പിണറായി ഭരണത്തിൽ ഗുണ്ടകൾ അഴിഞ്ഞാടുന്നു.. കേരളത്തിന്റെ ക്രമസമാധാന നിലയെങ്ങോട്ട്.?

0
1382

സാധാരണക്കാരന്റെ സ്വര്യജീവിതം എന്ന സ്വപ്നം നമ്മുടെ നാട്ടിൽ ഇനി നടക്കുമോ ? എന്ത് തെമ്മാടിത്തരവും കാട്ടുന്നവന് സമൂഹത്തിൽ ഞെളിഞ്ഞു നടക്കുവാൻ അധികാരവർഗ്ഗം ഒത്താശ ചെയ്യുന്നോ? പണവും, സ്വാധീനവും, അല്പസ്വല്പം രാഷ്ട്രീയ ബന്ധവും കൂടിയുണ്ടെങ്കിൽ ഒരു തൊഴിലാളി സർക്കാരിനെപ്പോലും വിലക്കെടുക്കുവാൻ കഴിയുമോ ? ഇത്തരം ചോദ്യങ്ങൾക്ക് അല്പമെങ്കിലും ചെവികൊടുക്കാതെ നമുക്കോ, നമ്മുടെ നാട്ടിലെ സാധാരണക്കാർക്കോ മുന്നോട്ടു പോകുവാൻ കഴിയുമോ ?? ഇല്ല എന്നുതന്നെ പറയാതെ വയ്യ.

കഴിഞ്ഞ എട്ടു മാസത്തെ പിണറായി ഭരണം കേരളത്തെ എങ്ങോട്ടാണ് നയിക്കുന്നതെന്ന് ഏതൊരു മലയാളിയും ഇപ്പോൾ ഉൽക്കണ്ഠയോടെ വീക്ഷിക്കുന്ന കാര്യമാണ്. അധികാരത്തിന്റെ അകത്തളങ്ങളിൽ അഴിമതിയുടെ കറകഴുകിക്കളഞ്ഞ് അശ്വമേധം തെളിച്ച് സാധാരണക്കാരന് പ്രതീക്ഷയും, പ്രേത്യാശയും നൽകുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ “അദ്ധ്വാനവർഗം” കലുഷിതമാവുന്ന ക്രമസമാധാന നിലയിൽ മൗനം പാലിക്കുന്നതിൽ അത്ഭുതമില്ലേ ??

ആഭ്യന്തരം എന്ന വകുപ്പ് പല സർക്കാരിന്റെയും പ്രതിഛായക്ക് കളങ്കം വരുത്തിയിട്ടുണ്ടെങ്കിലും പിണറായി എന്ന കർക്കശക്കാരന്റെ കയ്യിൽ നിന്നും കേരളത്തിന്റെ സമാധാനാന്തരീക്ഷം പുനഃസ്‌ഥാപിക്കുവാൻ കഴിഞ്ഞില്ലെങ്കിലും നിലവിലുള്ള സ്‌ഥിതി തുടരുന്നതിനെങ്കിലും സൗകര്യം ഉണ്ടാവുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. പക്ഷെ കഴിഞ്ഞ കുറെ മാസങ്ങളായി ഗുണ്ടാരാജിനെ അനുസ്മരിപ്പിക്കുന്ന വിധമുള്ള ഭരണസംവിധാനമാണ് ഇപ്പോൾ കേരളത്തിൽ നടമാടുന്നതെന്നു പറയുന്നതിൽ അല്പം പോലും അതിശയോക്തി ഉണ്ടാവില്ല. മുഖ്യമന്ത്രിയുടെ പലപ്പോഴുമുള്ള പ്രസംഗങ്ങൾ പോലും ഒരു മുഖ്യമന്ത്രിയുടെ ഭാഷയേക്കാളേറെ രാഷ്ട്രീയ പ്രതികാരത്തിന്റെ ശൈലിയിലാവുന്നു. മുഖ്യനെ കാണുന്പോൾ മുട്ട് കൂട്ടിയിടിക്കുന്ന സ്പീക്കറുള്ള നിയമസഭയിൽപോലും ഇപ്പോൾ നടക്കുന്നത് നമ്മെ അന്പരപ്പിക്കുന്ന കാഴ്ചകളാണ്.

ക്രമസമാധാനനില തകര്‍ന്നു തരിപ്പണമായിരിക്കുന്നുവെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്ന അവസ്‌ഥയിലേക്കു കാര്യങ്ങൾ നീങ്ങുന്നു. കഴിഞ്ഞ എട്ടു മാസങ്ങളായി അക്രമങ്ങളുടെ വേലിയേറ്റമെല്ലെ കേരളത്തിലുണ്ടായിരിക്കുന്നത്. സംസ്‌ഥാന സർക്കാരിന്റെ കീഴിൽ തന്നെയുള്ള പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം തന്നെ ക്രമസമാധാന നിലയിൽ ആശങ്ക രേഖപ്പെടുത്തിയിരിക്കുന്നു എന്ന വെളിപ്പെടുത്തൽ നടത്തിയതോടെ ജനങ്ങൾ ഇനി ആരെ അഭയം പ്രാപിക്കുമെന്ന സംശയത്തിലാണ്. പിണറായി ആഭ്യന്തരവകുപ്പ് ഏറ്റെടുത്തതിനു ശേഷം കഴിഞ്ഞ എട്ടു മാസത്തിനുള്ളില്‍ സർക്കാർ കണക്കിൽ ഒന്നേമുക്കാല്‍ ലക്ഷം ക്രിമിനല്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. ഭരണതലത്തിലുള്ള ഇടപെടലുകള്‍ കാരണം കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടാതെ പോയ ആയിരക്കണക്കിന് സംഭവങ്ങള്‍ വേറെയുമുണ്ട്. സ്ത്രീസുരക്ഷയ്ക്ക് മുന്തിയ പരിഗണന നല്‍കുമെന്ന് തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലൂടെ വാഗ്ദാനം നല്‍കി അധികാരത്തില്‍ പിണറായി സര്‍ക്കാരിന്റെ കാലത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വന്‍തോതില്‍ വര്‍ധിച്ചിരിക്കയാണ്. സ്ത്രീസുരക്ഷയ്ക്കായി പ്രഖ്യാപിച്ച പദ്ധതികളെല്ലാം സമ്പൂര്‍ണമായി പരാജയപ്പെട്ടെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഈ കാലയളവില്‍ 3200 സ്ത്രീ പീഡന കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ പകുതിയിലേറെയും പ്രായപൂര്‍ത്തിയാകാത്ത കുഞ്ഞുങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങളാണ്. പൊതു ഇടങ്ങളില്‍ മാത്രമല്ല ജോലി സ്ഥലം, സ്‌കൂളുകള്‍, കോളജുകള്‍, വീട്ടകങ്ങള്‍ എന്നിവിടങ്ങളില്‍ വെച്ചാണ് സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നത്. മൂന്ന് വയസ്സുള്ള കുഞ്ഞുങ്ങള്‍ മുതല്‍ എണ്‍പത് കഴിഞ്ഞ വൃദ്ധകള്‍ വരെ പീഡനത്തിനിരയാകുന്നു. അക്രമത്തിന്റെ ഇരകളില്‍ സാധാരണക്കാര്‍ മാത്രമല്ല ഉയര്‍ന്ന സാമൂഹിക പദവികളിലുള്ള സ്ത്രീകള്‍ പോലും ഉള്‍പ്പെടുന്നു. ചതികളിലകപ്പെട്ടു പീഡനത്തിനിരയായ ആയിരക്കണക്കിന് സ്ത്രീകള്‍ മാനഹാനി ഭയന്നു പരാതിപ്പെടാതെ പോകുന്ന സംഭവങ്ങള്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്നില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഇടത് മുന്നണിയുടെ പ്രധാന മുദ്രാവാക്യങ്ങളിലൊന്നായിരുന്നു സ്ത്രീ സുരക്ഷ.

അതിക്രമവുമായി ബന്ധപ്പെട്ട് സംഭവങ്ങളില്‍ നൂറുകണക്കിന് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. സ്ത്രീകള്‍ക്ക് രക്ഷയില്ലാത്ത കാലമെന്ന് സാക്ഷാൽ പിണറായിയും, കമ്യൂണിസ്റ്റ് പാർട്ടിയും ആക്ഷേപിച്ച കഴിഞ്ഞ ഉമ്മൻചാണ്ടി ഭരണത്തില്‍ നടന്ന ക്രിമിനൽ കേസുകളെക്കാൾ 61000 എണ്ണം കൂടുതലാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന രീതിയിലുള്ള ദളിത് അക്രമങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. എട്ടു മാസങ്ങള്‍ക്കുള്ളില്‍ 7200 ദളിത്പീഡന കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. പല ദളിത് പീഡന കേസുകളും അനന്തര നടപടികള്‍ സ്വീകരിക്കാനാവാതെ പാതിവഴിയില്‍ ഒത്തുതീര്‍ക്കപ്പെടുന്നതോടെ വീണ്ടും ഇത്തരം അധിക്ഷേപങ്ങളും വര്ധിക്കുവാൻ ഇടയാവുകയാണ്. 2015 നെ അപേക്ഷിച്ചു 2016ല്‍ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളില്‍ വന്‍ വര്‍ധനവാണുണ്ടായിരിക്കുന്നത്. 2015ല്‍ 12, 383 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെങ്കില്‍ 2016 ല്‍ അത് 14061 ആയി ഉയര്‍ന്നു. മാനഭംഗ കേസുകള്‍ 1263ല്‍ നിന്ന് 16,44 ആയിവര്‍ധിച്ചു.

