പെർത്തിൽ പബ്ലിക് ട്രാൻസ്‌പോർട്ട് ജനങ്ങൾ കൈവിടുന്നു. ബസ്സ് സർവീസ് കുറക്കുന്നു.

0
1249

പെർത്ത് : പെര്‍ത്തിലെ ജനങ്ങള്‍ പൊതു ഗതാഗത സംവിധാനത്തെ കൈവിടുന്നു. കണക്കനുസരിച്ച് തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും പൊതു ഗതാഗത സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു വരികയാണ്. ബസ്, ട്രെയിന്‍ എന്നിവ ഉപയോഗിക്കുന്നവരുടെ എണ്ണം കുറയുകയും സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയുമാണ്.

ട്രാന്‍സ്‌പെര്‍ത്തിന്റെ സേവനങ്ങള്‍ 2012-13 ല്‍ 14,96,97,303 യാത്രകള്‍ ആയിരുന്നു. എന്നാല്‍ ഓരോ വര്‍ഷം കഴിയുന്തോറും യാത്രകളുടെ എണ്ണം കുറഞ്ഞു വരികയായിരുന്നു. കഴിഞ്ഞവര്‍ഷം 14,08,56,706 ആയി കുറഞ്ഞു. പെര്‍ത്തിലെ രണ്ടു ദശലക്ഷത്തോളം വരുന്ന ജനങ്ങള്‍ ഒരു വര്‍ഷം 70 യാത്രകള്‍ പൊതുസംവിധാനത്തില്‍നിന്ന് ഒഴിവാക്കുന്നു. പൊതുഗതാഗത സംവിധാനത്തില്‍ മെച്ചമുള്ളത് ഫെറി സംവിധാനത്തിനു മാത്രമാണ്. സൗത്ത് പെര്‍ത്തില്‍നിന്ന് എലിസബത്ത് ക്വേയിലേക്കുള്ള യാത്രകളില്‍ കഴിഞ്ഞവര്‍ഷം 25 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്.

വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയന്‍ സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളാണ് ബസുകളോടും ട്രെയിനുകളോടുമുള്ള ആഭിമുഖ്യം കുറയാന്‍ കാരണമെന്നാണ് ജനങ്ങളുടെ അഭിപ്രായം. ചര്‍ച്ചകളില്‍ പങ്കെടുത്ത 450 പേരില്‍ ഭൂരിഭാഗവും തങ്ങളുടെ കാറുകളില്‍ യാത്രചെയ്യാനാണ് ഇഷ്ടപ്പെടുന്നത്. പൊതുഗതാഗതം ഉപയോഗിക്കണമെങ്കില്‍ ഒരാഴ്ച 90 ഡോളര്‍ ചെലവുവരുമെന്നും സ്വന്തം കാറിനാണെങ്കില്‍ ഇന്ധനത്തിന് 35 ഡോളര്‍ മതിയെന്നും ഒരാള്‍ പറഞ്ഞു. പൊതുഗതാഗതത്തിന് ചെലവാകുന്നതിനെക്കാള്‍ കുറഞ്ഞ തുകയില്‍ സ്വന്തം വാഹനം ഉപയോഗിക്കാമെന്നതാണ് പൊതുഗതാഗത സംവിധാനം ഉപേക്ഷിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്ന ഒരു ഘടകം.

ട്രെയിന്‍ സ്‌റ്റേഷനുകളില്‍ വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നതിന് ഫീസായി രണ്ടു ഡോളര്‍ നിരക്ക് നിശ്ചയിച്ചത് സ്ഥിരയാത്രക്കാരെ രോഷാകുലരാക്കിയിട്ടുണ്ട്. റെയില്‍വേ സ്‌റ്റേഷനുകളില്‍ തങ്ങളുടെ വാഹനങ്ങള്‍ പാര്‍ക്കു ചെയ്തതിനുശേഷം ട്രെയിനുകളില്‍ ജോലിസ്ഥലത്തേക്കു പോയിരുന്നവര്‍ വൈകിട്ട് തിരികെയെത്തിയാണ് തങ്ങളുടെ വാഹനങ്ങള്‍ കൊണ്ടുപോയിരുന്നത്. സ്‌റ്റേഷനുകളിലെ പാര്‍ക്കിംഗ് സൗജന്യമായിരുന്നു. എന്നാല്‍ 2014 ല്‍ ബാര്‍നെറ്റ് സര്‍ക്കാരാണ് പാര്‍ക്കിംഗ് ഫീസ് ഈടാക്കാന്‍ നിര്‍ദേശിച്ചത്. ഇതേത്തുടര്‍ന്ന് സ്ഥിരമായി ട്രെയിനുകളില്‍ യാത്രചെയ്തിരുന്നവര്‍ തങ്ങളുടെ വാഹനങ്ങളില്‍ ജോലിക്കുപോകുന്നതു പതിവാക്കി.

പൊതുഗതാഗത സംവിധാനം തങ്ങള്‍ക്കിഷ്ടപ്പെട്ട സ്ഥലങ്ങള്‍വരെയില്ലാത്തതും പൊതു വാഹനങ്ങളിലെ സുരക്ഷിതത്വത്തില്‍ ആശങ്കയുള്ളതും മിക്കവരും ബസുകളെയും ട്രെയിനുകളെയും ഉപേക്ഷിക്കാന്‍ കാരണമായി. നിരവധിപേര്‍ പൊതുഗതാഗത സംവിധാനം ഉപേക്ഷിച്ചെങ്കിലും നിരവധി സ്ഥിരയാത്രക്കാര്‍ ഇപ്പോഴും ട്രെയിനുകളിലെയും ബസുകളിലെയും യാത്ര ഇഷ്ടപ്പെടുന്നു. ഇനിയും കൂടുതല്‍പേരെ ഈ യാത്രകളിലേക്ക് ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍.

NO COMMENTS

LEAVE A REPLY