മാസംതികയാതെ പിറക്കുന്ന കുഞ്ഞുങ്ങളുടെ ജീവൻരക്ഷിക്കുവാൻ പുതിയ കണ്ടുപിടുത്തം.

0
683

സിഡ്‌നി : മാസം തികയാതെ പിറക്കുന്ന കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ചെറിയൊരു വിദ്യ സഹായകമാണെന്ന് ഓസ്‌ട്രേലിയന്‍ ഡോക്ടര്‍മാര്‍. മാസം തികയാതെ പിറക്കുന്ന കുഞ്ഞുങ്ങളുടെ പൊക്കിള്‍ക്കൊടി മുറിച്ച് കെട്ടുന്നത് 60 സെക്കന്‍ഡ് നേരത്തേക്ക് മാറ്റിവയ്ക്കുന്നതാണ് ഈ ചെറിയ ടെക്‌നിക്. ഈ നിസാര പരീക്ഷണം വന്‍ വിജയമാണെന്നാണ് സിഡ്‌നി യൂണിവേഴ്‌സിറ്റിയിലെ ഒരു സംഘം ഡോക്ടര്‍മാരുടെ അഭിപ്രായം. ഇതോടെ മാസം തികയാതെ പിറക്കുന്ന കുഞ്ഞുങ്ങളുടെ മരണസംഖ്യ മൂന്നിലൊന്നായി കുറയ്ക്കാന്‍ സാധിച്ചു.

37 ആഴ്ച തികയുന്നതിനുമുമ്പ് പിറന്ന മൂവായിരം കുഞ്ഞുങ്ങളിലാണ് ഈ പരീക്ഷണം നടത്തിനോക്കിയത്. പരീക്ഷണം വന്‍വിജയമായിരുന്നെന്നാണ് ഡോക്ടര്‍മാരുടെ സാക്ഷ്യം. പൂര്‍ണ വളര്‍ച്ചയെത്തിയ കുഞ്ഞുങ്ങളുണ്ടാകുമ്പോഴും ഈ രീതി സ്വീകരിച്ചത് കുഞ്ഞുങ്ങള്‍ക്ക് ഏറെ സഹായകരമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് സിഡ്‌നി യൂണിവേഴ്‌സിറ്റിയിലെ പ്രഫസര്‍ ജോനഥാന്‍ മോറീസ് പറഞ്ഞു. ഗര്‍ഭപാത്രത്തില്‍നിന്നു പുറത്തുവരുന്ന കുഞ്ഞുങ്ങള്‍ക്ക് പുറത്തെ അന്തരീക്ഷവുമായി പെട്ടെന്ന് ഇണങ്ങിച്ചേരാന്‍ ഈ മാര്‍ഗം സഹായിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ മാര്‍ഗം വളര്‍ച്ചയെത്താത്ത കുഞ്ഞുങ്ങളിലും ഏറെ ഗുണം ചെയ്തിട്ടുണ്ടെന്ന് പ്രഫസര്‍ മോറിസ് പറഞ്ഞു.

ഒരു മിനിറ്റ് കാത്തുനിന്നശേഷം പൊക്കിള്‍ക്കൊടി മുറിച്ച് കെട്ടുന്നത് ഒരു കുഞ്ഞിനെക്കൂടി രക്ഷിക്കാന്‍ സാധിക്കുന്ന മാര്‍ഗമാണ്. ഇത് വളരെ ലളിതമാണ്. അതുപോലെ ഫലപ്രദവും ജീവന്‍രക്ഷാകരവുമാണെന്ന് പ്രഫ. മോറീസ് അഭിപ്രായപ്പെടുന്നു. പൂര്‍ണ വളര്‍ച്ചയെത്താതെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ 60 സെക്കന്‍ഡിനുള്ളില്‍ ശ്വസിക്കാന്‍ തുടങ്ങും. 60 സെക്കന്‍ഡ് കാത്തുനിന്നശേഷം പൊക്കിള്‍കൊടി മുറിച്ച് കെട്ടുന്നത് കുഞ്ഞുങ്ങള്‍ക്ക് ശ്വസനസഹായി ഘടിപ്പിക്കുന്നത് ഒഴിവാക്കാനാകും. അതോടൊപ്പം രക്തം കയറ്റുന്നതും ഒഴിവാക്കാനാവുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ടെന്ന് മോറീസ് പറഞ്ഞു. ഈ മാര്‍ഗം ഉപയോഗിച്ച് യാതൊരു സാധ്യതയുമില്ലാതിരുന്ന നിരവധി കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY