സ്വയം പ്രഗ്‌നൻസി ടെസ്റ്റ് നടത്തുന്ന ഉപകരണം തിരിച്ചുവിളിക്കും.

0
1081

മെൽബൺ : ഗര്‍ഭധാരണം സ്വയം പരിശോധിക്കാന്‍ ഓസ്‌ട്രേലിയന്‍ വിപണിയില്‍ ലഭ്യമായ കിറ്റുകള്‍ തിരിച്ചുവിളിക്കും. ഈ കിറ്റുകള്‍ ഉപയോഗിച്ചുള്ള പരിശോധനാഫലങ്ങള്‍ കൃത്യമല്ലാത്തതും വിശ്വസനീയവുമല്ലാത്തതാണ് കാരണം. തെറാപ്യൂട്ടിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷന്റെ അവലോകന റിപ്പോര്‍ട്ടിലാണ് പ്രെഗ്്‌നന്‍സി സെല്‍ഫ് ടെസ്റ്റ് കിറ്റുകള്‍ ഉപയോഗിച്ചുള്ള പരിശോധനാഫലം ആശ്രയിക്കാവുന്നതല്ലെന്ന് വ്യക്തമാക്കുന്നത്.

ചില പരിശോധനാ ഉപകരണങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കുന്നില്ലെന്നും ഇവ നല്‍കുന്ന റിപ്പോര്‍ട്ട് ആശ്രയിക്കാവുന്നതല്ലെന്നും തെറാപ്യൂട്ടിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷന്‍ പ്രസ്താവിച്ചു. അതിനാല്‍ ഇവ വിപണിയില്‍നിന്നു നീക്കുകയോ പ്രവര്‍ത്തനം ശരിയാക്കുകയോ ചെയ്യണമെന്ന് ടിജിഎ നിര്‍ദേശിച്ചു. ഓസ്‌ട്രേലിയന്‍ വിപണിയിലുള്ള എല്ലാ കിറ്റുകളും ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവ നല്‍കുന്ന റിപ്പോര്‍ട്ട് കൃത്യമാണെന്ന് ഉറപ്പുവരുത്തണമെന്നും ടിജിഎ നിര്‍ദേശിക്കുന്നു.

തെറാപ്യൂട്ടിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷന്റെ നിര്‍ദേശാനുസരണം ഒന്‍പതു കമ്പനികള്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ വിതരണംചെയ്യുന്നത് നിറുത്തിവച്ചിട്ടുണ്ട്. രണ്ടു കമ്പനികളുടെ ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നത് തടഞ്ഞിട്ടുണ്ട്. 27 കമ്പനികളുടെ കിറ്റുകള്‍ പരിശോധിച്ചതില്‍ അഞ്ച് കമ്പനികളുടെ ഉല്‍പന്നങ്ങള്‍ ഉപയോഗിച്ചപ്പോള്‍ ലഭിച്ച റിപ്പോര്‍ട്ട് തെറ്റായിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. തെറ്റായ വിവരം നല്‍കുന്ന കിറ്റുകള്‍ ഫാര്‍മസികളില്‍നിന്ന് പിന്‍വലിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY