ഗർഭം അലസുന്നത്‌ ക്രമാതീതമായി വർധിക്കുന്നു.

0
386

സിഡ്‌നി : ഗർഭം അലസുന്നത്‌ ഓസ്‌ട്രേലിയയില്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും അല്ലാത്തതുമായ കേസുകള്‍ നിരവധിയാണ്. താമസിച്ച് ഗര്‍ഭം ധരിക്കുന്ന സ്ത്രീകളില്‍ ഗര്‍ഭമലസാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ഐവിഎഫ് ഓസ്‌ട്രേലിയയിലെ വന്ധ്യതാനിവാരണ വിദഗ്ധന്‍ ഡോ. ഗവിന്‍ സാക്‌സ് അഭിപ്രായപ്പെട്ടു.

30 വയസിനു മുകളില്‍ പ്രായമുള്ള സ്ത്രീകളില്‍ ഗര്‍ഭമലസാനുള്ള സാധ്യത ആറിലൊരാള്‍ക്കുവീതമുണ്ടായിരിക്കുമെന്ന് ഡോ. സാക്‌സ് പറഞ്ഞു. നാല്‍പതിനു മുകളിലുള്ളവരില്‍ നാലിലൊരാള്‍ക്കും 45 നു മുകളിലുള്ളവരില്‍ രണ്ടിലൊരാള്‍ക്കും ഗര്‍ഭമലസാനുള്ള സാധ്യതയുണ്ടെന്ന് ഡോ. സാക്‌സ് പറഞ്ഞു. എന്നാല്‍ ഇതിന്റെ ആഘാതം താങ്ങാന്‍ എത്രപേര്‍ക്കു സാധിക്കുമെന്നത് കണ്ടെത്തേണ്ടിയിരിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. പലതവണ ഗര്‍ഭമലസപ്പെട്ട സ്ത്രീകള്‍ക്ക് ആശ്വാസമേകുന്ന പദ്ധതികള്‍ സര്‍ക്കാര്‍ തലത്തില്‍ കുറവാണ്. ഓസ്‌ട്രേലിയയില്‍ ഗര്‍ഭവതികളാകുന്ന സ്ത്രീകളില്‍ ശരാശരി നാലിലൊരാളുടെ ഗര്‍ഭം അലസപ്പെടുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതായത് പ്രതിവര്‍ഷം 1,03,000 കുടുംബങ്ങള്‍ ഈ ദുരന്തത്തിന് ഇരയാകുന്നു.

ഗര്‍ഭധാരണത്തിന്റെ 20 ആഴ്ചകള്‍ക്കുമുമ്പ് ഗര്‍ഭസ്ഥശിശുവിനെ നഷ്ടപ്പെടുന്ന അവസ്ഥയാണ് ഗര്‍ഭമലസല്‍. ഗര്‍ഭമലസലിന് വിധേയയായ മാതാവിന് കൂടുതല്‍ കരുതലും സംരക്ഷണവും ആവശ്യമാണ്. കുഞ്ഞിനെ നഷ്ടപ്പെട്ട് ആശുപത്രിയില്‍നിന്നും വീട്ടില്‍ മടങ്ങിയെത്തുന്ന മാതാവിന്റെ ഏകാന്തത ഭയാനകമാണ്. എല്ലാവരിലുംനിന്ന് ഒറ്റപ്പെട്ട മാനസികാവസ്ഥയിലുള്ള മാതാവിനെ സാധാരണ ജീവിതത്തിലേക്ക് തിരികെകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ആവശ്യമാണ്. ഇതിനായി ഓസ്‌ട്രേലിയയില്‍ നിരവധി കൂട്ടായ്മകള്‍ രൂപംകൊണ്ടിട്ടുണ്ട്. ഈ കൂട്ടായ്മകള്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പിന്തുണയും മാനസിക ധൈര്യവും നല്‍കുന്നുണ്ട്.

NO COMMENTS

LEAVE A REPLY