ഇതിനെല്ലാം പുറമെ രാഷ്ട്രീയ കൊലപാതകങ്ങളും അധികാരത്തിന്റെ തണലിൽ നടമാടുന്ന എന്നുകണക്കുകൾ ചൂണ്ടിക്കാട്ടുന്നു. എട്ടു മാസത്തിനുള്ളില്‍ 18 രാഷ്ട്രീയകൊലപാതകങ്ങളാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നത്. അതിന്റെ പകുതിയിലേറെ കൊലപാതകങ്ങള്‍ നടന്നത് മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരിലും സ്വന്തം നിയോജകമണ്ഡലമായ ധര്‍മ്മടം നിയോജകമണ്ഡലത്തിലുമാണ്.
ഭരണകക്ഷിയായ സി പി എമ്മും ക്വട്ടേഷന്‍ മാഫിയസംഘങ്ങളുമായുള്ള അവിഹിത ബന്ധമാണ് കേരളത്തില്‍ അക്രമവും കേസുകളും വര്‍ധിക്കാന്‍ കാരണമായതിന്നു പ്രതിപക്ഷവും, ബിജെപിയും പറയുന്നതിൽ അല്പമെങ്കിലും കാര്യമില്ലേ എന്ന് സംശയിക്കുവാൻ സാധാരണക്കാരൻ നിർബന്ധിതനാവുന്നു.

എത്ര നീചമായ അക്രമങ്ങള്‍ നടത്തിയാലും അധികാരത്തിന്റെ പിൻബലത്തിൽ പാര്‍ട്ടി സംരക്ഷിക്കുമെന്ന വിശ്വാസം വീണ്ടും ഇത്തരം സംഭവങ്ങൾ ഉണ്ടാവുന്നതിനു വഴിവച്ചിട്ടുണ്ട് എന്നാണ് വിലയിരുത്തൽ. കുറ്റവാളികൾക്ക് പിന്തുണ നൽകുന്ന സർക്കാർ എന്ന പരിവേഷം സമ്മാനിക്കുവാൻ ഇതിനകം തന്നെ പിണറായി സർക്കാരിനായിട്ടുണ്ട്. ജയിലിൽ കഴിയുന്ന പ്രതികളുടെ ശിക്ഷാ കാലാവധി വെട്ടിക്കുറക്കുവാൻ പോലും ശുപാർശ ചെയ്ത ഒരു സർക്കാർ ഭരിക്കുന്പോൾ ക്രമാസമാധാനനിലയിൽ സാധാരണക്കാരന് ആൽമഗതത്തോടെ ആശങ്കപ്പെടുക മാത്രമേ വഴിയുള്ളൂ. കൊടും ക്രിമിനലുകളായ 1850 ജയില്പുള്ളികളെ വിട്ടയക്കുന്നതിനുപോലും ശ്രമം നടത്തിയ സർക്കാരാണ് ഇപ്പോൾ കേരളം ഭരിക്കുന്നത്. അതുകൊണ്ടുതന്നെ സംസ്‌ഥാനത്തിന്റെ ക്രമസമാധാന നിലയിൽ ആശങ്കയുണ്ടാവുന്നതു സ്വാഭാവികം മാത്രം.

സംസ്‌ഥാനത്ത്‌ സംജാതമായ ഈ സാഹചര്യങ്ങളിൽ നിന്നും രക്ഷനേടുവാൻ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ഗൗരവമായി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അതിനായി ആദ്യം തയ്യാറെടുക്കേണ്ടത് സി.പി.എമ്മും, മുഖ്യമന്ത്രി പിണറായി വിജയനും ആണ്. വ്യക്തിപരമായ ഈഗോകൾ മാറ്റിവച്ച് സംസ്‌ഥാനത്തിന്റെ സമാധാനാന്തരീക്ഷം കാത്തുസൂക്ഷിക്കുവാൻ ആരുമായും സഹകരിക്കുവാൻ മാനസികമായി തയ്യാറെടുക്കുക എന്ന ദൗത്യം സി.പി.എമ്മും, ഒപ്പം ആഭ്യന്തര വകുപ്പും എത്രയും വേഗം ഏറ്റെടുക്കണം. അല്ലെങ്കിൽ നിലവിലുള്ള സംവിധാനത്തിൽ പ്രതീക്ഷ നഷ്ടപ്പെടുന്ന പൊതുസമൂഹം തെരുവിൽ ഏറ്റുമുട്ടുന്ന നാളുകൾ അതിവിദൂരമല്ല.

NO COMMENTS

LEAVE A REPLY