശ്‌നങ്ങള്‍ക്കു കാരണം കണ്ടെത്താനാണ് സിഡ്‌നിയിലെ വിക്ടര്‍ ചാങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ പഠനം നടത്തിയത്. എന്‍എഡി എന്ന് അറിയപ്പെടുന്ന ഒരു അവശ്യ കണികയുടെ ലഭ്യതക്കുറവാണ് ഇതിനു പ്രധാന കാരണമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ഗര്‍ഭസ്ഥ ശിശുവിന്റെ അവയവങ്ങള്‍ വളരുന്നതിന് ഈ ഘടകം അത്യന്താപേക്ഷിതമാണ്.

ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിന്‍ എന്ന മെഡിക്കല്‍ ജേര്‍ണലിലാണ് ഗവേഷണ ഫലം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. ജനന വൈകല്യങ്ങളും ഗര്‍ഭച്ഛിദ്രങ്ങളും വിറ്റാമിന്‍ ബി3 യുടെ ഉപയോഗംകൊണ്ട് ഒഴിവാക്കാനാകുമെന്നാണ് സമര്‍ഥിച്ചിരിക്കുന്നത്. എന്നാല്‍ ഗവേഷകരുടെ വാദങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നും ഈ നിര്‍ദേശങ്ങള്‍ ഹാനികരമാണെന്നുമാണ് റോയല്‍ ഓസ്‌ട്രേലിയന്‍ ആന്‍ഡ് ന്യൂസിലാന്‍ഡ് കോളജ് ഓഫ് ഒബ്‌സ്‌റ്റെട്രീഷ്യന്‍സ് ആന്‍ഡ് ഗൈനക്കോളജിസ്റ്റ്‌സ് മുന്നറിയിപ്പു നല്‍കുന്നത്.

ഗവേഷകരുടെ കണ്ടെത്തലുകള്‍ക്ക് മനുഷ്യരില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ ആവശ്യമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഗവേഷണഫലങ്ങളുടെ അടിസ്ഥാനത്തില്‍ വിറ്റാമിന്‍ ബി 3 അമിത അളവില്‍ കഴിക്കുന്നത് അപകടകരമാണെന്ന് കോളജ് മുന്നറിയിപ്പു നല്‍കുന്നു. അമിത അളവില്‍ വിറ്റാമിന്‍ ബി 3 കഴിക്കുന്നത് കുഞ്ഞിനും അമ്മയ്ക്കും ഒരുപോലെ ഹാനികരമാണ്. ഗവേഷണഫലങ്ങള്‍ എന്നപേരിലുള്ള റിപ്പോര്‍ട്ട് പ്രാഥമിക നിഗമനങ്ങളാണ്. ഗവേഷണഫലങ്ങള്‍ അന്തിമമാകണമെങ്കില്‍ ശക്തമായ തെളിവുകളോടെയുള്ള റിപ്പോര്‍ട്ട് ആവശ്യമാണ്.

കോളജിന്റെ വിമര്‍ശനത്തെ വിക്ടര്‍ ചാങ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്വാഗതം ചെയ്തു. ഇതു സംബന്ധിച്ച കൂടുതല്‍ ഗവേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതികരിച്ചു. ശക്തമായ തെളിവുകള്‍ നിരത്താനാകുമെന്നും ഗര്‍ഭവതികളാകാന്‍ തയാറെടുക്കുന്ന സ്ത്രീകള്‍ക്ക് നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന 18 മില്ലീഗ്രാം വിറ്റാമിന്‍ ബി 3 പ്രതിദിനം കഴിക്കാവുന്നതാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. ഇതിനിടെ വിറ്റാമിന്‍ ബി 3 അടങ്ങിയിരിക്കുന്നുവെന്ന അവകാശവാദവുമായി നിരവധി ഭക്ഷ്യോല്‍പന്നങ്ങള്‍ വിപണിയിലെത്തുന്നുണ്ട്. മിക്ക ഭക്ഷ്യോല്‍പന്നങ്ങളും പൊള്ളയായ അവകാശവാദമുന്നയിക്കുന്ന വ്യാജ ഉല്‍പന്നങ്ങളാണ്.

NO COMMENTS

LEAVE A REPLY