പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിരോധിച്ചെക്കും. ശക്തമായ നടപടി ഉടനുണ്ടായേക്കും.

0
330

സിഡ്‌നി : പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ദേശീയ തലത്തില്‍ നിരോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പരിസ്ഥിതിക്ക് ഹാനികരമാകുന്ന പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോക്താക്കള്‍ക്കു നല്‍കില്ലെന്ന് സൂപ്പര്‍മാര്‍ക്കറ്റ് ഭീമന്‍മാരായ വൂള്‍വര്‍ത്തും കോള്‍സും കഴിഞ്ഞ ദിവസം അറിയിച്ചിട്ടുണ്ട്. ന്യൂ സൗത്ത് വെയില്‍സിലെ ഹാരീസ് ഫാം മാര്‍ക്കറ്റ്‌സും സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ബാഗുകളില്‍ ഉല്‍പന്നങ്ങള്‍ നല്‍കുന്നത് 12 മാസത്തിനുള്ളില്‍ നിറുത്തുമെന്ന് കഴിഞ്ഞദിവസം അറിയിച്ചു.

സൂപ്പര്‍മാര്‍ക്കറ്റുകളുടെ തീരുമാനം ന്യൂ സൗത്ത് വെയില്‍സ്, വിക്ടോറിയ, വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ എന്നീ സംസ്ഥാനങ്ങളിലെ ഉപയോക്താക്കളെ ബാധിക്കും. ചില സംസ്ഥാനങ്ങളും ടെറിട്ടറികളും ഇതിനകം പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ചില സംസ്ഥാനങ്ങള്‍ ഇതിനുള്ള നീക്കത്തിലാണ്. ഏക ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം പരിസ്ഥിതി വാദികളും മറ്റ് വ്യവസായ മേഖലകളും സ്വാഗതം ചെയ്തിട്ടുണ്ട്. ഓസ്‌ട്രേലിയയില്‍ ഏകദേശം ഏഴു ലക്ഷംകോടി പ്ലാസ്റ്റിക് ബാഗുകളാണ് പ്രതിവര്‍ഷം വിതരണം ചെയ്യപ്പെടുന്നത്.

രാജ്യത്തെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളുടെ തീരുമാനത്തിന്റെ വെളിച്ചത്തില്‍ ദേശീയതലത്തില്‍ പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിക്കാന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ തയാറാവണമെന്ന് നാഷണല്‍ റീട്ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ ചീഫ് ഡോമിനിഖ് ലാംപ് ആവശ്യപ്പെട്ടു. കൂടുതല്‍ കാലം ഈടുനില്‍ക്കുന്നതും പരിസ്ഥിതിക്ക് ഇണങ്ങുന്നതും പുനുരപയോഗത്തിന് ഉതകുന്നതുമായ പ്ലാസ്റ്റിക് ബാഗുകള്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ 15 സെന്റിന് ലഭ്യമാക്കുമെന്ന് വൂള്‍വര്‍ത്ത് അറിയിച്ചിട്ടുണ്ട്. രാജ്യത്തെ മാലിന്യങ്ങളില്‍ സുപ്രധാനമാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍. പരിസ്ഥിതിക്കു ഹാനികരമാകുന്ന ഇത്തരം മാലിന്യങ്ങള്‍ നിരോധിക്കാനുള്ള തീരുമാനമാണ് ഫെഡറല്‍ സര്‍ക്കാരില്‍നിന്ന് എല്ലാവരും പ്രതീക്ഷിക്കുന്നത്.

NO COMMENTS

LEAVE A REPLY