ബന്ധു നിയമന വിവാദം : ഇ പി.ജയരാജൻ രാജിവച്ചു.

0
1422

കൊച്ചി : നിയമനവിവാദത്തില്‍ അകപ്പെട്ട വ്യവസായ മന്ത്രി ഇപി ജയരാജന്‍ രാജിവെച്ചു. സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് രാജി. ഇപി ജയരാജനെതിരെയും പികെ ശ്രീമതിക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് സെക്രട്ടറിയേറ്റില്‍ ഉണ്ടായത് എന്നാണ് അറിയുവാൻ കഴിയുന്നത്. ബന്ധു നിയമനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനഘടകം തന്നെ നടപടികള്‍ കൈക്കൊളളട്ടെ എന്ന് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ വ്യക്തമാക്കിയതോടെ ജയരാജനെതിരെ പാർട്ടി തലത്തിൽ കര്‍ശന നടപടികള്‍ ജയരാജനെതിരെ ഉണ്ടാകുമോ എന്നാണ് എല്ലാവരും ഇനി ഉറ്റുനോക്കുന്നത്. എന്നാൽ പാർട്ടി നടപടിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു പാർട്ടി സെക്രട്ടറി പറഞ്ഞ മറുപടി അതൊക്കെ പിന്നീട് തീരുമാനിക്കുമെന്നാണ്.

പൊതുപ്രവര്‍ത്തകന്‍ എന്ന പദവി ദുരുപയോഗം ചെയ്തു സ്വയമോ, മറ്റുളളവര്‍ക്കോ അന്യായമായി സഹായം ചെയ്യുക, സര്‍ക്കാരിന് നഷ്ടമുണ്ടാക്കുക, ഇതിനുളള ശ്രമം നടത്തുക എന്നിങ്ങനെയുളള അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 13(1) ഡി,15 എന്നിവ പ്രകാരം ജയരാജനെതിരെ അന്വേഷണം നടക്കുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് സ്വന്തക്കാരെ നിയമിച്ച ജയരാജന്റെ നടപടി കഴിഞ്ഞ ഒരാഴ്ചയായി രാഷ്ട്രീയ കേരളം ഏറെ പ്രാധാന്യത്തോടെ ചർച്ച ചെയ്തിരുന്നു. . പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗം പി.കെ.ശ്രീമതി എംപിയുടെ മകന്‍ പി.കെ.സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ മാനേജിങ് ഡയറക്ടറായി നിയമിച്ചതടക്കമുള്ള നിയമനങ്ങളാണ് ജയരാജന്റെ രാജിയിലേക്കു നയിച്ചത്. ഇ.പി. ജയരാജന്റെ ഭാര്യാസഹോദരികൂടിയാണ് പി.കെ. ശ്രീമതി എന്നതും ശ്രെദ്ധേയമായിരുന്നു. പിണറായി മന്ത്രിസഭയിൽ നിന്നും നാലുമാസത്തിനകം വിവാദത്തിൽ പെട്ട് രാജിവക്കുന്ന മന്ത്രിയുടെ വകുപ്പ് തൽക്കാലം മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുമെന്നും പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു.

NO COMMENTS

LEAVE A REPLY